KeralaNEWS

ഇരട്ടിയായി കാന്താരി വില; കർഷകർക്ക് വേണ്ട

കോട്ടയം:കേരളത്തിലെ കർഷകർ വലിയ താത്പര്യം കാണിക്കാത്ത കൃഷിവിളയാണ് കാന്താരി.എന്നാൽ കാന്താരിയുടെ ഇപ്പോഴത്തെ വില കേട്ടാൽ മൂക്കത്ത് വിരൽ വെച്ച് പോകും.പച്ചകാന്താരിക്ക് 500 രൂപയും ഉണങ്ങിയതിന് 1400 രൂപയുമാണ് കിലോ വില.
 എല്ലാ സീസണിലും കാന്താരിക്ക് ഡിമാൻഡ് ഉണ്ടെങ്കിലും വിപണിയിൽ ആവശ്യത്തിന് എത്തുന്നില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്. തമിഴ്‌നാട്ടിൽ നിന്നാണ് കേരളത്തിലേക്ക് കാന്താരി കൂടുതലായും എത്തുന്നത്. ഇവയ്ക്ക് ഗുണം കുറവാണെന്നും കച്ചവടക്കാർ പറയുന്നു. കാന്താരി അച്ചാറിനും സുർക്കയിലിട്ടതിനും വിപണിയിൽ വൻ ഡിമാൻഡാണ് എപ്പോഴുമുള്ളത്.എന്നിട്ടും നമ്മുടെ കർഷകർ കാന്താരി കൃഷിയോട് മുഖം തിരിക്കുകയാണ്.
കാന്താരി വളർത്താനായി പ്രത്യേക കൃഷിയിടം തയ്യാറാക്കേണ്ടതില്ല.ഏതു കൃഷിയിടത്തിലും മറ്റു ചെടികളുമായി മത്സരിച്ച് കാന്താരി വളരും. എന്നാൽ കൃഷിയിടം ഒരുക്കി കൃഷിചെയ്താൽ നല്ല വിളവു ലഭിക്കും.മുളച്ചു കഴിഞ്ഞ് അമ്പതു ദിവസം ആകുമ്പോഴാണ് കാന്താരി മുളക് ഉണ്ടാവാൻ തുടങ്ങുന്നത്.നാലു വർഷം വരെ ഒരു ചെടിയിൽ നിന്ന് തുടർച്ചയായി വിളവെടുക്കാൻ കഴിയും.
കാര്യമായി വെള്ളമോ വളമോ നൽകിയില്ലെങ്കിലും കാന്താരി വളർന്നോളും. എല്ലാ ദിവസവും നനയ്ക്കണമെന്നോ കൃത്യമായി വളം ചേർക്കണമെന്നോ നിർബന്ധമില്ല. എന്നാൽ, ജൈവവളങ്ങൾ ചേർക്കുകയും ഒന്നിടവിട്ട ദിവസങ്ങളിൽ നനച്ചു കൊടുക്കുകയും ചെയ്താൽ നല്ല വിളവു ലഭിക്കും. വീടുകളിലാണെങ്കിൽ മീൻ കഴുകിയ വെള്ളം ഒഴിച്ചുകൊടുത്താൽ മാത്രം മതി. ശരീരത്തിലെ കൊളസ്‌ട്രോളിനുള്ള നാടൻ പ്രതിവിധി എന്നതാണ് കാന്താരിയെ വിപണിയിലെ കുഞ്ഞൻ താരമാക്കിയത്.അതിനാൽതന്നെ ഒരിക്കലും കാന്താരിയുടെ ഡിമാന്റ് കുറയാനും പോകുന്നില്ല.
ആറു മാസം പ്രായമായ കാന്താരിച്ചെടിയിൽനിന്ന് രണ്ടാഴ്ചയിലൊരിക്കൽ ഒരു കിലോ​ഗ്രാമിന് അടുത്ത് മുളകു ലഭിക്കും. വെള്ള, നീല, പച്ച നിറങ്ങളിൽ കാന്താരി മുളകുകൾ ഉണ്ടെങ്കിലും പച്ച നിറത്തിലുള്ള കാന്താരിക്കാണ് മാർക്കറ്റിൽ ഡിമാൻഡ് കൂടുതൽ.പഴുത്ത മുളകുകൾക്ക് വില അല്പം കുറയും.അതിനാൽ ഒന്നുപോലും നഷ്ടപ്പെടുത്താതെ ഉണക്കിയെടുത്ത് വിൽക്കാം.ഉണങ്ങിയതിന് 1400 രൂപയുമാണ് ഇപ്പോഴത്തെ കിലോ വില.

Back to top button
error: