KeralaNEWS

അരിക്കൊമ്പൻ തിരിച്ചു വരും; അവർ കാത്തിരിക്കുന്നു

നുഷ്യവാസ പ്രദേശങ്ങളും വനവും തമ്മില്‍ വലിയ വേര്‍തിരിവുകളില്ലാത്ത ധാരാളം പ്രദേശങ്ങളുണ്ട് കേരളത്തില്‍. അതിലൊന്നാണ് ചിന്നക്കനാല്‍.മനുഷ്യര്‍ തൊട്ടടുത്തുതന്നെ കഴിയുന്നുണ്ടെന്ന് കാട്ടിലെ മൃഗങ്ങൾക്ക് നന്നായറിയാം.പ്രത്യേകിച്ച് ആനകൾക്ക്. മനുഷ്യ സാമീപ്യം പ്രശ്നമാക്കാതെ ആനകള്‍ അവരുടെ സ്വന്തം കാട്ടില്‍ സ്വൈര്യവിഹാരം നടത്തും.

കാട്ടില്‍ കൂട്ടമായി സഞ്ചരിക്കാന്‍ ആനകള്‍ വഴികളുണ്ടാക്കിയിട്ടുണ്ട്. കാടുവെട്ടിത്തെളിച്ച്‌ കൃഷിയിറക്കിയും വീടുവെച്ചും മനുഷ്യര്‍ കാട് നാടാക്കുമ്ബോള്‍ വാസസ്ഥലവും വഴികളും നഷ്ടമാകുന്ന ആനകള്‍ അസ്വസ്ഥരാകും.വനങ്ങളോടു ചേര്‍ന്നു കഴിയുന്ന ഗ്രാമീണരും ആനകളും തമ്മില്‍ ഏറ്റുമുട്ടാന്‍ തുടങ്ങുന്നത് ഈ പശ്ചാത്തലത്തിലാണ്.കടുവാ, പന്നി, കരടി തുടങ്ങിയ വന്യ മൃഗങ്ങളും മനുഷ്യവാസ പ്രദേശങ്ങളിലേയ്ക്ക് കടന്നു കയറുക പതിവായിരിക്കുന്നു.പന്നി, കുരങ്ങ് തുടങ്ങിയ വന്യ മൃഗങ്ങള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നതും പതിവു വാര്‍ത്തയാണ്.

