ദില്ലി: സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ഓപ്പറേഷൻ കാവേരി ദൗത്യം തുടരുന്നു. ദൗത്യത്തിന്റെ ഭാഗമായി 278 പേർ ജിദ്ദയിലേക്ക് പുറപ്പെട്ടതായാണ് റിപ്പോർട്ട്. ഐഎൻഎസ് സുമേധയിലാണ് പോർട്ട് സുഡാനിൽനിന്നും പുറപ്പെട്ടത്. ജിദ്ദയിലെത്തുന്ന ഇവരെ വിമാനത്തിൽ നാട്ടിലെത്തിക്കും.
ഓപ്പറേഷൻ കാവേരി ദൗത്യത്തിന് മേൽനോട്ടം വഹിക്കാൻ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ജിദ്ദയിലെത്തിയിരുന്നു. ഓപ്പറേഷൻ കാവേരിക്ക് നേതൃത്വം നൽകാൻ വി.മുരളീധരനെ ചുമതലപ്പെടുത്തിയതായി പ്രധാനമന്ത്രി അറിയിക്കുകയായിരുന്നു. അതിനിടെ, സുഡാനിൽ വെടി നിർത്തൽ 72 മണിക്കൂർ കൂടി നീട്ടി. അഞ്ഞൂറ് ഇന്ത്യക്കാർ പോർട്ട് സുഡാനിൽ എത്തിയതായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ അറിയിച്ചിരുന്നു. സൈന്യത്തിന്റെ കപ്പലായ ഐഎൻഎസ് സുമേധയിൽ ജിദ്ദയിലെത്തിക്കുന്ന ഇന്ത്യാക്കാരെ വ്യോമസേനാ വിമാനത്തിൽ നാട്ടിലെത്തിക്കാനാണ് തീരുമാനം.
സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഫ്രാൻസ് ഒഴിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി 388 പേരെയാണ് ഫ്രാൻസ് രക്ഷപ്പെടുത്തിയത്. ഇന്ത്യാക്കാരും ഉണ്ടെന്ന് ഇന്ത്യയിലെ ഫ്രഞ്ച് എംബസി അറിയിച്ചു. 28 രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് രണ്ട് യുദ്ധ വിമാനങ്ങളിലായി ഫ്രാൻസ് ഒഴിപ്പിച്ചത്. സൗദി കഴിഞ്ഞ ദിവസം നടത്തിയ രക്ഷാദൗത്യത്തില്‍ മൂന്ന് ഇന്ത്യക്കാരെയും ഒഴിപ്പിച്ചിരുന്നു. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ എൻ എസ് സുമേധ രക്ഷാദൗത്യത്തിന് പോര്‍ട്ട് സുഡാനിലെത്തി. വ്യോമസേനയുടെ രണ്ട് വിമാനങ്ങളും രക്ഷാദൗത്യത്തിന് ജിദ്ദയിലുണ്ട്.