പൂനെ: പാകിസ്താൻ ചാരസംഘടനയ്ക്ക് രഹസ്യ വിവരങ്ങള്‍ കൈമാറിയെന്ന കേസില്‍ അറസ്റ്റിലായ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനിലെ (DRDO) ശാസ്ത്രജ്ഞന്‍ പ്രദീപ് കുരുല്‍ക്കറിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ പ്രതിപക്ഷ കക്ഷിയായ എന്‍സിപി പൂനെയിലെ ബാലഗന്ധര്‍വ ചൗക്കില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
ആര്‍എസ്‌എസുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രദീപ് കുരുല്‍ക്കറെന്ന ആരോപണങ്ങള്‍ക്കിടെയായിരുന്നു എന്‍സിപി പ്രതിഷേധം. ‘പാകിസ്ഥാന്റെ ഏജന്റ് ആരാണ്, ആര്‍എസ്‌എസ് സഹപ്രവര്‍ത്തകന്‍ ആരാണ്’, തുടങ്ങിയ മുദ്രാവാക്യങ്ങളും എന്‍സിപി പ്രതിഷേധത്തില്‍ ഉയര്‍ന്നു. പ്രതിപക്ഷ പാര്‍ട്ടിയിലെ ഒരു നേതാവ് പ്രസ്താവന നടത്തിയാല്‍ ഉടന്‍ തന്നെ ഭരണകക്ഷിയായ ബിജെപി കേസെടുത്ത് നടപടിയെടുക്കാറുണ്ടെന്ന് എന്‍സിപി പൂനെ സിറ്റി പ്രസിഡന്റ് പ്രശാന്ത് ജഗ്താപ് പറഞ്ഞു.
കഴിഞ്ഞ 40 വര്‍ഷമായി പ്രദീപ് കുരുല്‍ക്കര്‍ ഡിആര്‍ഡിഒയില്‍ വിവിധ തസ്തികകളില്‍ ജോലി ചെയ്തിട്ടുണ്ട്.എന്നാല്‍ ഇതേ വ്യക്തി തന്നെയാണ് പാകിസ്ഥാന് വിവരങ്ങള്‍ നല്‍കിയതെന്നാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പ്രദീപ് കുരുല്‍ക്കര്‍ ആര്‍എസ്‌എസില്‍ വിവിധ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.രാജ്
ആര്‍എസ്‌എസുമായുള്ള തന്റെ ബന്ധത്തിന് തലമുറകളുടെ പഴക്കമുണ്ടെന്ന് കഴിഞ്ഞ വര്‍ഷം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രദീപ് കുരുല്‍ക്കര്‍ വെളിപ്പെടുത്തിയിരുന്നു. സവര്‍ക്കര്‍ സ്മൃതി ദിനത്തില്‍ ആര്‍എസ്‌എസ് ചടങ്ങില്‍ പങ്കെടുത്ത് പ്രദീപ് സംസാരിക്കുന്ന ചിത്രവും സോഷ്യല്‍ മീഡിയയിൽ വൈറലായിരുന്നു.
ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിന്റെ വളരെ പ്രധാനപ്പെട്ട സ്ഥാപനമാണ് ഡിആര്‍ഡിഒ.പാകിസ്താന്‍ ഇന്റലിജന്റ്‌സ് ഓപറേറ്റീവിന്റെ വനിതാ ഏജന്റിനായിരുന്നു പ്രദീപ് വിവരങ്ങൾ കൈമാറിയത്.
.