സിൽവർ ലൈൻ എന്നത് വലിയ പണക്കാരൻ വേണ്ടിയുള്ള സംവിധാനമാണെന്ന കെട്ടിയിറക്കിയ പൊതുബോധത്തെ മാറ്റിയെടുക്കാൻ കേരളത്തിലെ സാധാരണക്കാരുടെ സംവിധാനമായ കുടുംബശ്രീയുമായി കണക്റ്റ് ചെയ്ത് സംസാരിച്ച ഗോവിന്ദൻമാഷിനെ ട്രോളുന്ന തിരക്കിലാണ് മാധ്യമങ്ങളും കഥയില്ലാത്ത മറ്റു ചിലരും.
ഗോവിന്ദൻമാഷ് ഇന്നലെയും കൃത്യമായി “അപ്പം തിയറി ” ആവർത്തിച്ചിരുന്നു.സിൽവർ ലൈൻ സാധാരണക്കാരുടെ സംവിധാനമാണെന്നും അല്ലാതെ വന്ദേഭാരത് പോലെ പണക്കാർക്ക് വേണ്ടിയല്ലെന്നുമാണ് അതിലൂടെ മാഷ് വ്യക്തമാക്കിയത്.
നാൽപത്തിയാറ് ലക്ഷമാണ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൂട്ടായ്മയായ കുടുംബശ്രീ അംഗങ്ങളുടെ കേരളത്തിലെ എണ്ണം.മൂന്ന് ലക്ഷം അയൽകൂട്ടങ്ങളിലൂടെ സമാനതകളില്ലാത്ത മുന്നേറ്റമാണ് കേരളത്തിൽ കുടുംബശ്രീ ഇന്ന് നടത്തുന്നതും.
അപ്പം ആയാലും, അച്ചാർ ആയാലും അരി മുറുക്കായാലും വിൽപ്പന നടത്തി മാന്യമായി ഇവർ ഈ നാട്ടിൽ ജീവിക്കുന്നുണ്ട്.പൊതുഗതാഗത സംവിധാനത്തെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതും അവരാണ്.. അവർക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ യാത്ര ചെയ്യേണ്ട ആവശ്യങ്ങൾ ധാരാളമുണ്ടുതാനും.സിൽവർ ലൈൻ വന്നാൽ വളരെ ചിലവ് കുറഞ്ഞ രീതിയിൽ വളരെപ്പെട്ടെന്ന് തന്നെ അത് സാധിക്കും.അതേസമയം വന്ദേഭാരത് കൊണ്ട് അവർക്ക് യാതൊരു ഗുണവുമില്ല.
വന്ദേഭാരത് സാധാരണക്കാരന് താങ്ങാൻ കഴിയുന്ന ടിക്കറ്റ് നിരക്കല്ല… മാത്രമല്ല ദിവസം ഒരൊറ്റ സർവ്വീസാണ് അതിനുള്ളതും.അതേസമയം ഇരുപത് മിനിറ്റ് ഇടവിട്ടാണ് സിൽവർ ലൈൻ സർവീസുകൾ.കൊച്ചിയിൽ നിന്ന് തൃശൂരേക്കോ,കോട്ടയത്തു നിന്ന് കൊച്ചിയിലോ പോയി തങ്ങളുടെ ഉൽപ്പന്നങ്ങൾ വിറ്റഴിച്ച് അവർക്ക് അതിവേഗം വീട്ടിൽ തിരിച്ചെത്താം.നാളേക്കുള്ള ഉൽപ്പന്നങ്ങൾ തയാറാക്കി വയ്ക്കുകയും ചെയ്യാം.കുടുംബകാര്യവും കുട്ടികളുടെ കാര്യവും കന്നാലിയുണ്ടെങ്കിൽ അതിന്റെ കാര്യവും നോക്കാം.
ഗോവിന്ദൻമാഷിന്റെ “അപ്പം തിയറി ” ശരിയായ ട്രാക്കിൽ ഓടുന്നതും മറ്റുള്ളവർ ട്രാക്ക് തെറ്റി ഓടുന്നതും ഇതുകൊണ്ടൊക്കെ തന്നെയാണ് !