NEWSPravasi

ആറു മാസം മുൻപെങ്കിലും പാസ്പോർട്ട് പുതുക്കാൻ മറക്കരുത്

കാലാവധി തീരുന്നതിന് കുറഞ്ഞത് 6 അല്ലെങ്കിൽ 3 മാസത്തിന് മുൻപെങ്കിലും പാസ്പോർട്ട് പുതുക്കാൻ മറക്കരുത്
 

പ്രവാസികളിൽ പലരും നാട്ടിലേക്കോ അല്ലെങ്കിൽ മറ്റേതെങ്കിലും രാജ്യത്തേക്കോ പെട്ടെന്നുള്ള യാത്രയ്ക്ക് തയാറെടുക്കുമ്പോഴാണ് പാസ്‌പോർട്ട് പുതുക്കുന്ന കാര്യം തന്നെ ഓർമിക്കുന്നത്.പ്രവേശനത്തിന് ചില രാജ്യങ്ങളിൽ കുറഞ്ഞത് 6 മാസത്തെയെങ്കിലും കാലാവധി പാസ്പോർട്ടിന് നിർബന്ധമാണ്.അവസാന നിമിഷം പാസ്‌പോർട്ട് പുതുക്കാൻ നെട്ടോട്ടം ഓടുന്നതിനേക്കാൾ നല്ലത് കാലാവധി തീരുന്നതിന് കുറഞ്ഞത് 6 അല്ലെങ്കിൽ 3 മാസത്തിന് മുൻപെങ്കിലും പുതുക്കുന്നതാണ്.

പാസ്‌പോർട്ട് പുതുക്കൽ, പുതിയത് എടുക്കൽ, നഷ്ടപ്പെടുകയോ അല്ലെങ്കിൽ കേടുപാടുകൾ സംഭവിച്ചതിനെ തുടർന്നോ പുതിയത് എടുക്കൽ, നവജാതശിശുക്കൾ, കുട്ടികൾ എന്നിവർക്കുള്ള പാസ്‌പോർട്ട് എന്നിവക്കെല്ലാം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പോർട്ടലിൽ പ്രവേശിച്ച് ഓൺലൈനിൽ അപേക്ഷാ ഫോം പൂരിപ്പിക്കണം.ഇതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ https://portal5.passportindia.gov.in/Online/index.html എന്ന വെബ്‌സൈറ്റിൽ പ്രവേശിച്ച് അക്കൗണ്ട് ക്രിയേറ്റ് ചെയ്യണം.

Signature-ad

ശേഷം അക്കൗണ്ടിൽ ലോഗിൻ ചെയ്യുമ്പോൾ ഹോം പേജിൽ പാസ്‌പോർട്ട് പുതുക്കൽ ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ഇവിടെ അപേക്ഷാ ഫോം കാണാം.

 

അപേക്ഷാ ഫോമിലെ എല്ലാ പേജുകളും പൂരിപ്പിക്കണം. പേരും വിലാസവും ഉൾപ്പെടെ എല്ലാ കാര്യങ്ങളും കൃത്യമായിരിക്കണം.ഇംഗ്ലിഷ് അക്ഷരങ്ങൾ പോലും തെറ്റില്ലാതെ വേണം പൂരിപ്പിക്കാൻ.പുതിയ പാസ്‌പോർട്ടിൽ പേരിലോ വിലാസത്തിലോ മാറ്റം വരുത്തണമെങ്കിൽ അതനുസരിച്ച് വേണം പൂരിപ്പിക്കാൻ. അപേക്ഷാ ഫോമിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ആണ് പാസ്‌പോർട്ടിൽ രേഖപ്പെടുത്തുക.അപേക്ഷാ ഫോം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്ത ശേഷം പ്രിന്റെടുക്കണം.ഇതുമായി അതാത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസിയെ സമീപിച്ചാൽ മതി.

നാട്ടിൽ ഉള്ളവർക്ക്

ഓൺലൈനായി പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ തന്നെ അപ്‌ലോഡ് ചെയ്യുന്ന എല്ലാ രേഖകളുടെയും ഒറിജിനൽ, പാസ്‌പോർട്ട് സേവാ കേന്ദ്രമോ റീജിയണൽ പാസ്‌പോർട്ട് ഓഫീസോ സന്ദർശിക്കുമ്പോൾ കൂടെക്കരുതണം. ഓൺലൈനായി പാസ്‌പോർട്ടിന് അപേക്ഷിച്ചതിന് ശേഷം, ഒരു പാസ്‌പോർട്ട് സേവാ കേന്ദ്രം സന്ദർശിക്കാൻ നിങ്ങൾക്ക് 90 ദിവസത്തെ സമയം ലഭിക്കും. ഇതിനുള്ളിൽ ഒറിജിനൽ രേഖകളുമായി പാസ്‌പോർട്ട് സേവാ കേന്ദ്രത്തിൽ എത്തിയില്ലെങ്കിൽ വീണ്ടും ഓൺലൈനായി അപേക്ഷിക്കേണ്ടി വരും.

 

പാസ്‌പോർട്ട് സേവാ പോർട്ടൽ സന്ദർശിച്ച് രജിസ്റ്റർ ചെയ്യുമ്പോൾ നിങ്ങളുടെ വിശദാംശങ്ങൾ കൃത്യമായി നൽകുന്നതിനോടൊപ്പം നിങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന പാസ്‌പോർട്ട് ഓഫീസും ഏതെന്ന് കാണിക്കണം.തുടർന്ന് നിങ്ങൾ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്തിരിക്കുന്ന പാസ്പോർട്ട് സേവാ കേന്ദ്രമോ റീജിയണൽ പാസ്പോർട്ട് ഓഫീസോ സന്ദർശിച്ചാൽ മതിയാകും. അപേക്ഷയുടെ രസീതിനൊപ്പം നിങ്ങളുടെ ഒറിജിനൽ രേഖകളും കരുതാൻ മറക്കരുത്.

Back to top button
error: