അബുദാബി: യുഎഇയിൽ മൂന്ന് പുതിയ ട്രാഫിക് ഫൈനുകൾ പ്രഖ്യാപിച്ചു. വിവിധ നിയമലംഘനങ്ങൾക്ക് രണ്ടായിരം ദിർഹം വരെ പിഴ ഈടാക്കുമെന്നാണ് അറിയിപ്പ്. അടിയന്തിര സാഹചര്യങ്ങളിലും, അത്യാഹിതങ്ങളോ പ്രകൃതി ദുരന്തങ്ങളോ കാലാവസ്ഥ പ്രതികൂലമാവുന്ന സാഹചര്യങ്ങളിലോ ഡ്രൈവർമാർ പൂർണമായും ഗതാഗത നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സുരക്ഷ ഉറപ്പാക്കുമാണ് പുതിയ നിയമത്തിലുടെ ലക്ഷ്യമിടുന്നത്.
മഴയുള്ള സമയത്ത് താഴ്‍വരകൾക്ക് സമീപവും വെള്ളപ്പൊക്കമുണ്ടാവുന്ന മറ്റ് സ്ഥലങ്ങൾക്ക് അടുത്തും ഡാമുകളുടെ പരിസരങ്ങളിലും കൂട്ടംകൂടുന്നതിന് ആയിരം ദിർഹം പിഴ ഈടാക്കും ഒപ്പം ഡ്രൈവിങ് ലൈസൻസിൽ ആറ് ബ്ലാക്ക് പോയിന്റുകളും ഇവർക്ക് ലഭിക്കും. വെള്ളപ്പൊക്കമുള്ള താഴ്‍വരകളിലേക്ക് പ്രവേശിച്ചാൽ അവിടങ്ങളിലെ അപകട സാധ്യത പരിഗണിക്കാതെ തന്നെ രണ്ടായിരം ദിർഹം പിഴ ചുമത്തും. ഇത്തരത്തിൽ പ്രവൃത്തിക്കുന്നവർക്ക് ഡ്രൈവിങ് ലൈസൻസിൽ 23 ബ്ലാക്ക് പോയിന്റുകളാണ് ലഭിക്കുന്നത്. ഇതിന് പുറമെ നിയമലംഘനത്തിന് ഉപയോഗിച്ച വാഹനം 60 ദിവസം കസ്റ്റഡിയിലെടുത്ത് സൂക്ഷിക്കും.
ഗതാഗത നിയന്ത്രണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരുടെ പ്രവർത്തനം തടസപ്പെടുത്തുക, ആംബുലൻസുകളുടെയോ അത്യാഹിത സാഹചര്യങ്ങളിലും ദുരന്ത സമയങ്ങളിലും മറ്റ് പ്രതിസന്ധി ഘട്ടങ്ങളിലും മഴയുള്ള സമയത്തും താഴ്‍വരകൾ നിറഞ്ഞൊഴുകുന്ന സമയങ്ങളിലുമൊക്കെ അടിന്തിര രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്ന വാഹനങ്ങൾക്ക് തടസം സൃഷ്ടിക്കുക എന്നിവയാണ് മറ്റൊരു നിയമലംഘനം. ഇത്തരത്തിൽ പ്രവൃത്തിക്കുന്നവർക്ക് ആയിരം ദിർഹം പിഴ ചുമത്തുകയും നാല് ബ്ലാക്ക് പോയിന്റുകൾ ലഭിക്കുകയും ചെയ്യും. ഇതിനു പുറമെ ഇവരുടെ വാഹനങ്ങൾ 60 ദിവസം കസ്റ്റഡിയിൽ പിടിച്ചുവെയ്ക്കും.