വേനൽമഴ ശക്തി പ്രാപിച്ചു.ഇനി കൃഷിയിറക്കാനുള്ള സമയമാണ്.വിത്തും കൈക്കോട്ടുമായി മണ്ണിലേക്കിറങ്ങാം. അടുക്കളമുറ്റം പച്ചക്കറി തോട്ടമാക്കി സ്വയംപര്യാപ്‌തത കൈവരിക്കാം.കാലമറിഞ്ഞു കൃഷിയിറക്കിയാൽ പലതുണ്ടു മെച്ചം. കീടബാധ കുറയും, വിളവു കൂടും, ജലക്ഷാമം നേരിടില്ല.
പയർ
പയർ കൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയം മഴക്കാലമാണ്. തടങ്ങളോ വാരങ്ങളോ എടുത്തു വേണം പയർ വിത്ത് നടാൻ.
പച്ചച്ചീര
മഴക്കാലത്തു കൃഷി ചെയ്യാവുന്നതു പച്ചച്ചീരയാണ്. ചുവന്ന ചീരയിൽ ഈ സമയത്ത് ഇലപ്പുള്ളി രോഗം വ്യാപകമായിരിക്കും.നീർവാർച്ചയുള്ള സ്‌ഥലമാണു ചീരക്കൃഷിക്ക് അഭികാമ്യം. ചാലുകളെടുത്തോ തടമെടുത്തോ ചീര പറിച്ചുനടാം.ഗോമൂത്രം നേർപ്പിച്ചത്, കപ്പലണ്ടിപ്പിണ്ണാക്ക്, എല്ലുപൊടി, ചാണകം, ജൈവവളം എന്നിവയാണു വളങ്ങൾ.
ഇഞ്ചി, മഞ്ഞൾ
കഴിഞ്ഞ വർഷങ്ങളിൽ നട്ട ഇഞ്ചിയും മഞ്ഞളും മഴ പെയ്തതോടെ മുള വന്നുതുടങ്ങും.ഇവ പറിച്ചെടുത്തു മുളയുള്ള ഭാഗം വീണ്ടും നടാം.തടമെടുത്ത് അതിൽ ചെറിയ കുഴികളിലായാണ് നടേണ്ടത്.
വെണ്ട
മെയ്–ജൂൺ സീസണിൽ ആരംഭിക്കുന്ന വെണ്ടക്കൃഷിയാണ് ഏറ്റവും വിളവു തരുന്നത്. മണ്ണിന്റെ ഘടനയനുസരിച്ചു കുഴികളോ ചാലുകളോ എടുത്തു വിത്തു നടാം. ചെടികൾ തമ്മിൽ ഒരടിയും വരികൾ തമ്മിൽ രണ്ടടിയും അകലം വേണം.
വഴുതന
കുറഞ്ഞ ചെലവിൽ ആദായകരമായി കൃഷി ചെയ്യാവുന്ന ഒന്നാണ് വഴുതന. ദീർഘകാല വിളയുമാണ്. വിത്തുപാകി പറിച്ചുനടണം.വിത്ത് ഇപ്പോൾ പാകി ജൂൺ ആദ്യത്തോടെ പറിച്ചുനടുന്നതു മികച്ച വിളവു തരും.വാരങ്ങൾ തമ്മിലും തൈകൾ തമ്മിലും രണ്ടടി അകലം വേണം. ചാണകം, കപ്പലണ്ടിപ്പിണ്ണാക്ക്, എല്ലുപൊടി, ചാരം എന്നിവയാണു പ്രധാന വളം.
പാവൽ
തടമെടുത്തും ചാൽ കീറിയും വിത്തു നടാം. തടങ്ങൾ തമ്മിൽ ആറ് അടി അകലം വേണം. ഒരു തടത്തിൽ 4–5 വിത്തു കുത്താം.ചാണകം, കപ്പലണ്ടിപ്പിണ്ണാക്ക്, എല്ലുപൊടി, ചാരം എന്നിവ പ്രധാന വളങ്ങൾ.
പച്ചമുളക്
അധികം ബുദ്ധിമുട്ട് ഒന്നുമില്ലാതെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് പച്ച മുളക്. നമുക്കു എല്ലാ ദിവസവും വേണ്ട ഒരു പച്ചക്കറിയും കൂടിയാണ് പച്ച മുളക്.മെയ് മാസമാണ് പച്ചമുളക് കൃഷിക്ക് ഏറ്റവും അനുയോജ്യമായ സമയം.