FeatureNEWS

ബൈക്കിന്റെ ഹാന്റിലിൽ തൂങ്ങിയാടുന്ന ഹെൽമെറ്റ് തലയിൽ വെച്ചിരുന്നെങ്കിൽ-തൃശൂർ മെഡിക്കൽ കോളേജ് ഫോറൻസിക് മേധാവി എഴുതുന്നു

രു മാസത്തിൽ ഏകദേശം 200-ലധികം പോസ്‌റ്റുമോർട്ടങ്ങൾ നടക്കുന്ന തൃശൂർ മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗത്തിന്റെ മേധാവി എന്ന നിലയിലും,
ഈ എണ്ണത്തിൽ പകുതിയോളം വിവിധ റോഡപകടങ്ങളിൽ മരണമടഞ്ഞവരുടെ കൂടിയാണെന്ന യാഥാർഥ്യത്തെപ്പറ്റി നല്ല ബോധ്യമുള്ളതുമായ ഒരാൾ എന്ന നിലയിലും,
അതിൽ ഭൂരിഭാഗവും യുവാക്കൾ ആണെന്ന സത്യം അറിയുന്നതിനാലും,
സർക്കാരിന്റെ ഏറ്റവും പുതിയ (വൈകിയ) സംരംഭമായ എ.ഐ ക്യാമറകളെ തുറന്ന മനസ്സോടെ സ്വാഗതം ചെയ്യാനേ എനിക്ക് കഴിയൂ…
ഞങ്ങളുടെ ജോലിഭാരം കുറയുന്നത് മാത്രമല്ല അതിന്റെ കാരണം…
പറയുമ്പോൾ ഞാനും ഒരു സ്ഥിരം യാത്രികൻ ആണ്. സ്വാഭാവികമായും നിയമലംഘനങ്ങൾ അപൂർവമായി സംഭവിച്ചുപോകാറുമുണ്ട്. പ്രത്യേകിച്ചും ഓവർസ്പീഡ്/മൊബൈൽ ഉപയോഗം എന്നീ കാര്യങ്ങളിൽ…
മാനുഷികമായ അപര്യാപ്തതകൾ എല്ലാവരിലും ഉണ്ടാകുമല്ലോ…
പലപ്പോഴും 4 ലൈൻ ട്രാഫിക്കിൽ തിരക്കില്ലാത്ത സമയങ്ങളിൽ ആണ് മേൽപ്പറഞ്ഞ ലംഘനങ്ങൾ ഉണ്ടാകാറുള്ളത്..
എന്നാൽ, ഓരോതവണയും കൃത്യമായി പിഴ അടയ്ക്കാറുമുണ്ടെന്ന് എനിക്ക് ഉറപ്പിച്ചു പറയാനും കഴിയും; അതൊരു ക്രെഡിറ്റ് അല്ലെങ്കിൽ പോലും.
അതേസമയം, 30 വർഷങ്ങളായുള്ള ഡ്രൈവിങ്ങിൽ ഞാനായിട്ട് മറ്റൊരാൾക്ക് അപകടം ഉണ്ടാക്കിയിട്ടില്ലെന്നതും എനിക്ക് അഭിമാനമുള്ള ഒരു കാര്യമാണ്.
പക്ഷേ, എന്നും ഞങ്ങളുടെ ടേബിളിൽ കാണുന്ന കേസുകളുടെ ചരിത്രം ചികയുമ്പോൾ മനസ്സിലാക്കാറുള്ള ചില വിവരങ്ങൾ കേട്ട് നിശബ്ദനായി നിന്നുപോയിട്ടുമുണ്ട്…
ചില കൊച്ചു കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നെങ്കിൽ ആ തണുത്തുമരവിച്ച പോസ്റ്റ്മോർട്ടം ടേബിളിൽ കിടക്കേണ്ടതിനുപകരം അയാൾ അന്നും കോളേജിലോ ഓഫീസിലോ സ്വന്തം കാര്യങ്ങളിൽ വ്യാപൃതനായിരുന്നേനേ…
വീട്ടിൽ മാതാപിതാക്കളോ, പങ്കാളിയോ അല്ലെങ്കിൽ കുട്ടികളോ അയാളെപ്പറ്റി ഓർത്തു വിഷമിക്കാതിരുന്നേനേ…
വെറും അശ്രദ്ധയാണ് പകുതിയിലധികം റോഡപകടങ്ങളുടെയും മൂലകാരണം എന്നതാണ് പരമാർത്ഥം.
ബൈക്കിന്റെ ഹാന്റിലിൽ തൂങ്ങിയാടുന്ന ഹെൽമെറ്റ് തലയിൽ വെച്ചിരുന്നെങ്കിൽ…
തലയിൽ ഒരു അലങ്കാരം പോലെ സ്ഥാപിച്ചിട്ടുള്ള ഹെൽമെറ്റിന്റെ സ്ട്രാപ്പ് കൃത്യമായി ഉറപ്പിച്ചിരുന്നെങ്കിൽ…
ഇടതുവശം മുൻസീറ്റിൽ അലസമായി ഇരിക്കുമ്പോൾ ആ സീറ്റ്ബെൽറ്റ് കൂടി ഇട്ടിരുന്നെങ്കിൽ…
മുൻപിൽ റോഡിലെ ട്രാഫിക് സിഗ്നലിലെ ഓറഞ്ചുനിറത്തോട് (മഞ്ഞ) അല്പംകൂടി  ബഹുമാനം കാണിച്ചിരുന്നെങ്കിൽ…
ബൈക്കോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉറപ്പിക്കേണ്ട സ്ഥലം തോളിനുപകരം പോക്കറ്റ് ആണെന്ന തിരിച്ചറിവ് ഉണ്ടായിരുന്നെങ്കിൽ…
ഈ ജീവനുകൾ പൊലിയില്ലായിരുന്നു..!!
അതുപോലെ സീബ്രാലൈൻ കാൽനടക്കാരുടെ അവകാശമാണെന്ന തിരിച്ചറിവ് ഉണ്ടായിരുന്നെങ്കിൽ…
ഗതാഗത കുരുക്കുകൾ ഉള്ളപ്പോൾ അല്പം കൂടി ക്ഷമകാണിക്കാനും, വരിതെറ്റിച്ചു കൊണ്ട് പോകുന്നതല്ല മാന്യത എന്ന് തിരിച്ചറിയാനുമുള്ള കുറഞ്ഞ ബോധം സ്വന്തമായിരുന്നെങ്കിൽ…
ട്രാഫിക് സൈനുകൾ വെറുതെ ഭംഗിക്ക് വെച്ചിട്ടുള്ള ജോമെട്രിക് കോലങ്ങൾ അല്ല എന്ന ബോധ്യമുണ്ടായിരുന്നെങ്കിൽ…
നാട്ടിലെ പൊതുനിരത്തുകൾക്ക് മറ്റുള്ളവർ കൂടി അവകാശികൾ ആണെന്ന സത്യം എന്നെങ്കിലും മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ…
ഒരുനല്ല ഗതാഗത സംസ്കാരം നമുക്ക് സ്വന്തമായേനേ..!!
നേരത്തെ വരേണ്ടിയിരുന്ന ഇത്തരം മാർഗ്ഗനിർദ്ദേശങ്ങളും നിയന്ത്രണങ്ങളും ഇപ്പോഴെങ്കിലും സാധ്യമായതിൽ സന്തോഷിക്കുന്ന ഒരാളാണ് ഞാൻ. എന്തായാലും പ്രാരംഭഘട്ടമായി ഒരുമാസത്തെ ട്രാഫിക് ബോധവൽക്കരണം കൊടുക്കാനുള്ള സർക്കാർ തീരുമാനം നല്ലതുതന്നെ…
സിനിമാ തീയറ്റർ, ഷോപ്പിംഗ് മാളുകൾ, ടെലിവിഷൻ, പത്ര-മാധ്യമങ്ങൾ എന്നിവകൂടി ഉപയോഗിച്ചുള്ള ഒരു ഊർജ്ജിതമായ ബോധവൽക്കരണം തന്നെ നൽകാൻ സർക്കാർ തയ്യാറാവുകയാണ് വേണ്ടത്…
ഒപ്പം ഒരു നല്ല ഗതാഗത-സംസ്കാരം വളർത്തിയെടുക്കാനും ശീലിക്കാനും നമ്മളും തയ്യാറാവണം….
ഡോ. ഉന്മേഷ് എ.കെ
ഫോറൻസിക് മേധാവി & പോലീസ് സർജൻ
തൃശൂർ മെഡിക്കൽ കോളേജ്.

Back to top button
error: