KeralaNEWS

പ്രതിഷേധത്തിനിടയിലും സോണ്‍ടയുടെ കരാര്‍ നീട്ടി കോഴിക്കോട് കോർപറേഷൻ

കോഴിക്കോട്:    ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ് തീപിടിത്തത്തിന് പിന്നാലെ വിവാദത്തിലായ സോൺട ഇൻഫ്രാടെക് കമ്പനിക്ക് ഞെളിയൻപറമ്പിലെ മാലിന്യ സംസ്കരണത്തിനുള്ള കരാർ സോൺട ഇൻഫ്രാടെകിന് നീട്ടി നൽകി കോഴിക്കോട് കോർപറേഷൻ. പ്രതിപക്ഷത്തിന്‍റെ കടുത്ത എതിർപ്പ് അവഗണിച്ചാണ് ഉപാധികളോടെ കരാർ ഒരു മാസത്തേക്ക് നീട്ടാൻ കൗൺസിൽ തീരുമാനിച്ചത്. ഒരു മാസത്തിനകം ബയോ മൈനിംഗും ബയോ ക്യാംപിംഗും പൂര്‍ത്തിയാക്കുമെന്ന കമ്പനിയുടെ ഉറപ്പിനെത്തുടര്‍ന്നാണ് ഈ തീരുമാനം.

ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണത്തിൽ സോൺടയുടെ ക്രമക്കേടുകൾ ഓന്നൊന്നായി പുറത്തുവരുന്നതിനിടെയാണ് 2022 നവംബറില്‍ അവസാനിച്ച കരാർ വീണ്ടും നീട്ടിനൽകാനുളള കോർപ്പറേഷന്‍ തീരുമാനം. കൊവിഡ് അടക്കമുളള പ്രതികൂല സാഹചര്യങ്ങളെത്തുടര്‍ന്നാണ് ഞെളിയന്‍പറമ്പിലെ മാലിന്യം പുറത്തെടുത്ത് വേര്‍തിരിക്കുന്ന ജോലി നീണ്ടു പോയതെന്നായിരുന്നു സോണ്‍ട കന്രപനിയുടെ വാദം. ഈ വാദം മുഖവിലക്കെടുത്താണ് കരാർ നീട്ടാനുള കൗണ്‍സില്‍ തീരുമാനം. ആദ്യ ഇനമായി സോൺട വന്നതോടെ അജണ്ട കീറിയെറിഞ്ഞായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

ഇതിനിടെ ഉപാധികളോടെ സോൺടയ്ക്ക് ഒരുമാസം കൂടി സമയം അനുവദിക്കാൻ കൗൺസിൽ തീരുമാനിച്ചു. 2019ലാണ് സോൺടയുമായി കോഴിക്കോട് കോർപ്പറേഷൻ കരാറിലേർപ്പെട്ടത്. നാല് തവണ നീട്ടിനൽകിയ കരാർ 2022 നവംബറിൽ അവസാനിച്ചു. ഇതുവരെ 40 ശതമാനം പോലും പൂർത്തിയാക്കാത്ത കമ്പനിക്കാണ് ബയോമൈനിങും ബയോ ക്യാപ്പിങ്ങും ഒരു മാസത്തിനകം തീർക്കാൻ കരാർ നീട്ടിയിരിക്കുന്നത്. ഇതിന് വീഴ്ചയുണ്ടായാൽ കൗൺസിൽ തീരുമാനിക്കുന്ന പിഴ കമ്പനി നൽകണമെന്നും കരാറിൽ ഉപാധികളുണ്ട്

അതിനിടെ, സോൺട കമ്പനിക്കും രാജ് കുമാർ പിള്ളയ്ക്കുമെതിരെ ജർമ്മൻ പൗരൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരാതി നൽകി. സോൺട കമ്പനിയിൽ നിക്ഷേപം നടത്തിയ ജർമ്മൻ പൗരൻ പാട്രിക്ക് ബൗവറാണ് പരാതി നൽകിയത്. ഇന്ത്യയിൽ നിക്ഷേപം നടത്തിയ താൻ ചതിക്കപ്പെട്ടുവെന്നാണ് അദ്ദേഹം പരാതിയിൽ ആരോപിച്ചിരിക്കുന്നത്.

രാജ്കുമാർ പിള്ള കേരളത്തിലെ രാഷ്ട്രീയ കുടുംബത്തിൽ നിന്നാണെന്നും അതിനാൽ നിക്ഷേപിച്ച പണം തിരികെ കിട്ടാൻ നാല് വർഷമായി താൻ കഷ്ടപ്പെടുകയാണെന്നും പാട്രിക് പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ശക്തമായ നടപടിയും തേടിയിട്ടുണ്ട്. വിഷയം ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപങ്ങൾക്ക് തിരിച്ചടിയാകുമെന്നും കത്തിൽ പറയുന്നു.

Back to top button
error: