‘കേരളത്തിലും ബിജെപി സഖ്യം അധികാരത്തില്‍ വരും’, ഈ വര്‍ഷം നടന്ന മൂന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകളാണിത്.ഇന്നലെ കൊച്ചിയിലും അദ്ദേഹമത് ആവർത്തിച്ചു.
രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ക്രിസ്ത്യന്‍ സ്വാധീന മേഖലകളില്‍ ബിജെപി പുറത്തെടുത്ത പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് നരേന്ദ്ര മോദി കേരളത്തിലും തങ്ങള്‍ അധികാരത്തില്‍ വരും എന്ന് വെല്ലുവിളിച്ചത്.ബിജെപിയെ വളരെക്കാലമായി പടിക്ക് പുറത്തിരുത്തുന്ന കേരളം പോലൊരു സംസ്ഥാനത്തെ താരതമ്യപ്പെടുത്താന്‍ മോദിക്ക് ധൈര്യം നല്‍കിയത് എന്താണെന്ന് അന്നേ പലരും സംശയം പ്രകടിപ്പിച്ചിരുന്നു.എന്നാൽ ഈസ്റ്ററിനോടനുബന്ധിച്ച് നടന്ന കാര്യങ്ങൾ കേരളത്തിൽ ബിജെപിയുടെ തന്ത്രങ്ങൾ വ്യക്തമാക്കുന്നതായിരുന്നു.ഇപ്പോഴിതാ ബിജെപിയുടെ അനുഗ്രഹാശിസ്സുകകളോടെ പുതിയൊരു ക്രൈസ്തവ പാർട്ടി തന്നെ കേരളത്തിൽ നിലവിൽ വന്നും കഴിഞ്ഞു.
സംസ്ഥാനം രൂപം കൊണ്ടതിനുശേഷം 2016 ല്‍ ആണ് ബിജെപിക്ക് ആദ്യമായി കേരള നിയമസഭയില്‍ ഒരു എംഎല്‍എ ഉണ്ടാകുന്നത്.എന്നാല്‍ 2021 ല്‍ ആ സീറ്റും നഷ്ടമായി.കേരളത്തില്‍ ഒരു ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപി ഇന്നേവരെ വിജയിച്ചിട്ടില്ല.കാലങ്ങളായി സിപിഎം നയിക്കുന്ന എല്‍ഡിഎഫിനും കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിനും ഒപ്പമാണ് കേരള ജനത നിന്നിട്ടുള്ളത്.എങ്കിലും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് വോട്ട് വിഹിതം കൂടുന്നുണ്ട് എന്നുള്ളത് വസ്തുതയാണ്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ 6.6 ശതമാനത്തില്‍ നിന്ന് 2016 ല്‍ 14.93 ശതമാനമായി എന്‍ഡിഎയുടെ വോട്ടുവിഹിതം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് 2021 ല്‍ 14.4 ശതമാനമായി കുറയുകയും ചെയ്തിരുന്നു.എങ്കിലും കഴിഞ്ഞ തവണ ഏഴ് നിയമസഭാ സീറ്റുകളില്‍ ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു.
ഈ പശ്ചാത്തലത്തില്‍ നരേന്ദ്ര മോദിയുടെ പ്രസ്താവനയെ സംശയത്തോട് കൂടി കാണേണ്ടതുണ്ടോ എന്നതാണ് ചോദ്യം. കാരണം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേത് പോലെ ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള ഒരു പാര്‍ട്ടിയുടെ പിന്തുണ ഉറപ്പിക്കാനായാല്‍ കൂടുതൽ മുന്നേറാനാകും എന്നാണ് ബിജെപി കണക്കുകൂട്ടല്‍.കേരളത്തിലെ ജനസംഖ്യയുടെ പകുതിയോളം ന്യൂനപക്ഷങ്ങളാണ് എന്നതാണ് ബിജെപിയെ ഈ തന്ത്രത്തിലേക്ക് അടുപ്പിക്കുന്നത്.
കേരളത്തില്‍ 26 ശതമാനം മുസ്ലീങ്ങളും 18 ശതമാനം ക്രിസ്ത്യാനികളുമാണുള്ളത്.മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി കേരളത്തിലെ മുസ്ലീങ്ങള്‍ ബിജെപിയോട് രണ്ടടി അധികം അകലം പാലിക്കുന്നവരാണ്.അതിനാല്‍ തന്നെയാണ് ബിജെപി ക്രിസ്ത്യന്‍ വിഭാഗക്കാരെ ലക്ഷ്യമിടുന്നത്.ഒരുകാലത്ത് മധ്യകേരളത്തിലെ ക്രിസ്ത്യന്‍ രാഷ്ട്രീയത്തില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന കേരള കോണ്‍ഗ്രസിന്റെ പതനമാണ് ബിജെപിക്ക് ഇതിന് കളം തുറന്ന് കൊടുത്തത്.പിളര്‍പ്പുകള്‍ക്കിടയിലും മധ്യകേരളത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിനെ പിടിച്ച് നിര്‍ത്തിയത് കെഎം മാണി എന്ന നേതാവായിരുന്നു.എന്നാല്‍ കെഎം മാണിയുടെ മരണം കേരള കോണ്‍ഗ്രസ് എമ്മിനെയും ക്രിസ്ത്യന്‍ വോട്ട് ബാങ്കിനേയും നന്നായി പിടിച്ചുലച്ചിട്ടുണ്ട്..ഉമ്മന്‍ചാണ്ടി അനാരോഗ്യം മൂലം സജീവമല്ലാത്തത് കോണ്‍ഗ്രസിനും തിരിച്ചടിയായിട്ടുണ്ട്.
