NEWSWorld

കൃത്രിമ മഴയുടെ സാധ്യതകൾ തേടി ലോകം

ലോകം ഇന്ന് കൃത്രിമ മഴയുടെ സാധ്യതയേക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്.സാങ്കേതികവിദ്യയുടെ സഹായത്തോടെ മഴ പെയ്യിക്കുന്നതാണ് കൃത്രിമ മഴ.ക്ലൗഡ് സീഡിങ്  എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇങ്ങനെ മഴ കൃത്രിമമായി പെയ്യിക്കുന്നത്.പലതരം രാസവസ്തുക്കൾ ഇതിനായി ഉപയോഗിക്കുന്നു.
എങ്ങനെയാണ് ക്ലൗഡ് സീഡിങ്ങ് നടത്തുന്നതെന്ന് നോക്കാം. ചിതറിക്കിടക്കുന്ന മേഘങ്ങളെ ഒരുമിച്ച് കൂട്ടുകയാണ് ആദ്യം ചെയ്യുന്നത്. രാസവസ്തുക്കൾ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. മഴ പെയ്യിക്കേണ്ട പ്രദേശത്തിന് മുകളിലായി മേഘങ്ങളെ എത്തിക്കും. തുടർന്ന് സിൽവർ അയഡൈഡ്, ഡ്രൈ ഐസ് എന്നിവ മേഘങ്ങളിൽ വിതറും. വിമാനങ്ങൾ ഉപയോഗിച്ചാണ് മേഘങ്ങളിൽ രാസവസ്തുക്കൾ വിതറുന്നത്. ഭൂമിയിൽ നിന്ന് ജനറേറ്ററുകൾ ഉപയോഗിച്ചും റോക്കറ്റുകൾ ഉപയോഗിച്ചും സീഡിങ്ങ് നടത്താറുണ്ട്. മേഘങ്ങളിൽ എത്തുന്ന രാസവസ്തുക്കൾ അവിടയെുളള നീരാവിയെ ഖനീഭവിപ്പിച്ച് വെളളത്തുളളികളാക്കി മാറ്റുകയാണ് ചെയ്യുന്നത്.
ഭൂമിയിൽ നിന്ന് ഏകദേശം 12,000 അടി ഉയരത്തിലുളള മേഘങ്ങളാണ് ക്ലൗഡ് സീഡിങ്ങിന് കൂടുതൽ യോജ്യമായുളളത്. റഡാറുകൾ ഉപയോഗിച്ചാണ് യോജ്യമായ മേഘങ്ങളെ കണ്ടെത്തുന്നത്. ക്ലൗഡ് സീഡിങ്ങിന് സാധാരണയായി ഉപയോഗിക്കുന്ന രാസവസ്തുക്കൾ സിൽവർ അയഡൈഡ്, പൊട്ടാസ്യം അയഡൈഡ്, ഡ്രൈ ഐസ് എന്നിവയാണ്. എന്നാൽ  ദ്രവീക്യത പ്രൊപേയ്ൻ ആണ് മേഘങ്ങളിൽ ഐസ് പാരലുകൾ സൃഷ്ടിക്കാൻ കൂടുതൽ ഫലപ്രദം. കറിയുപ്പ് ഉപയോഗിച്ചും ക്ലൗഡ് സീഡിങ് നടത്താറുണ്ട്. 2010-ൽ ജനീവ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ സൾഫർ ഡയോക്സൈഡും നൈട്രജൻ ഡയോക്സൈഡും ഉപയോഗിച്ചുള്ള  ക്ലൗഡ് സീഡിങ്  പരീക്ഷണം നടത്തിയിരുന്നു.
ഇന്ത്യയിൽ ഇതിന് മുൻപും ക്ലൗഡ് സീഡിങ്ങ് പരീക്ഷിച്ചിട്ടുണ്ട്. 1983 മുതൽ 1987 വരെയും, 1993 മുതൽ 1994 വരെയും തമിഴ്നാട് സർക്കാർ ക്ലൗഡ് സീഡിങ്ങ് നടത്തിയിട്ടുണ്ട്. 2003-2004 ൽ കർണ്ണാടക സർക്കാരും ഈ വിദ്യ പരീക്ഷിച്ചിട്ടുണ്ട്. ഇതേ വർഷത്തിൽ  തന്നെ അമേരിക്ക ആസ്ഥാനമായുളള വെതർ മോഡിഫിക്കേഷൻ ഇൻകോർപ്പറേറ്റഡ് എന്ന കമ്പനിയുടെ സഹായത്തോടെ മഹാരാഷ്ട്രയിലും ക്ലൗഡ് സീഡിങ്ങ് നടത്തി. ആന്ധ്രപ്രദേശിലെ പന്ത്രണ്ട് ജില്ലകളിൽ കൃത്രിമ മഴ പെയ്യിക്കാനുള്ള  പദ്ധതി കൊണ്ടുവന്നത് 2008-ൽ  ആയിരുന്നു. 2005-ലെ വരൾച്ച സമയത്ത് പാലക്കാട് ജില്ലയിൽ കൃത്രിമ മഴ പെയ്യിക്കാൻ താൽപര്യം കാണിച്ചിരുന്നുവെങ്കിലും നടന്നില്ല.
ക്ലൗഡ് സീഡിങ് പൂർണമായും വിജയകരമാണെന്ന് പറയാൻ കഴിയില്ല. ഏഷ്യ, ആഫ്രിക്ക, വടക്കേ അമേരിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിലുളള മിക്കവാറും രാജ്യങ്ങളിലും ക്ലൗഡ് സീഡിങ്ങ് ഉപയോഗിച്ച്   കൃത്രിമ മഴ പെയ്യിക്കുകയോ, മൂടൽ മഞ്ഞ് നീക്കം ചെയ്യുകയോ ഉണ്ടായിട്ടുണ്ട്.
ക്ലൗഡ് സീഡിങ്ങ് നടത്തുക വഴി സ്വാഭാവികമായി ഉണ്ടാകുന്ന  മഴയുടെ അളവിൽ പത്ത് ശതമാനത്തിലധികം വർദ്ധനവുണ്ടായിട്ടുണ്ടെന്ന് ടെൽ അവീവ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ 2010 ൽ നടത്തിയ പഠനങ്ങൾ തെളിയിക്കുന്നുണ്ട്.

Back to top button
error: