ചിന്നക്കനാല്‍: കാടുകടത്തിയ അരിക്കൊമ്ബനെ തേടി സിമന്റ് പാലത്ത് കാട്ടാനക്കൂട്ടമെത്തി.പന്ത്രണ് ട് ആനകളുടെ സംഘമാണ് സിമന്റ് പാലത്ത് നിലയുറപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം അരിക്കൊമ്ബനെ മയക്കുവെടിവെച്ച സ്ഥലത്താണ് ആനക്കൂട്ടം ഇപ്പോഴുള്ളത്. ആനകള്‍ ജനവാസ മേഖലയിലേക്ക് കടക്കുമോ എന്ന ആശങ്ക നിലവിലുണ്ട്. വനം വകുപ്പ് വാച്ചര്‍മാര്‍ ആനക്കൂട്ടത്തെ നിരീക്ഷിച്ച് വരികയാണ്.
11 മണിക്കൂറോളം നീണ്ട ദൗത്യത്തിന് ഒടുവിലാണ് വനംവകുപ്പ് ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ ഇന്നലെ അരിക്കൊമ്ബനെ വനംവകുപ്പ് തളച്ചത്.കോന്നി സുരേന്ദ്രന്‍, സൂര്യന്‍, വിക്രം, കുഞ്ചു എന്നീ കുങ്കിയാനകളാണ് ഏറെ പണിപ്പെട്ട് കൊമ്ബനെ ലോറിയിലേക്ക് കയറ്റിയത്. അപ്രതീക്ഷിതമായി കോടമഞ്ഞും കനത്ത മഴയും കാറ്റും വന്നത് ദൗത്യത്തിന് തിരിച്ചടി സൃഷ്ടിച്ചിരുന്നു.
വയനാടിലും പാലക്കാട് ധോണിയിലും കാട്ടാനകളുടെ ഉപദ്രവം രൂക്ഷമാക്കുകയും ആക്രമകാരികളായി നടന്ന പിഎം-2, ധോണി (പിടി-7) എന്നീ ആനകളെ മയക്കുവെടി വച്ച് കൂട്ടിലാക്കിയതും ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലായിരുന്നു.