തൃശൂർ: ഇത്തവണത്തെ തൃശൂർ പൂരത്തിന് കർശന സുരക്ഷയൊരുക്കുമെന്ന് ജില്ലാ കളക്ടർ കൃഷ്ണതേജ വ്യക്തമാക്കി. പെസോയുടെ മാർഗ്ഗനിർദ്ദേശം പൂർണമായി പാലിച്ചാവും വെടിക്കെട്ട് നടത്തുക. ഒരുക്കങ്ങൾ വിലയിരുത്താനുള്ള ജില്ലാ ഭരണ കൂടത്തിന്റെ യോഗം അടുത്ത യാഴ്ച നടക്കും. തൃശൂർ കളക്ടറായി ചുമതലയേറ്റശേഷമുള്ള ആദ്യത്തെ മെഗാ ഇവൻറിന് തയാറെടുക്കുകയാണ് കൃഷ്ണതേജ. അസിസ്റ്റന്റ് കലക്ടറായി തൃശൂരിൽ സേവനം അനുഷ്ഠിച്ചതിന്റെ അനുഭവസമ്പത്തുണ്ട്.
ഏപ്രിൽ മുപ്പതിന് നടക്കാൻ പോകുന്ന തൃശൂർ പൂരം മുൻവർഷങ്ങളിലേതും പോലെ സുരക്ഷിതമായി നടത്താൻ ഒരുക്കങ്ങളായെന്ന് പ്രസ് ക്ലബ്ബിൻറെ മുഖാമുഖത്തിൽ കളക്ടർ വ്യക്തമാക്കി. വെടിക്കെട്ടിന് പെസോയുടെ കർശന നിർദ്ദേശങ്ങളുണ്ട്. അത് പാലിക്കേണ്ടി വരുമെന്നും കളക്ടർ. ജില്ലയിലെ ടൂറിസ്റ്റ് സെൻററുകളെ തമ്മിൽ ബന്ധിപ്പിച്ച് കൂടുതൽ വിനോദ സഞ്ചാരികളെ എത്തിക്കാനുള്ള ശ്രമം നടത്തുമെന്നും കളക്ടർ പറഞ്ഞു.