അഹമ്മദാബാദ്: ട്രാക്കിൽ കൂടി അലഞ്ഞുതിരിയുന്ന പശുക്കളെ ഇടിച്ച് അപകടം തുടർക്കഥയായതോടെ വന്ദേഭാരത് ട്രെയിനുകൾക്കായി പാളങ്ങൾക്കിരുവശവും വേലികെട്ടാൻ തീരുമാനിച്ച് പശ്ചിമ റയിൽവെ.
ഉത്തരേന്ത്യയിൽ പല ട്രാക്കുകളിലും വന്ദേഭാരത് ട്രെയിൻ കന്നുകാലികളെ ഇടിച്ചിടുന്നത് പതിവാണ്. മുംബൈ-ഗുജറാത്ത് റൂട്ടിലോടുന്ന ട്രെയിനുകളാണ് ഇത്തരത്തിൽ അപകടങ്ങൾ ഏറെയും ഉണ്ടാക്കുന്നത്. മുംബൈ വന്ദേഭാരത് ട്രെയിൻ ഉദ്ഘാടനം കഴിഞ്ഞ ആദ്യത്തെ ആഴ്ച തന്നെ കന്നുകാലികളെ ഇടിച്ച് അപകടത്തിൽപ്പെടുകയും ട്രെയിനിൻ്റെ മുൻവശത്തെ പാനലുകൾക്ക് തകരാർ സംഭവിക്കുകയും ചെയ്തിരുന്നു.
ഒക്ടോബർ 29 ന് ഗുജറാത്തിലെ വൽസാദിലെ അതുലിന് സമീപത്ത് വച്ചും വന്ദേഭാരത് ട്രെയിൻ പശുവിനെ ഇടിച്ച് തെറിപ്പിച്ചിരുന്നു. അപകടം പതിവായതോടെ 620 കിലോമീറ്ററിലധികം ദൈർഘ്യമുള്ള മുംബൈ-അഹമ്മദാബാദ്റൂട്ടിൽ വേലി കെട്ടാനാണ് പശ്ചിമറെയിൽവേയുടെ തീരുമാനം.
കഴിഞ്ഞ ദിവസം അതിവേഗതയിൽ എത്തിയ വന്ദേഭാരത് ട്രെയൻ ഇടിച്ചു തെറിപ്പിച്ച പശു ദേഹത്തേക്ക് വീണ് റെയിൽ പാളത്തിലിരുന്നയാൾ മരിച്ചിരുന്നു. രാജസ്ഥാനിലെ അൽവാറിലെ ആരവലി വിഹാറിലായിരുന്നു സംഭവം.മുൻ റെയിൽവേ ഉദ്യോഗസ്ഥനായ ശിവ് ദയാൽ ശർമ്മയാണ് മരിച്ചത്. 23 വർഷം മുൻപ് ഇന്ത്യൻ റെയിൽവേയിൽ ഇലക്ട്രീഷ്യനായി വിരമിച്ചയാളാണ് ശർമ്മ.ബുധനാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
കാളി മോറി ഗേറ്റിൽ നിന്ന് പുറപ്പെട്ട വന്ദേ ഭാരത് ട്രെയിനാണ് ട്രാക്കിലുണ്ടായിരുന്ന പശുവിനെ ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ പശുവിൻ്റെ ശരീരത്തിൻ്റെ ഒരു ഭാഗം 30 മീറ്റർ ദൂരേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. ഇവിടെ ട്രാക്കിൽ ഇരിക്കുകയായിരുന്ന ശിവദയാലിൻ്റെ ദേഹത്തേക്കാണ് ഈ ഭാഗം വന്നു വീണത്. അപകടസ്ഥലത്ത് വച്ചു തന്നെ ശിവദയാൽ മരണപ്പെട്ടു. ശിവദയാലിന്റെ മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.