ദില്ലി: രാജസ്ഥാൻ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. അശോക് ഗെലോട്ട് സർക്കാരിന് എതിരെ സച്ചിൻ പൈലറ്റ് ഉപവാസം പ്രഖ്യാപിച്ചു. മുൻ ബിജെപി സർക്കാരിന്റെ അഴിമതിയിൽ കോൺഗ്രസ് സർക്കാർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് സത്യാഗ്രഹം. ഇതിനിടെ കൂട്ടായായ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് പ്രസ്താവനയോടെ സച്ചിനെ തണുപ്പിക്കാൻ ദേശീയ നേതൃത്വം ശ്രമം തുടങ്ങി.
ഭാരത് ജോഡോ യാത്രയ്ക്ക് മുന്നോടിയായി രാജസ്ഥാൻ കോൺഗ്രസിൽ ഉണ്ടാക്കി ഒത്തുതീർപ്പാണ് വീണ്ടും പൊളിയുന്നത്. അശോക് ഗെലോട്ട് സർക്കാരിന് എതിരെ ചെവ്വാഴ്ചയാണ് സച്ചിൻ പൈലറ്റ് ഉപവാസ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. വസുന്ധര രാജെ സർക്കാരിൻറെ കാലത്തെ അഴിമതികൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി, എന്നാൽ ഒരു മറുപടിയും ലഭിച്ചില്ല എന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ സർക്കാർ പാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് സമരമെന്ന് സച്ചിൻ പൈലറ്റ് പറയുന്നു.
നിയമസഭ തെരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം പോകാൻ മാസങ്ങൾ മാത്രം ശേഷിക്കെയാണ് പുതിയ പ്രതിസന്ധിഎന്നാൽ ഇനി ഒത്തുതീർപ്പിനില്ല എന്ന കടുത്ത നിലപാടിലാണ് സച്ചിൻ പൈലറ്റ്. പൈലറ്റിനെ മുഖ്യമന്ത്രിയാക്കി അശോക് ഗലോട്ടിനെ കോൺഗ്രസ് അദ്ധ്യക്ഷ പദവിയിലേക്ക് കൊണ്ടുവരാനുള്ള എഐസിസി നീക്കം ഗലോട്ട് തടഞ്ഞിരുന്നു. വരുന്ന തെരഞ്ഞെടുപ്പിലും പാർട്ടിയെ അശോക് ഗലോട്ട് തന്നെ നയിക്കണമെന്ന് അനുയായികൾ നിലപാട് കടുപ്പിക്കുമ്പോഴാണ് സച്ചിൻ പൈലറ്റ് വീണ്ടും പരസ്യകലാപത്തിന് ഇറങ്ങുന്നത്. അതേസമയം ജനങ്ങളെ അഴത്തിൽ സ്വാധീനീച്ച സർക്കാരാണ് രാജസ്ഥാനിലെതെന്നും കൂട്ടായായ നേതൃത്വത്തിലാകും തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും കോൺഗ്രസ് നേതാവ് ജയറാം രമേഷ് പ്രതികരിച്ചു. വിഷയം എത്രയും വേഗം പരിഹരിക്കാനുള്ള ശ്രമം എ ഐ സി സി തുടങ്ങിയിട്ടുണ്ട്.