ബാഴ്‌സലോണ: ലിയോണൽ മെസിയെ കാമ്പിൽ തിരികെ എത്തിക്കാൻ കടുത്ത നടപടികളുമായി ബാഴ്‌സലോണ മുന്നോട്ട്. സീസൺ അവസാനത്തോടെ മൂന്ന് പ്രധാനതാരങ്ങളെ വിൽക്കാനാണ് ബാഴ്‌സലോണയുടെ തീരുമാനം. ക്ലബിന്റെ എക്കാലത്തേയും മികച്ച താരമായ മെസിയെ തിരികെ എത്തിക്കാൻ സാധ്യമായ വഴികളെല്ലാം നോക്കുകയാണ് ബാഴ്‌സലോണ. സാമ്പത്തിക പ്രതിസന്ധിയും ഉയർന്ന ശമ്പള ബില്ലുമാണ് ബാഴ്‌സയുടെ പ്രതിസന്ധി. ഇത് മറികടക്കാൻ പുതിയ സ്‌പോൺസർമാരെ തേടുന്ന ബാഴ്‌സലോണ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മൂന്ന് താരങ്ങളെ വിറ്റൊഴിവാക്കും.
യുവതാരങ്ങളായ അൻസു ഫാറ്റി, റഫീഞ്ഞ, ഫെറാൻ ടോറസ് എന്നിവരെയാണ് ബാഴ്‌സ വിൽക്കാനൊരുങ്ങുന്നത്. ശമ്പള ബിൽ കുറച്ച് മെസിയുടെ തിരിച്ചുവരവ് എളുപ്പമാക്കുന്നതിനൊപ്പം മുന്നേറ്റനിര ഉടച്ചുവാർക്കുക കൂടിയാണ് ബാഴ്‌സയുടെ ലക്ഷ്യം. മെസിയുടെ പിൻഗാമി എന്ന വിശേഷണത്തോടെ ബാഴ്‌സലോണ അക്കാഡമിയിൽ നിന്ന് സീനിയർ ടീമിലെത്തിയ താരമാണ് അൻസു ഫാറ്റി. മെസിയുടെ ആദ്യകാല റെക്കോർഡുകൾ തകർത്ത് വരവറിയിച്ച ഫാറ്റി നിരന്തരം പരിക്കിന്റെ പിടിയാലാവുകയും തുടക്കത്തിലേ മികവ് നഷ്ടമാവുകയും ചെയ്തു.
മെസിക്ക് ശേഷം ക്ലബിന്റെ പത്താം നമ്പർ ജഴ്‌സി അണിയുന്ന ഫാറ്റിയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കമുള്ള ക്ലബുകൾക്ക് താൽപര്യമുണ്ടെന്നാണ് സൂചന. പ്രീമിയർ ലീഗിൽ നിന്ന് സ്വന്തമാക്കിയ റഫിഞ്ഞയും ഫെറാൻ ടോറസും ഇതുവരെ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നിട്ടില്ലെന്നാണ് ബാഴ്‌സ മാനേജ്‌മെന്റിന്റെ വിലയിരുത്തൽ. റഫീഞ്ഞയെ സ്വന്തമാക്കാൻ ചെൽസിയും ടോറസിനായി അത്‌ലറ്റിക്കോ മാഡ്രിഡും ഇന്റർ മിലാനും താൽപര്യം അറിയിച്ചിട്ടുണ്ട്.
ഈ മൂന്ന് താരങ്ങളെ വിറ്റൊഴിവാക്കുന്നതിലൂടെ ബാഴ്‌സലോണയുടെ ശമ്പള ബില്ലിൽ കാര്യമായ കുറവുണ്ടാവും. ഇതോടൊപ്പം മെസിയുമായി കരാർ ഒപ്പുവയ്ക്കാനുള്ള വഴി തെളിയുകയും ചെയ്യും. മെസി പിഎസ്ജിയുമായി കരാർ പുതുക്കില്ലെന്നും സീസണിനൊടുവിൽ ക്ലബ് വിടുമെന്നും ഉറപ്പായിട്ടുണ്ട്.