ബംഗളൂരു:വരുന്ന ഇലക്ഷനിൽ കർണാടകയിൽ നിന്നും ജനവിധി തേടാൻ മൂന്നു മലയാളികൾ.224 അംഗ കര്‍ണാടക നിയമസഭയിലേക്ക് 2613 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ മാറ്റുരക്കുന്നത്.ഇതില്‍ കോണ്‍ഗ്രസിനായി കളത്തിലിറങ്ങിയിരിക്കുന്ന രണ്ടു സ്ഥാനാര്‍ത്ഥികളും ആം ആദ്മിക്കായി വോട്ടു തേടുന്ന ഒരു സ്ഥാനാര്‍ത്ഥിയും മലയാളികളാണ്.
കോട്ടയം ചിങ്ങവനത്ത് നിന്നും കര്‍ണാടകയിലെ കുടകിലേക്ക് ചേക്കേറിയ കര്‍ഷക കുടുംബത്തില്‍ ജനിച്ച കേളചന്ദ്ര ജോസഫ് ജോര്‍ജ് എന്ന കെ ജെ ജോര്‍ജ്ജിന് ഇത് സര്വാഗ്ന നഗറില്‍ ആറാം അങ്കമാണ്. കര്‍ണാടക ആഭ്യന്തര വകുപ്പുള്‍പ്പടെ കൈകാര്യം ചെയ്ത കോണ്‍ഗ്രസിന്റെ കരുത്തുറ്റ നേതാവാണ് ജോര്‍ജ്ജ്. ഇരുപതാം വയസില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയ അദ്ദേഹം യൂത്ത് കോണ്‍ഗ്രസ്സിലൂടെയായിരുന്നു സജീവ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. മണ്ഡലം ഇത്തവണയും കൈപിടിയിലിരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കെ ജെ ജോര്‍ജ്ജ്.
കെജെ ജോര്‍ജ്ജിന്റെ സര്വാഗ്ന നഗറിന്റെ തൊട്ടടുത്ത മണ്ഡലമായ ശാന്തി നഗറില്‍ വോട്ടു തേടുകയാണ് കോണ്‍ഗ്രസിന്റെ എന്‍എ ഹാരിസ്.കാസര്‍ഗോഡ് നിന്നും ശിവമോഗയിലെ ഭദ്രാവതിയിലേക്കു വ്യാപാര ആവശ്യാര്‍ഥം കുടിയേറിയ കുടുംബമാണ് എന്‍എ ഹാരിസിന്റേത്. 2008 മുതല്‍ ശാന്തിനഗര്‍ അദ്ദേഹത്തെ പിന്തുണച്ചു പോരുകയാണ്. മറുനാടന്‍ മലയാളികളുടെ പ്രശ്നത്തില്‍ സജീവമായി ഇടപെടുന്ന ആളാണ് ഹാരിസ്.കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് മലയാളികള്‍ക്ക് നാട്ടില്‍ പോകാന്‍ സൗജന്യമായി ബസുകള്‍ ഏര്പ്പെടുത്തിയതുൾപ്പടെ നിരവധി കാര്യങ്ങളിൽ ഹാരിസ് മുന്‍കൈ എടുത്തിട്ടുണ്ട്.
ശാന്തിനഗറില്‍ എന്‍എ ഹാരിസിന് എതിരാളിയായി എത്തുന്നത് മറ്റൊരു മലയാളിയായ കെ മത്തായി ആണ്. കര്‍ണാടക അഡ്മിനിസ്ട്രേറ്റിവ് സര്‍വീസിലെ മുന്‍ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. കോട്ടയം പുതുപ്പള്ളിയില്‍ വേരുകളുള്ള കുടുംബമാണ് മത്തായിയുടേത്. ജനിച്ചതും വളര്‍ന്നതും വിദ്യാഭ്യാസം നേടിയതുമെല്ലാം കര്‍ണാടകയിലാണ്. ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉറപ്പെന്ന വാഗ്ദാനവുമായാണ് കെ മത്തായി ആം ആദ്മി പാര്‍ട്ടിക്കായി വോട്ടു ചോദിക്കുന്നത്. ഡല്‍ഹിക്കു സമാനമായ ഭരണം കാഴ്ചവെക്കാന്‍ കര്‍ണാടകയിലെ ജനങ്ങള്‍ ആം ആദ്മി പാര്‍ട്ടിയെ ആഗ്രഹിക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.