Movie

ഷെയ്ൻ നിഗം ‘ആര്‍ഡിഎക്സ്’ ലൊക്കേഷനിൽ നിന്നും അർദ്ധരാത്രി ഇറങ്ങിപ്പോയി, താരത്തിന്റെ പിടിവാശി സിനിമയുടെ ചിത്രീകരണം പലതവണ നിലച്ചു; ആഞ്ഞടിച്ച് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍

സിനിമ

‘ആര്‍ഡിഎക്സ്’ എന്ന സിനിമയുടെ സെറ്റില്‍ ഷെയ്‍ൻ നിഗം വൻപ്രശ്‍നങ്ങൾ സൃഷ്ടിച്ചതായി വാർത്ത. താരത്തിന്റെ പിടിവാശികള്‍ മൂലം സെറ്റില്‍ തര്‍ക്കമുണ്ടാകുകയും ചിത്രീകരണം നിലക്കുകയും ചെയ്തു.

വൻ താരനിരയിൽ ഒരുങ്ങുന്ന ഈ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് അർദ്ധരാത്രിയിൽ ഷെയ്ൻ നിഗം ഇറങ്ങിപ്പോയതോടെയാണ് ചിത്രീകരണം മുടങ്ങിയത്. സോഷ്യൽ മീഡിയ പേജുകളിൽ ഇതേക്കുറിച്ച് വൻ ചർച്ചകളാണ് നടക്കുന്നത്. ഈ സിനിമയിലെ സഹതാരമായ ആൻറണി വർഗീസുമായിട്ടുള്ള അസ്വാരസ്യങ്ങളാണ് പ്രശ്നങ്ങൾക്കു കാരണം. ‘റോബർട്ട്,’ ‘ഡോണി,’ സേവ്യർ’ എന്നിങ്ങനെ മൂന്നു സുഹൃത്തുക്കളുടെ കഥയാണ് ‘ആർഡിഎക്സി’ലൂടെ സംവിധായകനായ നഹാസ് ഹിദായത്ത് പറയുന്നത്.  ഷെയ്‍ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് ഈ കേന്ദ്രകഥാപാത്രങ്ങളെ
അവതരിപ്പിക്കുന്നത്. ഐമാറോസ്മിയും മഹിമാനമ്പ്യാരുമാണു നായികമാർ. ലാൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ആൻറണി വർഗീസ് നീരജ് മാധവ് എന്നിവരേക്കാൾ പ്രാധാന്യം തനിക്ക് വേണമെന്നാണ് ഷെയ്ൻ നിഗം വാശി പിടിക്കുന്നത്. ഇതേ തുടർന്ന് പലതവണ സിനിമയുടെ ചിത്രീകരണം നിർത്തിവയ്ക്കേണ്ടി വന്നു. ഇതുവരെ ചിത്രീകരിച്ച ദൃശ്യങ്ങൾ എഡിറ്റ് ചെയ്തു കാണണമെന്നും താരം നിർബന്ധം പിടിക്കുന്നുവത്രേ. ഈ ചർച്ചകൾ കൊടുമ്പിരി കൊണ്ടിരിക്കുൾ ആന്റണി വർഗീസിന്റെ ‘ഡ്രാമ വേണ്ട ‘എന്ന പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടു. യഥാർത്ഥ ജീവിതത്തിൽ മികച്ച നാടകം കളിക്കുന്നവർക്ക് ഇത് സമർപ്പിക്കുന്നു എന്ന കുറിപ്പോടെയാണ് ആൻറണി വർഗീസ് ഇൻസ്റ്റഗ്രാമിൽ ഇത്പങ്കുവെച്ചത്.

സോഫിയ പോളാണ് ചിത്രം നിര്‍മിക്കുന്നത്. എല്ലാ ദേശത്തിനും ഭാഷയ്ക്കും ഇണങ്ങും വിധം ഒരു പാൻ ഇന്ത്യൻ ചിത്രമായിരിക്കും ഇത്. ഷബാസ് റഷീദ് ആദർശ് സുകുമാരൻ എന്നിവരുടേതാണു തിരക്കഥ.

സിനിമാ സംഘടനകളും വിഷയത്തില്‍ ഇടപെട്ടുവെങ്കിലും രമ്യമായ പരിഹാരം കണ്ടെത്താനായിട്ടില്ല. ഈ ഘട്ടത്തിലാണ് മലയാള സിനിമയിലെ അഭിനേതാക്കളുടെ ഇത്തരം പിടിവാശിക്കെതിരെ ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി.ഉണ്ണികൃഷ്ണന്‍ ആഞ്ഞടിച്ചത്. ചില നടീ നടന്‍മാര്‍ പ്രശ്‌നമുണ്ടാക്കുന്നു, ചില താരങ്ങള്‍ കരാര്‍ ഒപ്പിടുന്നില്ല, പിടിവാശിമൂലം ചിത്രീകരണം മുടങ്ങുന്നു’ ചിലര്‍ ഒരേ സമയം ഒന്നിലേറെ നിര്‍മ്മാതാക്കള്‍ക്ക് ഡേറ്റ് നല്‍കുന്നു തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് മലയാള താരങ്ങള്‍ക്കെതിരെ ഫെഫ്കയുടെ ജനറല്‍ സെക്രട്ടറി ഉന്നയിച്ചിരിക്കുന്നത്.

ചിലര്‍ പറയുന്നത് സിനിമയുടെ സീൻ എഡിറ്റ് ചെയ്ത് തൽസമയം അവരെയും അവര്‍ ആവശ്യപ്പെടുന്നവരെയും കാണിക്കണം എന്നാണ്. അവര്‍ക്ക് ആവശ്യമുള്ള പോലെ റീ എഡിറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നത് സംവിധായകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ചില സീനുകൾ വീണ്ടും ചിത്രീകരിക്കാന്‍ ആവശ്യപ്പെടുന്നു

സിനിമക്ക് വേണ്ടി പണം മുടക്കിയ നിര്‍മ്മാതാവിനെ മാത്രമാണ് എഡിറ്റ് കാണിച്ച് ബോധ്യപ്പെടുത്തുകയുള്ളു. അഭിപ്രായം ആര്‍ക്കും പറയാമെങ്കിലും സിനിമയെ പ്രതിസന്ധിയിലാക്കുന്ന നടപടി ശരിയല്ല എന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

പല താരങ്ങളുടെയും പേര് വച്ച് പരാതി ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ ബി ഉണ്ണികൃഷ്ണന്‍ അവര്‍ ആരൊക്കെ എന്ന് ഉടന്‍ പറയുമെന്നും അറിയിച്ചു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ എല്ലാ തീരുമാനങ്ങള്‍ക്കൊപ്പവും ഫെഫ്ക ഉണ്ട്. അവരുമായി ചര്‍ച്ച ചെയ്ത് പേര് വെളിപ്പെടുത്തുമെന്നും ഉണ്ണികൃഷ്ണന്‍ അറിയിച്ചു

ഷെയിന്‍ നിഗം ലൊക്കേഷനുകളിൽ പ്രശ്നമുണ്ടാക്കുന്നത് ആദ്യമല്ല. അഭിനയിച്ച ചിത്രങ്ങളിലൊക്കെ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുള്ള ഷെയിന്‍ ആദ്യ കാലത്ത് മയക്കു മരുന്ന് ആരോപണങ്ങളിൽ കുടുങ്ങിയിരുന്നു. ഫേസ്ബുക്ക് ഫോട്ടോയ്ക്ക് പരിഹാസ കമന്റ് ഇട്ട വ്യക്തിയുടെ ‘അമ്മയ്ക്ക്’ വിളിച്ചത് വൻ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു.

മലയാളി എന്നും ഓർമിക്കുന്ന പ്രശസ്ത മിമിക്രി-ചലച്ചിത്രതാരം അബിയുടെ മകനാണ് ഷെയന്‍ നിഗം. അമൃത ടിവി സംപ്രേഷണം ചെയ്ത ഡാൻസ് റിയാലിറ്റി ഷോയിലൂടെ ചലച്ചിത്ര രംഗത്തെത്തിയ ഷെയ്ന്റെ പുതിയ ചിത്രം, പ്രിയദർശന്റെ ‘കൊറോണാ പേപ്പേഴ്സ്’ നിലംകുത്തി വീ ണു. ഇതോരു പാഠമാകുമോ എന്ന് കണ്ടറിയണം.

Back to top button
error: