Movie

നാടൻ വേഷങ്ങളുടെ നായകൻ അഡംബരങ്ങളില്ലാതെ അരങ്ങളൊഴിഞ്ഞു

ജിതേഷ് മംഗലത്ത്

മലയാളസിനിമയുടെ സുവർണ്ണകാലം എന്നു പറയുന്നത് എൺപതുകളുടെ പകുതിയിൽ തുടങ്ങി തൊണ്ണൂറുകളുടെ ഒടുവിൽ അവസാനിച്ച കാലമാണ്. സത്യൻ അന്തിക്കാട്-ശ്രീനിവാസൻ- രഘുനാഥ് പലേരി, പ്രിയദർശൻ-ശ്രീനിവാസൻ, സിബി മലയിൽ-ലോഹിതദാസ്, കമൽ-ടി.എ റസാഖ്-ശ്രീനിവാസൻ, തുളസീദാസ്-വിജി തമ്പി-കലൂർ ഡെന്നീസ്, സിദ്ധിഖ്-ലാൽ എന്നിങ്ങനെയുള്ള കോമ്പിനേഷനുകൾ ആയിരുന്നു ആക്ഷൻ ചിത്രങ്ങൾ മാറ്റി നിർത്തിയാൽ അക്കാലത്തെ ഏറ്റവും മികച്ച മദ്ധ്യവർത്തി ചിത്രങ്ങൾ സൃഷ്ടിച്ചിരുന്നതും. അവയിലൊക്കെയും ശ്രദ്ധിച്ചുനോക്കിയാൽ മനസ്സിലാവുന്ന ഒരു ഘടകം സ്വഭാവകഥാപാത്രങ്ങൾക്കു ലഭിക്കുന്ന അസൂയാവഹമായ സ്പേസാണ്. താരമൂല്യമുള്ള നായകന്മാരോ (മോഹൻലാൽ, മമ്മൂട്ടി,) ടയർ ടു നായകന്മാരുടെ കൂട്ടായ്മകളോ(മുകേഷ് -ജഗദീഷ്-സിദ്ദിഖ്-സായ്കുമാർ-അശോകൻ) ഉള്ളപ്പോഴും സിനിമ ഒരിക്കലും അവരിലേക്ക് ഫോക്കസ് ചെയ്യാറില്ലായിരുന്നു. ദാസനും,വിജയനും രൂപപ്പെടുന്നത് ശങ്കരാടിയുടെ പണിക്കരും, മാമുക്കോയയുടെ ഗഫൂറും, .ഇന്നസെന്റിന്റെ ബാലേട്ടനും, തിലകന്റെ അനന്തൻ നമ്പ്യാരും ഒക്കെയടങ്ങുന്ന ഒരു സാമൂഹ്യപരിസരത്തിൽ നിന്നുമാണ്. മറ്റൊരർത്ഥത്തിൽ അവരെ സൃഷ്ടിക്കുന്നത് രണ്ടാമതു പറഞ്ഞവരാണ്. ദാസന്റെ ദാരിദ്ര്യം തെളിയുന്നത് ഇന്നസെന്റിന്റെ കണ്ണുകളിലും, നിസ്സഹായത തെളിയുന്നത് മീനയുടെ മുഖത്തുമാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ നായകകഥാപാത്രങ്ങളുടെ ഓറയ്ക്ക് കൂടുതൽ ശോഭ പകരാൻ വരുന്നവരായിരുന്നില്ല ആ കഥാപാത്രങ്ങളൊന്നും. മറിച്ച് ആ കഥാപാത്രങ്ങളിലൂടെയാണ് നമ്മൾ നമ്മുടെ നായകന്മാരെ അറിഞ്ഞതും, അടുത്തതും, സ്നേഹിച്ചതും.

Signature-ad

മേൽ പറഞ്ഞ സ്വഭാവഅഭിനേതാക്കളുടെ നിരയിലെ അവസാനത്തെ കണ്ണികളിലൊന്നായിരുന്നു മാമുക്കോയ. സത്യന്റെ മാത്രമല്ല കമലിന്റെ, സിബിയുടെ, തുളസീദാസിന്റെ, വിജി തമ്പിയുടെ, കലാധരന്റെ ഒക്കെ സിനിമകളുടെ അവിഭാജ്യഘടകമായിരുന്നു ഇപ്പറഞ്ഞവരൊക്കെയും തന്നെ. പൊന്മുട്ടയിടുന്ന താറാവിലെ മാമുക്കോയയുടെ ചായക്കടക്കാരനെ ഒന്നോർത്തു നോക്കൂ. ഇന്നത്തെ റിയലിസ്റ്റിക് സിനിമകളിലെ ഫ്രീസിംഗായ ബിഹേവിങ് പാറ്റേണുകളല്ല ആ ചായക്കടക്കാരനിലുള്ളത്. എത്ര സ്വാഭാവികമായ ഒരു ചായക്കടക്കാരനാകാമോ, അത്രയുമാണയാൾ. മുഷിഞ്ഞ ഒരു ഇന്നർ ബനിയന്റെയും, ഒരു കൈലിമുണ്ടിന്റേയും, ഒരു തലേക്കെട്ടിന്റേയും പിൻബലത്തിലല്ല അയാൾ ചായക്കടക്കാരനാക്കുന്നത്. അയാൾ ചായക്കടക്കാരനാണ്, ചായക്കടക്കാരനാവുകയാണ്.

റാംജിറാവ് സ്പീക്കിംഗിലെ ഹംസക്കോയയുടെ നിസ്സഹായതയേയും ഗതികേടിനേയും അവതരിപ്പിക്കുകയല്ല മാമുക്കോയ ചെയ്യുന്നത്, ഹംസക്കോയയാവുകയാണ്. ഹംസക്കോയയെ അവതരിപ്പിക്കുന്ന ഇനീഷ്യൽ ഫ്രെയിമുകളിൽ തന്നെ അയാളുടെ, അകം തൊട്ടറിയാൻ കഴിയുന്ന ഇന്റഗ്രിറ്റിയുടെ സുതാര്യത കാണിക്കുന്നുണ്ട്. മറ്റൊരു കഥാപാത്രവും ചെയ്യാത്തത്ര ലൗഡായ ആത്മഭാഷണങ്ങളാൽ സമ്പന്നമാണ് അയാളുടെ രംഗങ്ങൾ. തന്നെക്കണ്ട് ഓടിപ്പോകുന്ന ബാലകൃഷ്ണന്റെ പിറകെ പോയി, അയാൾക്കു സദൃശനായ മറ്റൊരാളെക്കാണുമ്പോൾ ഹംസക്കോയയുടെ ആത്മഗതമിങ്ങനെ:
“ഇവിടെ ഒളിച്ചിരിക്ക്യാണല്ലേ?ഇയ്യങ്ങനെ മുങ്ങാൻ നോക്കണ്ടാ ട്ടോ”
അയാളുടെ നിഷ്കളങ്കത പ്രേക്ഷകനാദ്യമായി ബോധ്യപ്പെടുന്നത് ആ ട്ടോയിലാണ്. മാമുക്കോയയെപ്പോലൊരു നടൻ തന്റെ സ്വതസിദ്ധമായ ശൈലിയിൽ ആ ട്ടോ ഉച്ചരിക്കുമ്പോൾ ആ രംഗത്തിന് ലഭിക്കുന്ന ഒരു സൗന്ദര്യമുണ്ട്. അതേ സൗന്ദര്യത്തിലാണ് ഹംസക്കോയ പിന്നീടങ്ങോട്ട് തന്റെ പരിമിതമായ സ്ക്രീൻ ടൈമിൽ പോലും പ്രേക്ഷകപ്രീതി പിടിച്ചുപറ്റുന്നത്.

