മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് വീണ്ടും സര്‍ക്കാരിനെ സമീപിച്ച് സഹോദരന്‍ അലക്സ് വി ചാണ്ടി. ബെംഗളൂരുവിലെ ആശുപത്രിയില്‍ കഴിയുന്ന ഉമ്മന്‍ചാണ്ടിയുടെ ചികിത്സാ പുരോഗതി സര്‍ക്കാര്‍ രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തണം എന്നാണ് ആവശ്യം. അടുത്ത ബന്ധുക്കളുടെ നിലപാടുകള്‍ കാരണം ഉമ്മന്‍ചാണ്ടിക്ക് ശാസ്ത്രീയവും പര്യാപ്തവുമായ ചികിത്സ കിട്ടുന്നില്ലെന്ന് ആരോഗ്യമന്ത്രിക്ക് അയച്ച പരാതിയില്‍ സഹോദരന്‍റെ കുറ്റപ്പെടുത്തുന്നു.
ഉമ്മന്‍ചാണ്ടി ചികിത്സയിലുള്ള ബെംഗളൂരുവിലെ എച്ച്.സി.ജി ആശുപത്രിയുമായി സര്‍ക്കാര്‍ രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് ബന്ധപ്പെടണമെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മറ്റു ബന്ധുക്കളെ കൂടി അറിയിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. ഓരോ ദിവസത്തേയും ചികിത്സാ പുരോഗതി മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും അറിയിക്കാനുള്ള സംവിധാനം വേണമെന്നും കത്തില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
ചികിത്സ കേരളത്തില്‍ ആയിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യസ്ഥിതിയും ചികിത്സാ പുരോഗതിയും അറിയാന്‍ സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ ബെംഗളൂരുവിലേക്ക് മാറ്റിയതോടെ ഒന്നും അറിയാന്‍ സാധിക്കുന്നില്ലെന്നും കത്തില്‍ പറയുന്നു.
ഉമ്മന്‍ചാണ്ടിക്ക് മതിയായ ചികിത്സ കുടുംബം നല്‍കുന്നില്ലെന്ന് നേരത്തേയും അലക്‌സ് വി ചാണ്ടി ആരാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്ത് ഉമ്മന്‍ചാണ്ടിയെ ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയത്.