FoodNEWS

ലോകത്തിലെ ഏറ്റവും വലിയ ചക്ക; അറിയാം കേരളത്തിന്റെ ചക്കവിശേഷങ്ങൾ

ലോക്ഡൗൺ കാലത്ത് മലയാളിയുടെ അടുക്കളയിലെ പഞ്ഞമകറ്റിയിരുന്നത് ചക്കയും അതില്‍ നിന്നുള്ള വിവിധ വിഭവങ്ങളുമായിരുന്നു.ചക്ക പൊരിച്ചത് മുതല്‍ ചക്ക പായസം വരെ പരീക്ഷിച്ച മലയാളികള്‍ക്കിടയിലേക്കാണ് വിവിധ വലുപ്പത്തിലുള്ള ചക്കകളും വാര്‍ത്തകളായി ഇറങ്ങി തുടങ്ങിയത്. ഈ നിരയിലേക്ക് ഗാംഭീര്യത്തോടെ തന്നെ വന്നിറക്കിയിരിക്കുകയാണ് എറണാകുളം ആയവനയിലെ ഭീമന്‍ ചക്ക.ആയവന ഏനാനല്ലൂർ വടക്കേക്കര നാരയണന്‍റെ വീട്ടുവളപ്പിലെ വരിക്കപ്ലാവിലാണ് 53.5 കിലോയില്‍ തൂക്കം വരുന്ന ഭീമൻ ചക്ക പിറവിയെടുത്തത്.

നേരത്തെ കൊല്ലം അഞ്ചലില്‍ നിന്നും, വയനാട്ടില്‍ നിന്നുമുള്ള ചക്കകള്‍ വലുപ്പത്തിന്‍റെ റെക്കോര്‍ഡ് കൊണ്ട് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇത് വരെയുള്ളതില്‍ തിരുവനന്തപുരം, വെമ്പായത്തുനിന്നുള്ള ചക്കയാണ് തൂക്കത്തിലും നീളത്തിലും ഒന്നാമതായിരിക്കുന്നത്. 68.5 കിലോ തൂക്കവും ഒരു മീറ്റർ നീളവുമായിരുന്നു.ഇതിന് തൊട്ടുപിറകിലാണ് എറണാകുളം ആയവനയിലെ ഭീമന്‍ ചക്ക ഇടം പിടിച്ചിരിക്കുന്നത്.

കേരളത്തിന്റെ ഔദ്യോഗിക ഫലമാണ് ചക്ക.സംസ്ഥാന കാര്‍ഷിക സ്ഥിതി വിവര കണക്കുകള്‍ പ്രകാരം 28.6 കോടി ചക്കകളാണ് ഒരു സീസണില്‍ കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നത്.ഇതിൽ 5.7 കോടി ചക്കകളാണ് ഇടുക്കി ജില്ലയില്‍ ഓരോ സീസണിലും ശരാശരി ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്.

ചക്ക ഉല്‍പ്പാദനത്തില്‍ രണ്ടാമത് വയനാടും തിരുവന്തപുരവുമാണ് 2.6 കോടി ചക്കകളാണ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. 60 ലക്ഷം മാത്രം ഉല്‍പ്പാദനമുള്ള ആലപ്പുഴയാണ് ഏറ്റവും പുറകില്‍. മലപ്പുറം 2.4 കോടി, കോഴിക്കോട് 2.4 കോടി, പാലക്കാട് 2.1 കോടി, കൊല്ലം 1.9 കോടി, തൃശൂര്‍ 1.6 കോടി, കണ്ണൂര്‍ 1.5 കോടി, എറണാകുളം 1.5 കോടി, കോട്ടയം 1.4 കോടി, കാസര്‍കോട് 1.2 കോടി, പത്തനംതിട്ട 1.1 കോടി എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ ചക്ക ഉല്‍പ്പാദനം.
Signature-ad

വീട്ടുമുറ്റത്തു കാര്യമായി വെള്ളമോ വളമോ നൽകാതെയും മരുന്നടിക്കാതെയും കിട്ടുന്ന ചക്ക അനുഗ്രഹമാണ്. പൂർണമായും ജൈവമായ ഫലം എന്ന പ്രത്യേകതയും ചക്കയ്ക്കുണ്ട്. വാണിജ്യാടിസ്ഥാനത്തിൽ മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റിയാൽ വർഷം 30,000 കോടിയുടെ വരുമാനമുണ്ടാക്കാം.

