KeralaNEWS

ട്രെയിനിനെ തോല്‍പിച്ച് മിന്നല്‍ വേഗത്തിലോടി കെ എസ് ആര്‍ ടി സി

തിരുവനന്തപുരം:ട്രെയിനിനെ തോല്‍പിച്ച് മിന്നല്‍ വേഗത്തിലോടി കെ എസ് ആര്‍ ടി സിയുടെ മിന്നല്‍ സര്‍വീസ്.മലബാര്‍ എക്‌സ്പ്രസ് തിരുവനന്തപുരത്തു നിന്നു കണ്ണൂരിലെത്താന്‍ വേണ്ട സമയം 12 മണിക്കൂറാണ്. എന്നാല്‍ ഇതിനേക്കാള്‍ രണ്ടര മണിക്കൂര്‍ മുമ്പ് കെ എസ് ആര്‍ ടി സി മിന്നല്‍ കണ്ണൂരിലെത്തും.
രാത്രി 8.45 നു തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന മിന്നല്‍ ബസ് ഒമ്പതര മണിക്കൂര്‍ കൊണ്ട് രാവിലെ 6.15 മണിക്ക് കണ്ണൂരെത്തും.

ട്രെയിനിനേക്കാള്‍ വേഗത്തില്‍ മിന്നല്‍ സര്‍വീസ് നടത്തുന്നതിനാല്‍ ഇതിന്റെ കലക്ഷനും കൂടിയിട്ടുണ്ട്. ഒരു ദിവസത്തെ ശരാശരി വരുമാനം 36,653 രൂപയാണ്. പതിനായിരം രൂപയാണ് ഒരു സര്‍വീസ് ലാഭത്തിലാകാന്‍ വേണ്ടത്. അഞ്ച് റൂട്ടുകളിലുമായി ദിവസം 10 സര്‍വീസാണ് നടത്തുന്നത്. ഒരു സര്‍വീസില്‍ നിന്നും കളക്ഷന്‍ ശരാശരി 36,000 രൂപ.മിന്നല്‍ തരുന്ന ആകെ പ്രതിദിന വരുമാനം 3,60,000 രൂപയാണ്.
തിരുവനന്തപുരം- കാസര്‍കോട് മിന്നല്‍ സര്‍വീസിനാണ് കളക്ഷന്‍ കൂടുതല്‍. ഒരു ദിവസത്തെ ശരാശരി വരുമാനം 40,103 രൂപയാണ്. വൈകിട്ട് 4.30 ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് പിറ്റേന്നു പുലര്‍ച്ചെ നാലിനു കാസര്‍കോട്ട് എത്തും. തിരിച്ചു വൈകിട്ട് 6.15 നു കാസര്‍കോട്ടു നിന്നും തുടങ്ങുന്ന സര്‍വീസ് രാവിലെ 5.45 നു തിരുവനന്തപുരത്ത് എത്തും. കണ്ണൂര്‍, കോഴിക്കോട്, വൈറ്റില, ആലപ്പുഴ, കൊല്ലം, കഴക്കൂട്ടം എന്നിവിടങ്ങളിലാണു സ്റ്റോപ്പ്. പയ്യന്നൂരിലും അങ്കമാലിയിലും റിക്വസ്റ്റഡ് സ്റ്റോപ്പുണ്ട്.
പുഷ്ബാക്ക് സീറ്റുകളുള്ള ബസില്‍ ലാപ്‌ടോപ്, മൊബൈല്‍ എന്നിവ ചാര്‍ജ് ചെയ്യാനുള്ള സൗകര്യവും വൈഫൈ സംവിധാനവും ഉണ്ട്.
മിന്നല്‍ സര്‍വീസ് നടത്തുന്ന സമയം:

തിരുവനന്തപുരം- കാസര്‍കോട് (16.30-04.00)
കാസര്‍കോട്- തിരുവനന്തപുരം (18.15 -05.45)
തിരുവനന്തപുരം- കണ്ണൂര്‍ (20.45- 06.45)
കണ്ണൂര്‍- തിരുവനന്തപുരം (19.30- 05.05)
തിരുവനന്തപുരം- സുല്‍ത്താന്‍ബത്തേരി (18.45- 04.05)
സുല്‍ത്താന്‍ബത്തേരി- തിരുവനന്തപുരം (19.45- 05.15)
തിരുവനന്തപുരം- മാനന്തവാടി (20.30- 05.40)
മാനന്തവാടി- തിരുവനന്തപുരം (19.00- 04.25)
തിരുവനന്തപുരം – പാലക്കാട് (22.45- 05.15)
പാലക്കാട് -തിരുവനന്തപുരം (22.30 -05.00)

Back to top button
error: