IndiaNEWS

പൂഞ്ച് ഭീകരാക്രമണം; അന്വേഷണത്തിന് എന്‍.ഐ.എ.

ശ്രീനഗര്‍: ജമ്മുവിലെ പൂഞ്ചില്‍ സേനാവാഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ സൈനികര്‍ വീരമൃത്യു വരിച്ച സംഭവം എന്‍.ഐ.എയും അന്വേഷിക്കും. വെള്ളിയാഴ്ച ഉച്ചയോടെ സംഘം പൂഞ്ചിലെത്തുമെന്നാണ് ലഭ്യമാകുന്ന വിവരം. രജൗരി മേഖലയിലെ ഭീംബര്‍ ഗലിയില്‍നിന്ന് പൂഞ്ചിലേക്ക് പോകുന്നതിനിടെയായിരുന്നു സൈനികര്‍ ആക്രമിക്കപ്പെട്ടത്.

ഫോറന്‍സിക് വിധഗ്ധരോടൊപ്പമായിരിക്കും സംഘം സ്ഥലം സന്ദര്‍ശിക്കുക. ഹവില്‍ദാര്‍ മന്‍ദീപ് സിങ്, ലാന്‍സ് നായിക് ദേബാശിഷ് ബിസ്വാള്‍, ലാന്‍സ് നായിക് കുല്‍വന്ത് സിങ്, ശിപായി ഹര്‍കൃഷന്‍ സിങ്, ശിപായി സേവക് സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. കരസേനാ മേധാവി മനോജ് പാണ്ഡേ സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

Signature-ad

കനത്തമഴ കാരണം കാഴ്ചക്കുറവുണ്ടായിരുന്നു. ഇതു മുതലെടുത്താണ് ഭീകരര്‍ ആക്രമണം നടത്തിയതെന്നാണ് കരുതുന്നത്. മൂന്നു വശങ്ങളില്‍നിന്നാണ് ഭീകരര്‍ വാഹനത്തിനുനേരെ വെടിവെച്ചത്. പിന്നീട് ഗ്രനേഡുമെറിഞ്ഞു. ഇതോടെ വാഹനത്തിന്റെ ഇന്ധനടാങ്കിന് തീപിടിച്ചു.

സംഘത്തില്‍ നാലു ഭീകരര്‍ ഉണ്ടായിരുന്നുവെന്നാണ് സൈന്യത്തിന്റെ നിഗമനം. രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റിലെ അംഗങ്ങളാണ് ആക്രമണത്തിനിരയായത്. ഭീകരവിരുദ്ധ പോരാട്ടത്തിനായി നിയോഗിക്കപ്പെട്ടവരാണ് ഇവര്‍. ആക്രമണം നടത്തിയ ഭീകരര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് സൈന്യം വ്യക്തമാക്കി.

പൂഞ്ചില്‍നിന്ന് 60 കിലോമീറ്റര്‍ അകലെയാണ് ആക്രമണം നടന്ന സ്ഥലം. വാഹനത്തിന് തീപിടിച്ചാണ് അപകടമെന്നായിരുന്നു ആദ്യം സൈനികവൃത്തങ്ങള്‍ പറഞ്ഞത്. പിന്നീടാണ് ഭീകരാക്രമണമണമാണെന്ന് സ്ഥിരീകരിച്ചത്.

 

Back to top button
error: