തൃശ്ശൂര്‍: ശമ്പള വര്‍ധന ആവശ്യപ്പെട്ട് ജില്ലയില്‍ നഴ്സുമാര്‍ നടത്തി വന്ന സമരം വിജയിച്ചു. എലൈറ്റ് ആശുപത്രിയും വേതനം വര്‍ധിപ്പിക്കാന്‍ തയ്യാറായതോടെയാണ് സമരം അവസാനിപ്പിക്കാന്‍ നഴ്സുമാര്‍ തീരുമാനിച്ചത്. ആകെയുള്ള 30 ആശുപത്രികളില്‍ 29 മാനേജ്മെന്റുകളും ഇന്നലെ തന്നെ വേതനം വര്‍ധിപ്പിച്ചിരുന്നു. എലൈറ്റ് ആശുപത്രി മാത്രമാണ് വേതനം വര്‍ധിപ്പിക്കുന്നതില്‍ തീരുമാനത്തില്‍ എത്താതിരുന്നത്. ഇതോടെ സമരം രണ്ടാം ദിവസത്തിലേക്ക് നീണ്ടു. എന്നാല്‍, രാവിലെ 11 മണിക്ക് വേതനം വര്‍ധിപ്പിക്കാന്‍ എലൈറ്റ് ഗ്രൂപ്പും ധാരണയില്‍ എത്തുകയായിരുന്നു. ഇതോടെ നഴ്സുമാരുടെ സംഘടനയായ യുഎന്‍എയുടെ നേതൃത്വത്തില്‍ തൃശ്ശൂരില്‍ ആഹ്ലാദ പ്രകടനം നടത്തി.
ശമ്പള വര്‍ധന ആവശ്യപ്പെട്ട് തൃശൂരിലെ സ്വകാര്യ ആശുപത്രി നഴ്സുമാര്‍ നടത്തിവന്ന സമരം രണ്ടാം ദിവസത്തിലാണ് പൂര്‍ണ വിജയത്തിലെത്തിയത്. 1500 രൂപയായി പ്രതിദിന വേതനം വര്‍ധിപ്പിക്കുക, 50% ഇടക്കാലാശ്വാസം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യുഎന്‍എ 72 മണിക്കൂര്‍ സമരം പ്രഖ്യാപിച്ചത്.
ആദ്യദിവസം തന്നെ 29 ആശുപത്രികളും ആവശ്യങ്ങള്‍ അംഗീകരിക്കുകയായിരുന്നു. ജില്ലയിലെ 30 സ്വകാര്യ ആശുപത്രികളില്‍ എട്ട് മാനേജുമെന്റുകള്‍ സമരം തുടങ്ങുന്നതിന് മണിക്കൂറുകള്‍ മുന്‍പ് തന്നെ ആവശ്യം അംഗീകരിച്ച് രംഗത്ത് വന്നിരുന്നു. ഇടത്തരം ആശുപത്രികളാണ് പിന്നെയും എതിര്‍ത്തത്. ഇന്നലെ ഇവരും സമവായത്തില്‍ എത്തുകയായിരുന്നു. അവശേഷിച്ച എലൈറ്റ് ആശുപത്രി വേതന വര്‍ധനവിന് ഇന്ന് തയ്യാറായതോടെയാണ് സമരം പൂര്‍ണ വിജയത്തിലെത്തിയത്.