കൊല്ലം: ചവറയില്‍ എസ്ഡിപിഐ നേതാവിന്റെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്. എസ്ഡിപിഐ കൊല്ലം ജില്ലാ കമ്മറ്റി അംഗമായിരുന്ന അബ്ദുള്‍ അസീസിന്റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. ചവറ ബിപിഒ പുലത്തറക്കിഴക്കതില്‍ അബ്ദുള്‍ ഖാദറിന്റെ മകനാണ് അബ്ദുള്‍ അസീസ്(45). ഇയാളുടെ ഭാര്യ വീടായ ചവറ കോട്ടയ്ക്കകം ഭരണിക്കാവ് സുബഹ മന്‍സില്‍ വീട്ടിലും റെയ്ഡ് നടന്നു.
ലഘുലേഖ ഉള്‍പ്പെടെ റെയ്ഡില്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. അബ്ദുള്‍ അസീസ് നിലവില്‍ വിദേശത്താണ്. മാസങ്ങള്‍ക്ക് മുമ്പ് എന്‍ഐഎ അറസ്റ്റ് ചെയ്ത മുഹമ്മദ് സാദിഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തിന് പിന്നാലെ നിരവധി തവണ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു.
അഞ്ച് എന്‍ഐഎ ഉദ്യോഗസ്ഥരും രണ്ട് റവന്യൂ ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു. അബ്ദുള്‍ അസീസിന്റെ ഭാര്യവീട്ടിലായിരുന്നു ആദ്യ പരിശോധന. രാവിലെ 6.45 ഓടെ തുടങ്ങിയ പരിശോധന 11.30 ഓടെ അവസാനിച്ചു. തുടര്‍ന്ന് 12.30ഓടെ അബ്ദുള്‍ അസീസിന്റെ വീടും റെയ്ഡ് ചെയ്തു. മൂന്നു മണിയോടെ എന്‍ഐഎ സംഘം മടങ്ങി.