വിഷു വിപണിയിൽ പ്രതീക്ഷ വച്ച് കണിവെള്ളരി കര്‍ഷകര്‍.മുൻ വർഷങ്ങളിലേതു പോലെ കോവിഡിന്റെ ഭീതി ഇല്ലാത്തതിനാല്‍ നല്ല കച്ചവടം ലഭിക്കുമെന്ന പ്രതീക്ഷയാണ് ഇത്തവണ കർഷകർക്കുള്ളത്.
കിലോക്ക് 30 രൂപ മുതൽ 40 വരെയാണ് കണിവെള്ളരിയ്ക്ക് ഇപ്പോൾ വിപണിയിൽ വില.വിഷു അടുക്കുന്നതോടെ ഇത് 50 കടക്കും എന്നാണ് വിലയിരുത്തൽ.പച്ചക്കറിയും പഴവർഗങ്ങളും കൂടുതലും അയൽ നാടുകളിൽനിന്നാണ് സംസ്ഥാനത്തെത്തുന്നതെങ്കിലും വർഷങ്ങളായി വിഷുവിന് കണിവെള്ളരി എത്തുന്നത് നാട്ടിലെ വയലുകളിൽ നിന്നുതന്നെയാണ്.ഗ്രോബാഗുകളിലും ടെറസിലുമൊക്കെ കൃഷിചെയ്തവരും കുറവല്ല.
ഫെബ്രുവരി ആദ്യത്തിൽ കൃഷിയിറക്കുന്ന വെള്ളരി വിഷു ആകുമ്പോഴേക്കും വിളഞ്ഞ് പാകമാകും.വിഷുവിന്‍റെ തൊട്ടടുത്ത മൂന്ന് ദിവസങ്ങളിലാണ് വിപണിയിൽ വെള്ളരിക്ക് ആവശ്യക്കാർ കൂടുതലെങ്കിലും പൊതുവെ എല്ലാ സമയത്തും കേരളത്തിൽ വെള്ളരിക്ക് ഡിമാന്റുണ്ട്.
മാരക രോഗങ്ങൾക്കെതിരേ പ്രതിരോധശേഷി നൽകുന്ന ഫ്ളവനോയിഡുകൾ, ലീഗിനിനുകൾ, കുക്കർബീറ്റസീൻ, ട്രൈ ടെർപീനുകൾ, ആന്റി ഓക്സിഡന്റുകൾ, കാൻസർ രോഗത്തെപോലും പ്രതിരോധിക്കാൻ കെല്പുള്ള ധാതുക്കൾ എന്നിവയുടെ കലവറയാണ് വെള്ളരി.
വെള്ളരി വിത്തുകൾ കാൽസ്യത്തിന്റെ നല്ല സ്രോതസ്സാണ്. വൈറ്റമിൻ കെ, വൈറ്റമിൻ സി, മഗ്നീഷ്യം, പൊട്ടാസ്യം, മാംഗനീസ്, വൈറ്റമിൻ ഇ എന്നിവയും ധാരാളമായി അടങ്ങിയിട്ടുണ്ട്.
വെള്ളരി കായ്കളിൽ 95 ശതമാനവും വെള്ളമാണ്.വേനലിൽ നമ്മുടെ ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനും നിർജ്ജലീകരണം തടയുന്നതിനും ഈ കനി അത്യുത്തമമാണ്. വെള്ളരി ചാറിന് ത്വക്കിലെ ചുളിവുകൾ മാറ്റുന്നതിനും യുവത്വം നിലനിർത്തുന്നതിനുമുള്ള കഴിവുണ്ട്. അതിനാൽത്തന്നെ മുഖകാന്തിക്ക് വെള്ളരിച്ചാറ് അത്യുത്തമമാണ്.
ഫോട്ടോ: ആലപ്പുഴയിലെ ഒരു വെള്ളരി കർഷകൻ