60 മുതൽ 100 രൂപ വരെയാണു നാട്ടിൽ ചക്കയ്ക്കു വില.ഗൾഫ് രാഷ്ട്രങ്ങളിലെ സൂപ്പർ മാർക്കറ്റുകളിൽ വില അയ്യായിരത്തിലും മുകളിൽ. പാകമാകും മുമ്പേയുള്ള ഇടിച്ചക്കയ്ക്കാണു വില കൂടുതൽ‌.ഫുഡ് സപ്ലിമെന്റിന്റെയും ഹെൽത്ത് ഡ്രിങ്കിന്റെയും അവശ്യഘടകമായി ഇടിച്ചക്കയാണ് ഉപയോഗിക്കുന്നത്.

ഇതരസംസ്ഥാനങ്ങളിൽ ചക്കയിൽനിന്ന് ഒട്ടേറെ മൂല്യവർധിത ഉൽപന്നങ്ങളും രുചിയേറും വിഭവങ്ങളും നിർമിക്കുന്നുണ്ട്. ജാക്ക് ജാഗറി സ്വീറ്റ്, സ്പൈസി ജാക്ക് റോസ്റ്റ്, ഗോൾഡൻ ജാക്ക് മിക്സ്ചർ എന്നിവയൊക്കെ സ്റ്റാർ ഹോട്ടലിലെ വിഭവ പട്ടികയിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു.

ചക്ക ചോക്ലേറ്റ്, ടോഫി, ബർഫി, ഉണക്കച്ചക്ക, ചക്കപ്പൊടി, ചക്കപ്പഴം ഉണക്കിയത്, ചക്കത്തെര, ചക്ക പപ്പടം, ചക്കമടൽ അച്ചാറ്, ഇടിച്ചക്ക അച്ചാറ്, ഇടിച്ചക്ക കട്ട്ലറ്റ്, ഇടിച്ചക്ക ലഡ്ഡു, ചക്ക കുമ്പിളപ്പം, ചക്ക ജെല്ലി, ചക്ക വറ്റൽ, ചക്ക സിപ് അപ്, ചക്ക ഐസ്ക്രീം, ചക്കക്കുരു പൊടി, ചക്ക ചകിണി മിക്സ്ചർ, ചക്കക്കുരുകൊണ്ടുള്ള അവലോസുപൊടി, ചക്കയുടെ മുള്ളുകൾ ഉണക്കി ദാഹശമിനിയായി ഉപയോഗിക്കാം.

ഇടച്ചക്കകൊണ്ടുള്ള തോരൻ, മെഴുക്കുപുരട്ടി, കട്‌ലറ്റ്, സമോസ, പഫ്സ്, പച്ചച്ചക്കയിൽനിന്നു വിവിധയിനം ചിപ്സുകൾ, മിക്സ്ചർ, പഴച്ചാറുള്ള ചക്കയിൽനിന്നു സ്ക്വാഷ്, വൈൻ, ഹൽവ, ചക്കവരട്ടിയത്, ചക്കക്കുരുകൊണ്ടുള്ള വിവിധ കറികൾ, ചമ്മന്തിപ്പൊടി തുടങ്ങിയവ തയാറാക്കാം. കേരളത്തിലെ വിവിധ ഗവേഷണ സ്ഥാപനങ്ങൾ 200 ൽ അധികം മൂല്യവർധിത ചക്ക ഉൽപന്നങ്ങൾ നിർമിക്കാമെന്നു കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ വീട്ടമ്മമാർ ചക്കവരട്ടി, ചക്കത്തെര, കുമ്പിളപ്പം, ചക്ക വറുത്തതു തുടങ്ങിയ ഉൽപന്നങ്ങൾ നിർമിച്ചു വിൽപന നടത്തുന്നുണ്ട്. ചക്കകൊണ്ടു സ്വാദിഷ്ടമായ നൂഡിൽസും ബിരിയാണിയും വരെ ഉണ്ടാക്കാമെന്നു തെളിയിച്ചിട്ടുണ്ട്.

 

ലോകത്തിലെ ഏറ്റവും വലുപ്പം കൂടിയ പഴവർഗം; ഔഷധമൂല്യം… മുറ്റത്തെ മുല്ലയ്ക്കു മണമില്ലാത്തതുപോലെ, മലയാളികൾ ഇന്നും വിപണി മൂല്യം മനസ്സിലാക്കാതെ അവഗണിച്ചിട്ടിരിക്കുന്ന ഒന്നാണ് ചക്ക.എടുത്താൽ പൊങ്ങാത്ത വില കൊടുത്ത് വിഷമടിച്ച പഴങ്ങൾ വാങ്ങിത്തിന്നേണ്ടി വരുന്നവർ ഇനിയെങ്കിലും ഒന്ന് ശ്രദ്ധിക്കുക.

Back to top button
error: