താരനും പേനും
തല താളിയിട്ടു നന്നായി കഴുകിയശേഷം ചന്ദനത്തിരിയുടെ പുക മുടിയിലേല്പ്പിക്കുക. വേപ്പിൻകുരു പൊടിച്ചു പുരട്ടിയാൽ തലയിലെ താരൻ, പേൻ എന്നിവ നശിക്കും. തുളസിയില അരച്ചുപുരട്ടിയാലും മതി.
പനിയും ചുമയും
ആടലോടകത്തിന്റെ ഇല, കരിപ്പെട്ടി, കുരുമുളക്, ജീരകം ഇവ ചേർത്തുണ്ടാക്കുന്ന കാപ്പി കഷായം വച്ചു കഴിച്ചാൽ പനിയും ചുമയും ശമിക്കുകയും കഫം അലിഞ്ഞുപോവുകയും ചെയ്യും.
പല്ലുവേദന
ഐസ് കഷണം പല്ലിലമർത്തിയാൽ പല്ലുവേദന കുറയും. കുറയുന്നില്ലെങ്കിൽ ചൂടുവെള്ളം നിറച്ച പാഡ് അമർത്തുക. പല്ല് പുളിക്കുന്നുണ്ടെങ്കിൽ തളിർമാവില ചവച്ചാൽ മതി. നന്ത്യാർവട്ടത്തിന്റെ വേരു ചവച്ചാലും പല്ലുവേദന മാറികിട്ടും.
പീനസം
തൊട്ടാവാടി ഇലയും തുളസിയിലയും സമം ചേർത്തു എണ്ണ കാച്ചിത്തേച്ചാൽ പീനസം മാറും.
പുകവലിദോഷം
കൈതച്ചക്ക(പൈനാപ്പിൾ) എന്നും കുറേശ്ശേ കഴിച്ചാൽ പുകവലി കൊണ്ടുണ്ടാകുന്ന ദോഷങ്ങൾ ഏറെക്കുറെ മാറിക്കിട്ടും.
മദ്യപാനം
അമിതമായി മദ്യപിച്ചാൽ തലവേദന, വയറിനു അസുഖം, ദാഹം, തലയ്ക്കു മാന്ദ്യം, ഉന്മേഷക്കുറവ് എന്നിവ അനുഭവപ്പെടും. മദ്യപാനത്തിനെതിരെ ശരീരം നല്കുന്ന താക്കീതാണ് പ്രസ്തുത മുന്നറിയിപ്പുകൾ.
- തലവേദന മാറാൻ നെറ്റി തടവി നോക്കുക.
- ധാരാളം വെളളം കുടിക്കുക.
- ലഘുഭക്ഷണം കഴിച്ചു വിശ്രമിക്കുക.
- നല്ലവണ്ണം ഉറങ്ങുക.
- അതോടെ അസ്വസ്ഥതകളെല്ലാം മാറും.
- അമിതമദ്യപാനം തുടർന്നാൽ മാറ്റാനെളുപ്പമല്ല. നിയന്ത്രണാധീനമല്ലെങ്കിൽ മദ്യവിരക്തിക്കുള്ള ചികിത്സയ്ക്കായി ഡോക്ടറെ കാണുക.
മദ്യത്തിന്റെ മത്ത്
തലേന്നു വാഴവേരു ചതച്ചു കുറച്ചു വെള്ളത്തിലിട്ടു വച്ചു പിറ്റേന്നു രാവിലെ ആ വെള്ളം കുടിച്ചാൽ മദ്യം കഴിച്ചുള്ള മത്തു മാറും. മോരു കുടിച്ചാലും തെല്ലു ശമനം കിട്ടും.
മലബന്ധം
ചെന്നിനായകവും ത്രിഫലയും ചേർത്തു വെള്ളം തിളപ്പിച്ച് കുടിക്കുകയോ, അത്താഴം കഴിഞ്ഞു എന്നും രണ്ടോ, മൂന്നോ തക്കാളിപ്പഴം കഴിക്കുകയോ ചെയ്താൽ മലബന്ധം മാറ്റാം. പഴങ്ങളെല്ലാം തന്നെ മലബന്ധം മാറ്റാനുതകും.