പിന്നീടങ്ങോട്ട് തഗ് ലൈഫ് എന്ന ഓമനപ്പേരിട്ട് നമ്മളാഘോഷിച്ച ഹംസക്കോയയുടെ പല കൗണ്ടറുകളും സത്യത്തിൽ അയാളുടെ ഗ്രാമ്യമായ നിഷ്കളങ്കതയിൽ നിന്നും, ഒളിച്ചുവെക്കലകളില്ലാത്ത തുറന്നടിക്കലുകളിൽ നിന്നും ഉൽഭവിക്കുന്നവയാണ്. കാണേണ്ടയാളെ പുറത്തേക്കു വിളിപ്പിക്കാം എന്നു പറയുന്ന സെക്യൂരിറ്റി ഗാർഡിനോട് തനിക്ക് പടച്ച തമ്പുരാനെ ഒന്ന് കാണണം, വിളിച്ചു കാണിക്കാൻ പറ്റുമോ എന്നു ചോദിക്കുന്ന ഹംസക്കോയ വെറുമൊരു കൗണ്ടറടിക്കുക മാത്രമല്ല ചെയ്യുന്നത്. അധികാരവചനങ്ങളുടെ പൊള്ളത്തരങ്ങളെ കൃത്യമായി പൊളിച്ചടുക്കുകയാണ് അയാളവിടെ: ”
‘നിങ്ങളെയല്ല വേറൊരു തുരപ്പനെ ‘ എന്ന് ശങ്കരാടിയോട് പറയുമ്പോഴും അത് കേവലമൊരു തഗ് ലെവൽ കൗണ്ടറല്ല തന്നെ.

നിവൃത്തികേടാണ് ഹംസക്കോയയെ പലതിനും പ്രേരിപ്പിക്കുന്നത്. ശരീരം കേടുവരുത്തരുതെന്ന് അയാൾ വിളിച്ചു കൂവുന്നത് കേൾക്കുന്നവർ ‘താനെന്തു ചെയ്യും…?’എന്നു ചോദിക്കുമ്പോൾ അയാൾ നിസ്സഹായനായി പ്രതികരിക്കുന്നത് ‘ൻ്റെ ശരീരം കേടു വരുത്തരുതെന്നാ പറഞ്ഞേ’ എന്നാണ്. അയാൾക്ക് അയാളുടെതന്നെ നിസ്സഹായാവസ്ഥ എല്ലാ അർത്ഥത്തിലുമറിയാം. ക്ലൈമാക്സിനു മുമ്പ് താൻ പറ്റിക്കപ്പെടുകയാണെന്ന് തിരിച്ചറിയുന്ന ഹംസക്കോയ അവർക്കു പിറകെ പോകുന്ന രംഗം ഒരിക്കൽ കൂടി അയാളുടെ നൈതികതയെ അടയാളപ്പെടുത്തുന്നുണ്ട്. കാറിന്റെ ഓരോ സൈഡ് ഡോറിലും ചെന്ന് തുറക്കാൻ നോക്കുന്ന ഹംസക്കോയ ഡ്രൈവറുടെ ഡോറിലും അത് ചെയ്യുന്നുണ്ട്. “ഡ്രൈവറായിരുന്നല്ലേ ,സോറി”എന്നു പറഞ്ഞശേഷം അയാളുടെ ഒരു ചിരിയുണ്ട്; ആത്മപരിഹാസത്തിന്റെ എല്ലാ ഭാവതലങ്ങളുമുള്ളിലൊളിപ്പിച്ച “ശ്”എന്ന ഒരു ചിരി!
മാമുക്കോയയുടെ തഗ് ലെവൽ കൗണ്ടറുകൾ ആഘോഷിക്കപ്പെടുമ്പോൾ ആത്മപരിഹാസത്താലയാൾ ബഷീറിനെ തൊടുന്ന ഇത്തരം നിമിഷങ്ങൾ നമ്മൾ വിട്ടുകളയാറാണ് പതിവ്.”എന്താ രാമചന്ദ്രാ പ്രശ്നം?”എന്ന ചോദ്യവും,അതിനു മുമ്പെയുള്ള അടിയും നമ്മെ എത്രത്തോളം ചിരിപ്പിക്കുന്നുണ്ടോ, അത്രയും തന്നെ ചിരിപ്പിക്കുന്നുണ്ട് ആളുമാറിയതാണെന്നറിയുമ്പോൾ ഉള്ള ആ ‘ശ്’ചിരിയും.

മഴവിൽക്കാവടിയിലെ മാമുക്കോയയുടെ കഥാപാത്രത്തിന്റെ ഐഡന്റിറ്റിയുടെ വശ്യത മറ്റൊരു സിനിമയിലും കാണാനാവില്ല. വല്ലാതെ എക്സ്റ്റസിക്കായ ഒരു ജൈവികതയുണ്ട് കുഞ്ഞിക്കാദറിന്.അത്രമേൽ പോസിറ്റീവും,പ്രസാദാത്മകവുമാണ് അയാളുടെ അടയാളം തന്നെ.ഏതൊരു വിഷമഘട്ടത്തിലും അയാൾ പതറില്ല.”പൊലീസ് പിടിച്ചെന്നു കരുതി ഇങ്ങനെ കരയണോ?”എന്നയാൾ തന്റെ ആദ്യസീനിൽ തന്നെ വേലായുധൻ കുട്ടിയോട് പറയുന്നുണ്ട്.ബീഡി ചോദിച്ച് കിട്ടാത്തപ്പോഴും “ഒക്കെ ഒരുജാതി അലവലാതികളാണ്”എന്ന് കുഞ്ഞിക്കാദർ സ്വതസിദ്ധമായ ചിരിയോടെ നിരീക്ഷിക്കുന്നു.

