ചെന്നൈ: യുവാവിനെ കൊന്നു കുഴിച്ചുമൂടിയ കേസില്‍ കാമുകി അറസ്റ്റില്‍. ചെന്നൈ വിമാനത്താവളത്തിലെ തായ് എയര്‍വേയ്സിന്റെ ഗ്രൗണ്ട് സ്റ്റാഫ് എം ജയന്തന് (29) ആണ് കൊല്ലപ്പെട്ടത്. പുതുക്കോട്ട സ്വദേശിനിയായ ലൈംഗികത്തൊഴിലാളി ജി.ഭാഗ്യലക്ഷ്മി ആണ് അറസ്റ്റിലായത്.
സംഭവത്തില്‍ പോലീസ് വിശദ അന്വേഷണം ആരംഭിച്ചു. ജയന്തനെ കാണാനില്ലെന്ന പരാതിയെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്.
കഷണങ്ങളാക്കി മുറിച്ച മൃതദേഹ അവശിഷ്ടങ്ങള്‍ 400 കിലോമീറ്റര്‍ അകലെ കടല്‍ത്തീരത്തു നിന്നാണു കണ്ടെത്തിയത്. മറ്റു മൂന്നു പേരുടെ സഹായത്തോടെയാണ് ഭാഗ്യലക്ഷ്മി കുറ്റകൃത്യം നടത്തിയതെന്നാണ് വിവരം.
ചെന്നൈയിലെ നംഗനല്ലൂരിനടുത്ത് സഹോദരിയുടെ കുടുംബത്തോടൊപ്പമാണ് ജയന്തന് താമസിച്ചിരുന്നത്. മാര്‍ച്ച് 18 മുതല്‍ തന്റെ സഹോദരനെ കാണാതായെന്നും മൊബൈല്‍ സ്വിച്ച് ഓഫ് ആണെന്നും കാണിച്ച് ജയന്തന്റെ സഹോദരിയും മദ്രാസ് ഹൈക്കോടതി അഭിഭാഷകയുമായ ജയകൃപ പഴവന്തങ്ങല് പോലീസില്‍ പരാതി നല്‍കിയിരുന്നു. മാര്‍ച്ച് 20ന് പോലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കോള്‍ റെക്കോര്‍ഡിങ്ങുകളുടെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തില്‍ ജയന്തന്, ഭാഗ്യലക്ഷ്മിയെ കാണാന്‍ പോയിരുന്നതായും ഇവര്‍ തമ്മില്‍ ബന്ധമുണ്ടായിരുന്നതായും കണ്ടെത്തി. ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ മൊഴികള്‍ നല്കിയ ഭാഗ്യലക്ഷ്മി, പിന്നീട് കൊലപ്പെടുത്തിയതായി സമ്മതിച്ചു.
ലൈംഗികത്തൊഴിലാളിയായ ഭാഗ്യലക്ഷ്മിയുടെ ഇടപാടുകാരനായിരുന്നു ജയന്തന്. രണ്ടു വര്‍ഷം മുന്‍പ് ഒരു ക്ഷേത്രത്തില്‍ ഇരുവരും വിവാഹിതരായി. എന്നാല്‍, പിന്നീട് വേര്‍പിരിഞ്ഞെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ജയന്തന്റെ കുടുംബത്തിന് അവരുടെ ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നോ എന്ന് വ്യക്തമല്ലെന്നു പോലീസ് പറഞ്ഞു.
മാര്‍ച്ച് 18 ന്, ജയന്തന് ഭാഗ്യലക്ഷ്മിയെ കാണാന്‍ പുതുക്കോട്ടയിലേക്ക് പോയിരുന്നു. പണത്തെച്ചൊല്ലിയുള്ള തര്‍ക്കം പറഞ്ഞു തീര്‍ക്കാനെന്ന പേരില്‍ ജയന്തനെ പുതുക്കോട്ടയിലേക്കു വിളിച്ചു വരുത്തിയ ശേഷം മറ്റ് 3 പേരുടെ സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നു. മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് സംഘം മൃതദേഹ അവശിഷ്ടങ്ങള്‍ ചെന്നൈയ്ക്ക് സമീപം കോവളത്ത് കടല്ക്കരയില് എത്തിച്ചത്.
ഒറ്റപ്പെട്ട സ്ഥലത്ത് കുഴിച്ചിട്ട് ഇവര്‍ പുതുക്കോട്ടയിലേക്ക് മടങ്ങി. മാര്‍ച്ച് 26ന് രാവിലെ ഭാഗ്യലക്ഷ്മി ടാക്സിയില്‍ ബാക്കി ശരീരഭാഗങ്ങളുമായി വീണ്ടും ചെന്നൈയിലെത്തി കോവളത്ത് കുഴിച്ചിട്ടു. മൃതദേഹ അവശിഷ്ടങ്ങള്‍ പുറത്തെടുത്തു വിശദമായി പരിശോധിക്കാനാണു പോലീസ് തീരുമാനം.