കോട്ടയം: പ്രമുഖ ബേക്കറിയില്‍നിന്നും ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെത്തിപ്പുഴ ഈരയില്‍ മേബിള്‍ വര്‍ഗീസ് (27) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കോട്ടയം കഞ്ഞിക്കുഴിയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ബേക്കറിയുടെ ബ്രാഞ്ചില്‍ ഷോപ്പ് മാനേജര്‍ ആയി ജോലി ചെയ്തിരുന്ന 2021 മുതല്‍ 2022 കാലയളവിലാണ് വിവിധ രീതിയില്‍ തട്ടിപ്പ് നടത്തിയത്.
ബേക്കറി സാധനങ്ങള്‍ ബില്ലില്‍ ചേര്‍ക്കാതെ വില്‍പ്പന നടത്തിയും, തുക കുറച്ചു കാണിച്ച് കളവായി രേഖകള്‍ ഉണ്ടാക്കിയും, കൂടാതെ കസ്റ്റമര്‍ സാധനം വാങ്ങിക്കുന്ന വകയില്‍ നല്‍കേണ്ട പണം കമ്പനിയുടെ ഗൂഗിള്‍ പേ അക്കൗണ്ടിന് പകരം തന്റെ പേരിലുള്ള വിവിധ അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്‌തെടുത്തുമാണ് തട്ടിപ്പ് നടത്തിയത്. ഉടമയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായിരിക്കുന്നത്.
ബേക്കറി ഉടമയുടെ പരാതിയെ തുടര്‍ന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ ഇയാള്‍ പണം തിരിമറി നടത്തിയതായി കണ്ടെത്തുകയുമായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.