ഈ ഇടമാണ് ബിജെപി ലക്ഷ്യമിടുന്നത്.ബിഷപ്പുമാര്‍ ഉള്‍പ്പെടെ വിവിധ സഭകളിലെ വൈദികരുമായി നിരന്തരം കൂടിക്കാഴ്ച നടത്തിയും ലവ് ജിഹാദ് പോലുള്ള വിഷയങ്ങളില്‍ പൊതുവായ കാരണം കണ്ടെത്താന്‍ ശ്രമിച്ചുമാണ് ബിജെപി ഇവിടേക്ക് നുഴഞ്ഞ് കയറിയത്.എന്നാൽ ബിജെപി പോലൊരു വർഗീയ പാർട്ടിയോട് സാധാരണക്കാരായ ക്രിസ്ത്യാനികൾ എങ്ങനെ പ്രതികരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ബിജെപിയുടെ കേരളത്തിലെ സ്വപ്നങ്ങൾ.
ഉത്തരേന്ത്യയിലെ പള്ളികള്‍ക്കും മിഷനറിമാര്‍ക്കും നേരെ സംഘപരിവാറുമായി ബന്ധമുള്ള സംഘടനകള്‍ നടത്തുന്ന ആക്രമണങ്ങൾ ബിജെപി നീക്കത്തിന് തിരിച്ചടിയാകാനാണ് സാധ്യത.എല്‍ഗാര്‍ പരിഷത്ത് കേസില്‍ അറസ്റ്റിലായ ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ നീണ്ട തടങ്കലും തുടര്‍ന്നുള്ള മരണത്തിലും ജനങ്ങൾ കടുത്ത രോക്ഷത്തിലാണ്.ഇതിനു പുറമേയാണ് വർധിച്ചുവരുന്ന കാട്ടുമൃഗങ്ങളുടെ ശല്യം, സംരക്ഷിത വനമേഖലകള്‍ക്കുള്ള ബഫര്‍ സോണുകളെക്കുറിച്ചുള്ള ആശങ്കകള്‍ തുടങ്ങിയവ.മധ്യകേരളത്തിലെ കാര്‍ഷികാധിഷ്ഠിത സമ്ബദ്വ്യവസ്ഥയുടെ വലിയൊരു ഭാഗമാണ് റബ്ബര്‍. 2013 മുതല്‍ ആഭ്യന്തര വിപണി മാന്ദ്യത്തിലായതിനാല്‍ പ്രകൃതിദത്ത റബ്ബറിന്റെയും റബ്ബര്‍ അധിഷ്ഠിത ഉല്‍പ്പന്നങ്ങളുടേയും ഇറക്കുമതി തടയണമെന്ന് കര്‍ഷകര്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ച് വരികയാണ്.എന്നാല്‍ 10 വര്‍ഷത്തിലേറെയായി അധികാരത്തിലിരിക്കുന്ന ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഈ ആവശ്യങ്ങള്‍ അവഗണിക്കുകയായിരുന്നു.
സഭയും സംഘപരിവാറും തമ്മിലുള്ള ഭിന്നതയ്ക്ക് മറ്റൊരു കാരണമാകുന്നത് ദളിത് ക്രിസ്ത്യാനികള്‍ക്കുള്ള സംവരണ ആനുകൂല്യങ്ങളെക്കുറിച്ചുള്ള ആര്‍എസ്എസ് നിലപാടാണ്.ഇത് സഭയുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്.എന്നാല്‍ സംഘപരിവാറിന്റെ വിശ്വ സംവാദ് കേന്ദ്ര ഇതിനെ എതിര്‍ക്കുന്നുണ്ട്.ക്രൈസ്തവ ജനതയുടെ ബിജെപി വിരുദ്ധ മനോഭാവം മാറ്റാന്‍ പാര്‍ട്ടിക്ക് കേരളത്തിൽ ഈ തന്ത്രങ്ങള്‍ മാത്രം മതിയാകില്ല എന്നർത്ഥം!
അടുത്തിടെ നടന്ന ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലങ്ങളില്‍ ക്രിസ്ത്യാനികള്‍ ഒരു ഘടകമായിരുന്നില്ലെന്നതും എടുത്തുപറയേണ്ട കാര്യമാണ്. തിരുവനന്തപുരത്തും പാലക്കാടും തൃശ്ശൂരും കാസര്‍ഗോഡും സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഹിന്ദുവോട്ടുകളാണ് ബിജെപിക്ക് തുണയായത്.അതിനാല്‍ തന്നെ ക്രിസ്ത്യന്‍ വോട്ട് മാത്രം ലക്ഷ്യമിട്ടുള്ള ബിജെപിയുടെ നീക്കം എത്രത്തോളം ഫലം കാണുമെന്ന് കണ്ടുതന്നെ അറിയണം. മാത്രമല്ല ക്രിസ്ത്യന്‍ വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്ലീങ്ങളുടെ വോട്ട് ബിജെപി വിരുദ്ധമായി ഏകീകരിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യും.