മലപ്പുറം: മലപ്പുറം പരപ്പനങ്ങാടി കേട്ടുങ്ങൽ ബീച്ചിൽ വിനോദയാത്രാ ബോട്ട് മുങ്ങിയുള്ള അപകടത്തിൽ മരണസംഖ്യ ഉയരുന്നു. ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വിവരത്തിൻറെ അടിസ്ഥാനത്തിൽ 12 മരണം സ്ഥിരീകരിച്ചു. 20 പേരെ ഇതിനകം രക്ഷപ്പെടുത്താനായിട്ടുണ്ട്. രക്ഷാ പ്രവർത്തനം തുടരുകയാണ്. കൂടുതൽ പേർ ബോട്ടിൽ ഉണ്ടായിരുന്നു എന്നാണ് വിവരം. 35 ലധികം പേർ ബോട്ടിലുണ്ടായിരുന്നു എന്ന് പ്രദേശവാസികൾ പറയുന്നു. മരിച്ചവരിൽ ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെടുന്നു. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
രക്ഷാപ്രവർത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മലപ്പുറത്തു നിന്നും കോഴിക്കോട് നിന്നും കൂടുതൽ ഫയർ യൂണിറ്റുകൾ രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. താനൂരിന് അടുത്ത് ഓട്ടുമ്പ്രം തൂവൽ തീരം എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. കയറാവുന്നതിനേക്കാൾ കൂടുതൽ ആളുകൾ ബോട്ടിലുണ്ടായിരുന്നുവെന്ന് സംശയം. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് ബോട്ടിലുണ്ടായിരുന്നതെന്നും പ്രദേശവാസികൾ പറയുന്നുർ.
മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങിയ സംഭവത്തിൽ ഏകോപിതമായി അടിയന്തിര രക്ഷാപ്രവർത്തനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറം ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകി. മുഴുവൻ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടൽ നടന്നു വരികയാണ്. താനൂർ, തിരൂർ ഫയർ യൂണിറ്റുകളും പോലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും, നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്മാൻ എന്നിവർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കും. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
മലപ്പുറം താനൂരിൽ ബോട്ടപകടത്തിൽ പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സയൊരുക്കാനും മതിയായ ക്രമീകരണങ്ങളൊരുക്കാനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. മഞ്ചേരി മെഡിക്കൽ കോളേജിലും സർക്കാർ ആശുപത്രികളിലും കൂടുതൽ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളിലും സർക്കാർ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കി.