ചെന്നൈ: കർണാടക തെരഞ്ഞെടുപ്പ് വിജയത്തിൽ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ച് കമൽ ഹാസൻ. സുപ്രധാന വിജയത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്ന് കമൽ ഹാസൻ പറഞ്ഞു. ഭിന്നിപ്പിനെ തള്ളിക്കളയാൻ കർണാടകയിലെ ജനങ്ങളിൽ വിശ്വാസമർപ്പിച്ചു. അവർ രാഹുലിൽ വിശ്വാസമർപ്പിച്ച് ഐക്യത്തോടെ പ്രതികരിച്ചു. വിജയത്തിന് മാത്രമല്ല, വിജയത്തിന്റെ രീതിക്കും അഭിനന്ദനങ്ങളെന്നും കമൽ ഹാസൻ പറഞ്ഞു.
അതേസമയം, കർണാടക തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടിയ കോൺഗ്രസിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരുന്നു. ട്വിറ്ററിലാണ് പ്രധാനമന്ത്രിയുടെ ആശംസാകുറിപ്പ്. ജനാഭിലാഷം നിറവേറ്റുന്നതിന് ആശംസകളെന്ന് മോദി പറഞ്ഞു. പിന്തുണച്ചവർക്ക് നന്ദി. ബിജെപി പ്രവർത്തകരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നു. വരും കാലങ്ങളിൽ കൂടുതൽ ഊർജസ്വലതയോടെ കർണ്ണാടകയെ സേവിക്കുമെന്നും മോദി ട്വീറ്റ് ചെയ്തു.
കർണാടകയെ ഒറ്റയ്ക്ക് ഭരിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. രാജ്യം ഉറ്റുനോക്കിയ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നിലം പരിശാക്കിയാണ് കോൺഗ്രസ് മിന്നും ജയം നേടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം ക്യാമ്പ് ചെയ്തു പ്രവർത്തിച്ചിട്ടും ഏശാതെപോയ കന്നടമണ്ണിൽ തീരമേഖലയിലും ബംഗളൂരുവിലും ഒഴികെ എല്ലായിടത്തും ബിജെപി തകർന്നടിഞ്ഞു. ഹിന്ദുത്വ കാര്‍ഡ‍് ഇറക്കി കളിച്ചിട്ടും പാര്‍ട്ടിക്ക് ജയിക്കാനായില്ല. നാൽപതു ശതമാനം കമ്മീഷൻ ആരോപണത്തിലും ഭരണ വിരുദ്ധ തരംഗത്തിലും പാര്‍ട്ടി അടി തെറ്റി വീണു. ജീവന്മരണ പോരാട്ടത്തിന് ഇറങ്ങിയ കോണ്‍ഗ്രസ് പ്രവചനങ്ങളെല്ലാം തെറ്റിച്ച ജയമാണ് കര്‍ണാടകത്തിൽ നേടിയത്. സർവ മേഖലകളിലും വോട്ടു ശതമാനം ഉയർത്തിയ കോൺഗ്രസ് ആധികാരിക ജയമാണ് നേടിയത്.