ചിന്നക്കനാലിലെ വനപ്രദേശങ്ങളുടെ അതിരുകള്‍ക്കപ്പുറത്ത് മനുഷ്യവാസ പ്രദേശങ്ങളിലേയ്ക്കു കടന്നുചെന്നതാണ് അരിക്കൊമ്ബന്‍ ചെയ്ത കുറ്റം. മനുഷ്യരുടെയിടയിലേയ്ക്കു കടന്നു ചെല്ലുക മാത്രമല്ല, അവിടെ ചില്ലറ മോഷണമൊക്കെ നടത്തുകയും ചെയ്തു. അരി കട്ടുതിന്നാനായിരുന്നു ഏറെ ഇഷ്ടം. അതുകൊണ്ടുതന്നെ ഗ്രാമത്തിലെ റേഷന്‍ കടകളും പലചരക്ക് കടകളും ലക്ഷ്യം വെച്ചു.രാത്രി കടകള്‍ കുത്തി തുറന്ന് ചാക്കില്‍ നിന്ന് അരി വാരി തിന്നും. അങ്ങനെ അരിക്കൊമ്ബന്‍ എന്ന പേരുവീണു.
രാത്രി അവരുടെ വീടുകള്‍ അവന്‍ തകര്‍ക്കും.അടുക്കള വാതിലുകള്‍ പൊളിക്കും.പാത്രങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന അരി മോഷ്ടിക്കും. റേഷന്‍ കടകള്‍ കുത്തിത്തുറക്കും.പല ദിവസങ്ങളും ഭീതിയുടേതാകും.എങ്കിലും ഗ്രാമീണര്‍ക്ക് അവനെ ഇഷ്ടമായിരുന്നു. തലയെടുപ്പോടെ ആരെയും വകവെക്കാതെ സ്വന്തം കാട്ടില്‍ സ്വന്തം ഇഷ്ടപ്രകാരം വിഹരിച്ചിരുന്ന അരിക്കൊമ്ബനെ ഡോ. അരുണ്‍ സഖറിയയും കൂട്ടരും മയക്കുവെടി വെച്ച്‌ കീഴ്‌പ്പെടുത്തി ലോറിയില്‍ കയറ്റി നാടുകടത്തിയപ്പോള്‍ ഗ്രാമീണര്‍ വിതുമ്ബി. പലര്‍ക്കും വീട്ടിലൊരംഗം എന്നന്നേക്കുമായി വിട്ടുപോയതുപോലെ
അരികൊമ്ബനെ ആനിമല്‍ ആംബുലന്‍സില്‍ കയറ്റി കൊണ്ടുപോയപ്പോള്‍ മകനെ കൊണ്ടുപോകുന്നത് പോലെ എന്ന് പറഞ്ഞു വിതുമ്ബുന്ന ധാരാളം നാട്ടുകാരെ കാണാമായിരുന്നു.അരിക്കൊമ്ബനെ കുറിച്ച്‌ നാട്ടുകാർ ധാരാളം പറയുന്നത് കേട്ടു.അതിലൊന്ന് ഇപ്രകാരമായിരുന്നു:
 ഒരു ഡിസംബര്‍ മാസം ഒപ്പം നടന്നു വരവേ മറിഞ്ഞ് വീണ് മരണത്തോട് മല്ലടിച്ച്‌ കിടന്ന പെറ്റമ്മയ്ക്ക് സമീപം 48 മണിക്കൂര്‍ നിസ്സഹായനായി നിന്ന രണ്ട് വയസ്സുകാരന്‍ ആനക്കുട്ടി.പെറ്റമ്മെയെ ആക്രമിക്കാന്‍ വന്ന സാധാരണക്കാരായ ജനങ്ങളെ പേടിപ്പിച്ച്‌ ഓടിക്കേണ്ട ഗതികേടില്‍ എത്തിയ രണ്ട് വയസ്സുകാരന്‍….ഒടുവില്‍ അമ്മയുടെ മരണം ഉറപ്പിച്ച കാട്ടാനക്കൂട്ടം കാട്ടിലേക്ക് കൂട്ടി കൊണ്ടുപോയ ആ രണ്ടു വയസ്സുകാരന്‍ എല്ലാ വര്‍ഷവും ഡിസംബര്‍ മാസം പെറ്റമ്മ വീണു മരിച്ച‌ സ്ഥലത്ത് മുടങ്ങാതെ എത്തി മണിക്കുകളോളം നില്ക്കുമായിരുന്നു.
ആ രണ്ടു വയസ്സുകാരനാണ് ഇന്നത്തെ അരികൊമ്ബന്‍ എന്ന് പരിസര വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.കഴിഞ്ഞ 20 വര്‍ഷമായി മുടങ്ങാതെ തന്റെ അമ്മ മരിച്ച്‌ വീണിടത്ത് എല്ലാ വര്‍ഷവും എത്തുന്നവന് ഈ 150 കിലോമീറ്റര്‍ ഒരു ദൂരമാണോ എന്നും അവർ ചോദിക്കുന്നു.അവന്‍ തിരികെ വരും എന്ന് വിശ്വസിക്കാനാണ് അവർക്കും ഇഷ്ടം.അരികൊമ്ബന് ഏറ്റ മയക്കു വെടികളുടെ എണ്ണമോര്‍ത്തും ആനപ്രേമികള്‍ നീറുന്നുണ്ട്.ഉത്സവത്തിന് വിരണ്ട ആനകളെ മയക്ക് വെടി വച്ചാല്‍ പിന്നെ ഒരാഴ്ചയോളം അവരെ വളരെ ശ്രദ്ധയോടെ പരിപാലിക്കാറുണ്ട്.എന്നാല്‍ ഇത്രയും മയക്ക് വെടിവെച്ച മയക്കിയ ആനയെ പുതിയ കാട്ടില്‍ കൊണ്ട് വിട്ടാല്‍ ഇതെങ്ങനെ അതിജീവിക്കും എന്നാണ് അവര്‍ ചോദിക്കുന്നത്.ആറ് വെടി,നാല് ബൂസ്റ്റര്‍,നാല് കുങ്കി എന്നിട്ടും അവന്‍ പൊരുതി.പിറന്നു വീണ മണ്ണില്‍ കാലുകള്‍ ഊന്നി അവസാന നിമിഷം വരെയും പൊരുതി നിന്നശേഷമാണ് ആ വീരന്‍ പരാജയം സമ്മതിച്ചത്.ഏറെ ബുദ്ധിയും വിവേകവുമുള്ള വന്യമൃഗമാണ് ആന.അതിലെ രാജാവായിരുന്നു അരിക്കൊമ്പൻ.
ഒന്നര ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ ഇന്നലെ രാവിലെ 11.55 ഓടെയാണ് അരിക്കൊമ്പനെ മയക്കുവെടി വെച്ചത്. മയങ്ങിയ ആനയെ അഞ്ച് മണിക്കൂര്‍ കൊണ്ടാണ് വാഹനത്തില്‍ കയറ്റിയത്. കോന്നി സുരേന്ദ്രന്‍ അടക്കമുള്ള നാല് കുങ്കിയാനകളും ദൗത്യ സംഘത്തില്‍ ഉണ്ടായിരുന്നു.ലോറിയില്‍ കയറാന്‍ കൂട്ടാക്കാതിരുന്ന അരിക്കൊമ്പനെ കുങ്കിയാനകള്‍ തള്ളിക്കയറ്റുകയായിരുന്നു.ഇന്നലെ രാത്രിയോടാണ് അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ എത്തിച്ചത്.തുടര്‍ന്ന് പുലര്‍ച്ചയോടെ തുറന്നുവിടുകയായിരുന്നു.

Back to top button
error: