കോട്ടയം: ഈസ്റ്ററും വിഷുവും ചെറിയ പെരുന്നാളും അടുത്തതോടെ കയറൂരി വിട്ടിരിക്കുകയാണ് പോത്തിറച്ചിയുടെ വില.ഇതിനാര് മൂക്കുകയർ ഇടുമെന്ന ചോദ്യം ബാക്കി.
കോട്ടയത്ത് കടുത്തുരുത്തി, കുറവിലങ്ങാട് മേഖലയിലാണ് കൂടിയ വിലയ്ക്കു പോത്തിറച്ചി വില്‍ക്കുന്നത്.പത്തനംതിട്ട റാന്നിയിൽ ഈസ്റ്റർ ദിനത്തിന്റെ തലേദിവസമായ ഇന്നലെ കിലോയ്ക്ക് നാനൂറു രൂപയായിരുന്നു വില.രണ്ടാഴ്ച മുൻപുവരെയും ഇവിടെ 320 രൂപയ്ക്കു കിട്ടിക്കൊണ്ടിരുന്ന സാധനമാണ്.
കോട്ടയത്തെ സ്ഥിതിയും വ്യത്യസ്തമല്ല.ഒരു കിലോ പോത്തിറച്ചിയുടെ വില 400 രൂപയിലേക്കു കുതിച്ചതോടെ നാട്ടുകാരില്‍ ചിലര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി.ഇതോടെ ജനപ്രതിനിധികളും വിഷയത്തില്‍ ഇടപെട്ടു. കടുത്തുരുത്തി പഞ്ചായത്തംഗം നോബി മുണ്ടയ്ക്കന്‍ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നിര്‍ദേശപ്രകാരം വില കുറയ്ക്കാനുള്ള നിര്‍ദേശം കച്ചവടക്കാര്‍ക്കു മുന്നില്‍ വച്ചെങ്കിലും നടപ്പായില്ല. ഇതോടെ, വിഷയം അടുത്ത പഞ്ചായത്ത് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യുമെന്ന നിലപാടിലാണ് അധികൃതര്‍.
പരാതിയെത്തുടർന്ന് മാഞ്ഞൂർ പഞ്ചായത്ത് കശാപ്പ് നടത്തുന്നവരുടെ യോഗം വിളിച്ചു പോത്തിറച്ചിയുടെ വില 340 ആക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.എന്നാൽ ഇതും നടത്തിലായിട്ടില്ല. നിലവിൽ ആന്ധ്ര, ഒഡീഷ, തമിഴ്നാട്, മഹാരാഷ്‌ട്ര എന്നിവിടങ്ങളില്‍നിന്നാണ് കശാപ്പിനായി ഉരുക്കളെ കേരളത്തിൽ എത്തിക്കുന്നത്.ഉയർന്ന ലോറി വാടകയും മറ്റുമാണ് വില കൂട്ടാനുള്ള കാരണമായി കച്ചവടക്കാർ പറയുന്നത്.