1) ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്തിട്ട് വന്നാൽ ബുദ്ധിമുട്ടില്ലാതെ ട്രെയിനിൽ യാത്ര ചെയ്യാം. IRCTC വെബ്സൈറ്റ്/ആപ്പ് മുഖേന ടിക്കറ്റ് എടുക്കാം.(www.irctc.co.in)
2) ട്രെയിൻ പുറപ്പെടുന്നതിന്റെ തലേ ദിവസം രാവിലെ 11 മണിക്ക് തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്തും സീറ്റ് കരസ്ഥമാക്കാം.
3) ട്രെയിനിൽ ജനറൽ കമ്പാർട്ട്മെന്റ് ഉണ്ട്, അതിന്റെ ടിക്കറ്റ് ലഭിക്കാൻ റെയിൽവേ സ്റ്റേഷനിൽ അതിരാവിലെ 3 മണി മുതൽ ക്യൂ ഉണ്ടാകും, അവധി ദിവസങ്ങളിൽ ഇത്തരത്തിൽ ടിക്കറ്റുകൾ കിട്ടുവാൻ വളരെ ബുദ്ധിമുട്ടാണ്.
കോയമ്പത്തൂരിനടുത്തെ മേട്ടുപ്പാളയം മുതൽ ഊട്ടി എന്ന ഉദഗമണ്ഡലം വരെയാണ് സർവീസ്. 45.88 കിലോമീറ്റർ ദൂരം. യാത്ര പൂർത്തിയാക്കാൻ വേണ്ടത് മൂന്നര മുതൽ നാലര മണിക്കൂർ വരെ. ശരാശരി 10കിലോമീറ്റർ മാത്രം വേഗത്തിലാണ് ഇതിന്റെ സഞ്ചാരം. 16 തുരങ്കങ്ങളും ചെറുതും വലുതുമായ 250 പാലങ്ങളും നൂറിലേറെ വളവുകളും കടന്നാണ് ഈ കുഞ്ഞുതീവണ്ടിയുടെ വലിയ യാത്ര. രാവിലെയും വൈകിട്ടും ഓരോ സർവീസാണുള്ളത്.രാവിലെ 7.10 -ന് പുറപ്പെടുന്ന വണ്ടി ഊട്ടിയിലെത്തുന്നത് 12 മണിയോടെ. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഊട്ടിയിൽ നിന്ന് തിരിച്ചുള്ള സർവീസ്. മേട്ടുപ്പാളയത്ത് എത്തുക 5.30 -ന്.
ഒറ്റ ട്രാക്കിലെ മീറ്റർ ഗേജിലൂടെയാണ് യാത്ര. പൽച്ചക്രങ്ങൾ അഥവ റാക്ക് സമ്പ്രദായം ഉപയോഗിച്ച് ഓടുന്നു എന്ന അപൂർവതയുണ്ട് ഇതിന്. 2203 മീറ്റർ ഉയരത്തിലുളള ഊട്ടിയേയും 326 മീറ്റർ ഉയരത്തിലുളള മേട്ടുപ്പാളയത്തേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ യാത്ര നീലഗിരിയുടെ മനോഹാരിത മുഴുവൻ കണ്ടാസ്വദിക്കാനുളള അവസരം കൂടിയാണ് യാത്രക്കാർക്ക് നൽകുന്നത്.