നാട്ടിലേക്ക് തിരിച്ചു വന്ന് വേലായുധൻ കുട്ടിയുടെ വീട്ടിലെത്തി അവരോട് സംസാരിക്കുന്ന കുഞ്ഞിക്കാദറിന്റെ സംഭാഷണ ത്തിന് ഒരു ബഷീറിയൻ കഥാപാത്രത്തിന്റെ ചുവയുണ്ട്”പടച്ചോൻ ഓന്റെ കൂടെയുണ്ട് ന്ന്.ഓൻ നന്നായാൽ പടച്ചോനും ഗുണം പിടിക്കും.ഈ വിവരം പടച്ചോനുമറിയാം”.ഹാ,എന്തു സിംപിളായ ദർശനം!പലേരി മാഷ് ആറ്റിക്കുറുക്കിയ സത്ത് മാമുക്കോയയുടെ സ്ലാംഗിലൂടെ പുറത്തു വരുമ്പോൾ പരമാനന്ദമാണ്.പഴനിയുടെ ഭംഗിയെക്കുറിച്ച് വേലായുധൻകുട്ടി അത്ഭുതം കൂറുമ്പോൾ കുഞ്ഞിക്കാദർ രണ്ടോ മൂന്നോ വാചകം കൊണ്ട് അതിനെ തകർക്കുന്നുണ്ട്”ഒന്നര ലക്ഷം കൊതുകുണ്ടിവിടെ.പക്ഷേ അതന്നെ കൊത്തിയെടുത്ത് പോവുകയൊന്നുമില്ല.കാരണം അത്ര തന്നെ മൂട്ടകളുമുണ്ട്”സ്ഥായിയായ ഒരു ഹാസ്യരസം കുഞ്ഞിക്കാദറിൽ അന്തർലീനമാണ്.അതേ സമയം തന്നെ ബഷീറിന്റെ ഒരു നൊമാഡിയൻ ജീനും അയാൾ പേറുന്നുണ്ട്.അത് മലയാളിയുടെ സ്ഥിരം ഗൃഹാതുരസങ്കല്പങ്ങളിൽ നിന്ന് വേറിട്ടു നിൽക്കുകയും ചെയ്യുന്നു.”താടിയായിട്ടോ,മീശയായിട്ടോ,തലമുടിയായിട്ടോ സ്വന്തം മുടി മുറിക്കാത്ത ആരേലും ഈ ലോകത്തിലുണ്ടോ?അങ്ങനെ നോക്കുമ്പോ ഈ ഭൂമിലുള്ള എല്ലാരും ബാർബർമാരാണ്”നോക്കൂ,എത്ര സുന്ദരമായാണയാൾ വേലായുധൻ കുട്ടിയുടെ അപകർഷതാ ബോധത്തിനെ അഭിസംബോധന ചെയ്യുന്നത്?!എത്ര ഋജുവായാണയാൾ തൊഴിലിനെ കാണുന്നത്?കേവലമൊരു വിനോദകഥാപാത്രമായി കുഞ്ഞിക്കാദറിനെ കാണുക വയ്യ.അയാൾ നാട്ടിലേക്കെത്തുന്ന രംഗം ഡിസൈൻ ചെയ്തിരിക്കുന്നതും അബോധപൂർവ്വമെന്നോണം ബഷീറിനോട് സാദൃശ്യം പുലർത്തുന്നുണ്ട്.വേഷവിധാനത്തിലുമതെ,ആ ഷോട്ടിന്റെ പാറ്റേണിലുമതെ.തന്റെ സഹോദരനോട് താൻ വിവാഹം കഴിച്ചതാണെന്നും,ഭാര്യയുടെ പേര് മൈനണെന്നും പറയാൻ അയാൾക്കൊരു മടിയുമില്ല.അതൊളിപ്പിച്ചുവെച്ചു കൊണ്ടുള്ള ഒരു കോമഡിയ്ക്കും ആ കഥാപാത്രം അനുയോജ്യവുമല്ല.കാരണം ആത്യന്തികമായി കുഞ്ഞിക്കാദർ ആത്മാവിനോട് അത്ര മേൽ സത്യസന്ധത പുലർത്തുന്ന ഒരു കഥാപാത്രമാണ്;ഒരുപക്ഷേ ബഷീറിനാൽ എഴുതപ്പെടാതെപോയ ഒരു ബഷീറിയൻ കഥാപാത്രം.

സത്യനൊരിക്കൽ നിരീക്ഷിക്കുന്നതു പോലെ അത്രയും വിശുദ്ധനായ പോക്കറ്റടിക്കാരനാണ് കുഞ്ഞിക്കാദർ.നാണയങ്ങളെല്ലാം ഒഴിഞ്ഞ പേഴ്സുകൾ അയാളുപേക്ഷിക്കുന്നില്ല.മോഷണവസ്തുവാണ് എന്ന് തിരിച്ചറിയാതെ അത് സമ്മാനമായി വാങ്ങുന്ന കുട്ടികളിലെ ആനന്ദം അയാളുടെ പാപത്തിന്റെ പശ്ചാത്താപമാണ്.മാമുക്കോയയ്ക്കു പകരം ഈ ദുനിയാവിൽ മറ്റേതൊരഭിനേതാവ് കുഞ്ഞിക്കാദറിന് ജീവൻ നൽകിയാലും അത് കുഞ്ഞിക്കാദറാവില്ല.കാരണം മാമുക്കോയ കുഞ്ഞിക്കാദറാവുകയാണ്.നിസ്സഹായതയാണ് മാമുവിന്റെ മിക്ക സെലിബ്രേറ്റഡ് കഥാപാത്രങ്ങളുടെയും മൂശ.അതിന്റെ വകഭേദങ്ങളാണ് ഗഫൂറും,ഹംസക്കോയയുമൊക്കെ.ആ നിസ്സഹായതയെ അത്രയും കൃത്യമായി മലയാളി സൈക്കിയ്ക്ക് അറിയുന്നതുകൊണ്ടാവണം ദാസനെയും,വിജയനെയും പറ്റിക്കുമ്പോഴും ഗഫൂറിനെ നമുക്ക് വെറുക്കാൻ കഴിയാത്തത്.

