കൊച്ചി: വ്യാജ വാര്‍ത്ത നല്‍കി മാനഹാനിയുണ്ടാക്കിയതിന് മറുനാടന്‍ മലയാളി യുട്യൂബ് ചാനലിനെതിരെ മാനനഷ്ടക്കേസുമായി നടന്‍ പൃഥ്വിരാജ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വീകരിച്ച നടപടികള്‍ക്ക് 25 കോടി രൂപ പിഴ അടച്ചുവെന്ന വ്യാജ വാര്‍ത്തക്കെതിരെയാണ് നിയമ നടപടി സ്വീകരിക്കുകയെന്നു നടന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.
പ്രൊപ്പഗന്റ സിനിമകള്‍ നിര്‍മിക്കുന്നുവെന്ന ആരോപണവും പൃഥ്വിരാജിനെതിരെ മറുനാടന്‍ വീഡിയോ പ്രചരിപ്പിച്ചിരുന്നു. അസത്യവും അടിസ്ഥാനരഹിതവും അധിക്ഷേപകരവുമായ വ്യാജ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പ്യഥ്വിരാജ് അറിയിച്ചു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില സംബന്ധിച്ച് വ്യാജ വാർത്ത നൽകിയതിന് മറുനാടൻ മലയാളി ഓൺലൈൻ മാധ്യമത്തിനും ഷാജൻ സ്‌കറിയക്കുമെതിരെ ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ മാനനഷ്‌ട കേസ് ഫയൽ ചെയ്തു. തുടർച്ചയായി പിതാവിന്റെ ആരോഗ്യ സംബന്ധമായും കുടുംബത്തിനെതിരെയും വാസ്‌തവ വിരുദ്ധമായ വാർത്തകൾ നൽകുന്നതിനാലാണ് നോട്ടിസ് അയച്ചതെന്ന് മകൻ ചാണ്ടി ഉമ്മൻ ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.
നേരത്തെ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി പത്തു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മറുനാടൻ മലയാളിക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
താൻ രണ്ടാമതും വിവാഹം കഴിച്ചെന്നുള്ള വ്യാജപ്രചാരണം നടത്തി തന്നെ അപകീര്‍ത്തിപ്പെടുത്തുകയും തന്റെ വിശ്വാസ്യതയെ വ്രണപ്പെടുത്തിയതിനും പത്തു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു മറുനാടൻ യുട്യൂബ് ചാനലിന് എം.എ യൂസഫലി അലി വക്കീല്‍ നോട്ടീസ് അയച്ചത്.