കൊല്ലം: മകനെ സിനിമയില്‍ അഭിനയിപ്പിക്കാമെന്നു വാഗ്ദാനം നല്കി വീട്ടമ്മയില്‍നിന്നു ലക്ഷങ്ങള്‍ തട്ടിയ മലപ്പുറം സ്വദേശി അറസ്റ്റില്‍. നിലമ്പൂര്‍ എടക്കര അറക്കാപ്പറമ്പില്‍ ജോസഫ് തോമസിനെ(52)യാണ് കൊല്ലം റൂറല്‍ സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. ഇളമ്പള്ളൂര്‍ സ്വദേശിനിയാണ് തട്ടിപ്പിനിരയായത്.
ടിക്കി ആപ്പിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. സിനിമാനിര്‍മാതാവാണെന്നു പരിചയപ്പെടുത്തിയ ജോസഫ് തോമസ് അടുത്ത സിനിമയില്‍ വീട്ടമ്മയുടെ മകന് അവസരം നല്‍കാമെന്ന് വാക്കുനല്കി. ചലച്ചിത്രതാരങ്ങളുമൊത്തു നില്ക്കുന്ന ചിത്രങ്ങള്‍ കാട്ടിയാണ് സിനിമാനിര്‍മാതാവാണെന്നു ബോധ്യപ്പെടുത്തിയത്. തുടര്‍ന്ന് സിനിമയുടെ ആവശ്യത്തിലേക്കെന്ന പേരില്‍ ആറുലക്ഷത്തോളം രൂപ ഗൂഗിള്‍ പേ മാര്‍ഗം കൈക്കലാക്കിയെന്നായിരുന്നു പരാതി. തട്ടിപ്പു മനസ്സിലാക്കി പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ അധിക്ഷേപിച്ചതായും പരാതിയുണ്ട്.
സമാനമായ തട്ടിപ്പ് ജോസഫ് തോമസ് പലയിടത്തും നടത്തിയിട്ടുള്ളതായാണ് പോലീസിനു ലഭിച്ച വിവരം.