സത്യന്റെ തന്നെ ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയവസാനിക്കുന്നത് മാമുക്കോയയുടെ ഒരു ചിരിയിലൂടെയാണ്.അങ്ങേയറ്റം സംതൃപ്തി നിറഞ്ഞു നിൽക്കുന്ന ഒരു ചിരി.അങ്ങനെ എഴുതിവെക്കാൻ എന്തെളുപ്പമാണ്?!പക്ഷേ കരിയറിലുടനീളം വെർബൽ കോമഡിയെ,അതിന്റെ യുണീക് ഡയലക്ടിനെ ആശ്രയിച്ചിട്ടുള്ള ഒരഭിനേതാവ് ഒരു ഡയലോഗ് പോലുമില്ലാതെ സുന്ദരമാക്കുന്നത് അനുഭവിച്ചു തന്നെ അറിയേണ്ടതാണ്.

താഹ മാടായിയോട് മാമുക്കോയ ഇങ്ങനെ പറയുന്നുണ്ട്.”ബഷീർക്കാന്റെ വീട്ടിൽ പോയാൽ ബഷീർക്ക പറയാറ്ണ്ട്.എല്ലാരും ഒന്നാണ്.ഞാനും നീയും ഒന്ന്.പഴയ മനുഷ്യർ ഒന്നായിരുന്നു.പക്ഷേ ഒന്നുമായില്ല.ഉള്ളതെല്ലാം മറ്റുള്ളവർക്ക് കൊടുത്തിട്ട് വെറും കൈയോടെ അവരൊക്കെ പോയി”ഇന്നിപ്പോൾ മാമുക്കോയയും പോയിരിക്കുന്നു.ഒന്നായിരുന്ന മനുഷ്യരുടെ കൂട്ടത്തിലെ അവസാനപേരുകളിലൊരാൾ,അടിമുടി കോഴിക്കോട്ടുകാരനായിരുന്നയാൾ,സ്നേഹമായിരുന്നയാൾ.തലയണമന്ത്രത്തിൽ ഇന്നസെന്റിന്റെ കഥാപാത്രത്തെ ആശുപത്രിയുടെ ആളൊഴിഞ്ഞ മൂലയിലേക്ക് കൂട്ടിക്കൊണ്ടുപോയി അയാൾ കരണത്തുകൊടുക്കുന്ന ഒരടിയുണ്ട്.സന്ദർഭോചിതമല്ലാത്ത ഏത് പ്രവൃത്തിക്കും,സംസാരത്തിനും മലയാളി പിന്നീടങ്ങോട്ട് എല്ലാക്കാലത്തും കൊടുത്തിരുന്നത് ആ അടിയായിരുന്നു.മലയാളിയുടെ നിത്യജീവിതത്തിൽ മാമുക്കോയയും,അയാളവതരിപ്പിച്ച കഥാപാത്രങ്ങളും വെറും സിനിമാവിഷയങ്ങളായിരുന്നില്ല;അവന്റെ തന്നെ പരിഛേദമായിരുന്നു. മുമ്പൊരു മാമുക്കോയ മലയാളസിനിമയിൽ സംഭവിച്ചിട്ടില്ല; ലോകസിനിമയിലും. ഇനിയുമൊരു മാമുക്കോയ ഈ രണ്ടിടങ്ങളിലും സംഭവിക്കില്ല. റീപ്ലേസ്മെന്റുകളില്ലാത്ത ഒരേയൊരു മാമുക്കോയയും യാത്രയായി.

Back to top button
error: