പാലക്കാട്: ഈ വിഷു ദിനത്തിൽ തൃത്താലക്കാർക്ക് പ്രത്യേകമായ മറ്റൊരു സന്തോഷം കൂടിയുണ്ട്. 3220 കിലോ പച്ചക്കറികളാണ് ഒരാഴ്ച കൊണ്ട് മാത്രം തൃത്താലയിൽ സംഭരിച്ചത് !
വിളവെടുക്കുന്ന പച്ചക്കറികൾക്ക് ആവശ്യമായ വിപണി കണ്ടെത്തുന്നതിന്റെ ഭാഗമായി മുഴുവനും ഹോർട്ടികോർപ് ഏറ്റെടുക്കുകയും ചെയ്തു.പച്ചക്കറി സംഭരണത്തിന്റെയും കൃഷിശ്രീ സെന്ററിന്റെയും ഉദ്ഘാടനം ഇന്നലെ മന്ത്രി എം ബി രാജേഷ് ഇവിടെ നിർവഹിച്ചു.
കഴിഞ്ഞ രണ്ട് കൊല്ലം കൊണ്ട് തൃത്താലയുടെ കാർഷിക രംഗം പുതിയ ഉണർവ്വിലും ഉന്മേഷത്തിലുമാണെന്ന് എം ബി രാജേഷ് പറയുന്നു. 800 ലധികം ഹെക്ടറിലേക്ക് നെൽകൃഷി വ്യാപിച്ചു.അതിൽ തന്നെ ഇടക്കാലത്ത് നിന്ന് പോയ പുഞ്ചകൃഷിയുടെ പുനരുജ്ജീവനത്തിനു പ്രാധാന്യം നൽകി. വിവിധ ലിഫ്റ്റ് ഇറിഗേഷൻ സ്കീമുകളിലൂടെയുള്ള ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തി.ചെറുധാന്യങ്ങളു ടെയും പച്ചക്കറിയുടെയും കൃഷിക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കി.തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തി ഭൂജല പോഷണത്തിനായി കൃഷിയിടങ്ങളിലെ കുളങ്ങൾ നവീകരിച്ചു.സുസ്ഥിര തൃത്താല പദ്ധതിയുടെ ഭാഗമായി നടത്തിയ ഇത്തരം ഇടപെടലുകൾ ഇപ്പോൾ ഫലം കണ്ടു തുടങ്ങിയിരിക്കുന്നു-അദ്ദേഹം പറഞ്ഞു.
ക്ഷീരകർഷകർക്കായി ക്ഷീര ഗ്രാമം പദ്ധതിക്കും നാളികേര കർഷകർക്കായി കേര ഗ്രാമം പദ്ധതിക്കും പുറമെ കൃഷിശ്രീ പദ്ധതിയും ഇപ്പോൾ തൃത്താലയിലെ നാഗലശ്ശേരി പഞ്ചായത്തിൽ നടപ്പിലാക്കി വരികയാണ്.കാർഷിക മേഖലയിൽ തൃത്താല കൈവരിച്ച ഈ നേട്ടങ്ങൾ സുസ്ഥിര വികസന മാതൃകയുടെ പുതിയ ചരിത്രം സൃഷ്ടിക്കും എന്ന കാര്യത്തിൽ സംശയമില്ലെന്നും എം ബി രാജേഷ് വ്യക്തമാക്കി.