KeralaNEWS

സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 603 ദിവസം നീളുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന് വർണാഭമായ തുടക്കം

വൈക്കം: സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 603 ദിവസം നീളുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന് വൈക്കത്ത് വർണാഭമായ തുടക്കം. ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വൈക്കം ബീച്ചിൽ നടന്ന ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് നിർവഹിച്ചു. വലിയകവലയിലെ വൈക്കം തന്തൈ പെരിയാർ സ്മാരകത്തിലെത്തി മഹാത്മാഗാന്ധി, പെരിയാർ, ടി.കെ. മാധവൻ, മന്നത്ത് പദ്മനാഭൻ എന്നിവരുടെ സ്മൃതി മണ്ഡപങ്ങളിലും കുഞ്ഞാപ്പി, ബാഹുലേയൻ, ഗോവിന്ദപണിക്കർ, ആമചാടി തേവൻ, രാമൻ ഇളയത് തുടങ്ങിയ സത്യഗ്രഹികളുടെയും നവോത്ഥാനനായകരുടെയും പ്രത്യേകം തയാറാക്കിയ സ്മൃതി മണ്ഡപങ്ങളിൽ ഇരു മുഖ്യമന്ത്രിമാരും പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു വൈക്കം ബീച്ചിൽ ഒരുക്കിയ പടുകൂറ്റൻ വേദിയിൽ ഉദ്ഘാടനം നടന്നത്.

സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് പുറത്തിറക്കുന്ന വൈക്കം ‘ സത്യാഗ്രഹവുമായി ബന്ധപ്പെട്ട പുസ്തകത്തിന്റെ മലയാളം, ഇംഗ്ലീഷ് പതിപ്പ് പ്രകാശനം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനു നൽകി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ശതാബ്ദി ലോഗോ പ്രകാശനം സി.കെ. ആശ എം.എൽ.എയ്ക്കുനൽകി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിർവഹിച്ചു. ശതാബ്ദി ആഘോഷ രൂപരേഖ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് അവതരിപ്പിച്ചു.

Signature-ad

മന്ത്രിമാരായ സജി ചെറിയാൻ, കെ. രാധാകൃഷ്ണൻ, കെ. കൃഷ്ണൻ കുട്ടി, അഡ്വ. ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ, സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, ലോക്സഭാംഗം തോമസ് ചാഴികാടൻ, ടി.ആർ. ബാലു, രാജ്യസഭാംഗംങ്ങളായ ജോസ് കെ. മാണി, ബിനോയ് വിശ്വം, സി.പി.ഐ. സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ , കെ.പി.എം.എസ്. ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, കേരള നവോത്ഥാന സമിതി ജനറൽ സെക്രട്ടറി പി. രാമഭദ്രൻ, മുൻരാജ്യസഭാംഗം കെ. സോമപ്രസാദ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

എം.എൽ.എമാരായ അഡ്വ. ജോബ് മൈക്കിൾ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, സാംസ്‌കാരിവകുപ്പ് സെക്രട്ടറി മിനി ആന്റണി, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ എസ്. സുബ്രഹ്‌മണ്യൻ, ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ, വൈക്കം നഗരസഭാധ്യക്ഷ രാധിക ശ്യാം, വൈക്കം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത്, നഗരസഭാംഗം ബിന്ദു ഷാജി, തമിഴ്‌നാട് സി.പി.എം. സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.

ശ്രീനി എടവണ്ണ ഒരുക്കിയ സ്റ്റാലിന്റെ തടിയിൽ കൊത്തിയ ഛായാരൂപം മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപഹാരമായി സ്റ്റാലിനു സമർപ്പിച്ചു. നെറ്റിപ്പട്ടം കെട്ടിയ ആനയുടെ രൂപം സ്റ്റാലിന് സാംസ്‌കാരിക വകുപ്പിന്റെ ഉപഹാരമായി മന്ത്രി സജി ചെറിയാൻ സമ്മാനിച്ചു. മുഖ്യമന്ത്രിക്ക് മന്ത്രി വി.എൻ. വാസവനും ഉപഹാരം കൈമാറി. ഇരു മുഖ്യമന്ത്രിമാർക്കുമുള്ള വൈക്കം ജനതയുടെ ഉപഹാരം സി.കെ. ആശ എം.എൽ.എ. സമ്മാനിച്ചു. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി അതുൽ നറുകരയും സംഘവും അവതരിപ്പിച്ച ഗാന വിരുന്ന് സോൾ ഓഫ് ഫോക്ക് അരങ്ങേറി. ഉദ്ഘാടന ചടങ്ങിനു ശേഷം സിതാര കൃഷ്ണകുമാർ നയിച്ച സംഗീത വിരുന്നും അരങ്ങേറി.

Back to top button
error: