KeralaNEWS

എം വി ഗോവിന്ദനെപ്പറ്റി ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല;മാനനഷ്ടക്കേസിൽ പത്തു പൈസ കൊടുക്കില്ല:സ്വപ്ന സുരേഷ്

തിരുവനന്തപുരം: തനിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പത്തു പൈസ കൊടുക്കില്ലെന്നും താൻ അദ്ദേഹത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും സ്വർണ്ണക്കള്ളക്കടത്ത്‌ കേസിലെ പ്രതി സ്വപ്‌ന സുരേഷ്.
 

എംവി. ഗോവിന്ദനോട് മാപ്പുപറയില്ലെന്നും ഒരുകോടിരൂപയുടെ പത്ത് ശതമാനം കോടതി ഫീസ് കെട്ടി എം.വി. ഗോവിന്ദന്‍ കേസിനുപോകുമോ എന്നറിയാന്‍ കാത്തിരിക്കുകയാണെന്നും സ്വപ്ന അഭിഭാഷകന്‍ മുഖേന മറുപടിനല്‍കി.

എം.വി. ഗോവിന്ദനെക്കുറിച്ച്‌ വിജേഷ് പിള്ള പറഞ്ഞാണ് അറിയുന്നത്. അതിനാല്‍ത്തന്നെ സമൂഹത്തിലെ നല്ല പേരിന് കോട്ടംതട്ടിക്കാനുദ്ദേശിച്ചുള്ള പ്രസ്താവനയെന്ന വാദം നിലനില്‍ക്കില്ല. വിജേഷ് പിള്ളയെ എം.വി. ഗോവിന്ദന്‍ അയച്ചു എന്ന് ഫെയ്സ്ബുക്ക് ലൈവില്‍ പറഞ്ഞിട്ടില്ല.അതിനാല്‍ എം.വി. ഗോവിന്ദനയച്ച മാനനഷ്ട നോട്ടീസ് അടിസ്ഥാനരഹിതമാണ്.അതേസമയം സ്വപ്ന സുരേഷിനെതിരെ മാനനഷ്ട കേസുമായി മുന്നോട്ട് പോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

 

മാർച്ച്‌ 9ന് ആണ്‌ സ്വപ്‌ന ഫെയ്‌സ്‌ബുക്ക്‌ ലൈവിലൂടെ എം വി ഗോവിന്ദനെതിരെ ആരോപണമുന്നയിച്ചത്‌.എം വി ഗോവിന്ദൻ നിർദേശിച്ചിട്ടാണു വരുന്നതെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങൾ പിൻവലിച്ചാൽ 30 കോടി തരാമെന്ന്‌ വിജേഷ്‌ പിള്ളയെന്നയാൾ തന്നോട്‌ പറഞ്ഞുവെന്നുമായിരുന്നു സ്വപ്‌ന പറഞ്ഞത്‌.ഇത് അനുസരിക്കുന്നില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് പറഞ്ഞതായും ആരോപിച്ചിരുന്നു.

 

അപകീർത്തികരമായ ആരോപണം ഉന്നയിച്ചു എന്നുകാട്ടി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അടുത്ത ദിവസം തന്നെ ഒരു കോടി രൂപ നഷ്ടപരിഹാരമായി സ്വപ്‌ന സുരേഷിന്‌ വക്കീൽ നോട്ടീസ്‌ അയക്കുകയായിരുന്നു.

Back to top button
error: