LIFEReligion

ജീവകാരണ്യ രംഗത്തും സാമൂഹിക സേവന രംഗത്തും വനിതാ സമാജത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ശ്രേഷ്ഠ കാതോലിക്ക ബാവ

കോട്ടയം: ജീവകാരണ്യ രംഗത്തും സാമൂഹിക സേവന രംഗത്തും വനിതാ സമാജത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് ശ്രേഷ്ഠ കാതോലിക്ക ബാവ ആബൂൻ മോർ ബസേലിയോസ്‌ തോമസ്‌ പ്രഥമൻ. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ അഖില മലങ്കര മർത്തമറിയം വനിതാ സമാജത്തിന്റെ നവതി സമാപന പൊതുസമ്മേളനം തിരുവഞ്ചൂർ തൂത്തൂട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അഖില മലങ്കര മർത്തമറിയം വനിതാ സമാജം പ്രസിഡന്റ്‌ സഖറിയാസ്‌ മോർ പീലക്സിനോസ്‌ അധ്യക്ഷത വഹിച്ച യോഗത്തിൽ മലങ്കര കത്തോലിക്ക സഭ തിരുവല്ല അതിരൂപത ആർച്ച്‌ ബിഷപ്പ്‌ ഡോ. തോമസ്‌ മോർ കൂറിലോസ് ചികിത്സാ സഹായ വിതരണോദ്ഘാടനവും ക്നാനായ കത്തോലിക്ക കോട്ടയം അതിരൂപത സഹായ മെത്രാൻ ഗീവർഗീസ്‌ മോർ അഫ്രേം മെത്രാപ്പോലീത്ത മിസ്‌. കെ.കെ. മേരിക്കുട്ടി എൻഡോവ്മെന്റ്‌ വിതരണവും വിദ്യാഭ്യാസ സഹായം ഉദ്ഘാടനവും നിർവഹിച്ചു.

കാലംചെയ്ത സഖറിയാസ്‌ മോർ പോളികാർപ്പോസ്‌ മെത്രാപ്പോലീത്തായുടെ സ്മരണാർത്ഥം യൂറോപ്പ്‌ ഭദ്രാസനത്തിലെ മാൾട്ട സെന്റ്‌ മേരീസ്‌ പള്ളി ആരംഭിച്ച സ്വയം തൊഴിൽ പദ്ധതി ഉദ്ഘാടനവും 200ൽ താഴെ ഇടവക അംഗങ്ങളുള്ള ദൈവാലയങ്ങളിലെ യൂണിറ്റുകളിൽനിന്നും മികച്ച യൂണിറ്റിന്‌ യുറോപ്പ്‌ ഭദ്രാസനം മർത്തമറിയം വനിതാ സമാജം നൽകുന്ന ക്യാഷ്‌ അവാർഡ് വിതരണവും എം.എസ്.ഒ.ടി. സെമിനാരി റസിഡന്റ് മെത്രാപ്പോലീത്തയും യൂറോപ്പ്‌ ഭദ്രാസനാധപനുമായ ഡോ. കുര്യാക്കോസ്‌ മോർ തെയോഫീലോസ് നിർവഹിച്ചു.

ക്നാനായ അതിഭദ്രാസനം റാന്നി മേഖലാധിപൻ കുറിയാക്കോസ് മോർ ഈവാനിയോസ് ഭവനി നിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനവും ആതുരാലയങ്ങൾക്ക് സഹായ പദ്ധതി ഉദ്ഘാടനം തോമസ്‌ ചാഴിക്കാടൻ എം.പിയും വിവാഹ സഹായ പദ്ധതി ഉദ്ഘാടനം മുംബൈ ഭദ്രാസനാധിപൻ തോമസ് മോർ അലക്സന്ത്രയോസും ഡയാലിസിസ്‌ കിറ്റ്‌ വിതരണോദ്ഘാടനം മലബാർ ഭദ്രാസനാധിപൻ ഗീവറുഗീസ്‌ മോർ സ്തേഫാനോസും നിർവഹിച്ചു. നിരണം ഭദ്രാസനാധിപൻ ഗീവറുഗീസ്‌ മോർ കൂറിലോസ്‌ സമാപന സന്ദേശം നൽകി. യോഗത്തിൽ 90 വയസ്സിന്‌ മുകളിൽ പ്രായമുള്ളവരെ ആദരിച്ചു. ഫാ. കുര്യാക്കോസ്‌ കടവുംഭാഗം, അമ്മിണി മാത്യു എന്നിവർ പ്രസംഗിച്ചു.

Back to top button
error: