ദില്ലി: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ സിപിഎം വനിത നേതാക്കൾക്കെതിരായ വിവാദ പരാമർശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരാതി. നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമനാണ് പരാതി നൽകിയത്. അടിയന്തരമായി ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരെ നടപടി വേണമെന്ന് ആവശ്യം. ജി 20ക്ക് ഇന്ത്യ അധ്യക്ഷത വഹിക്കുമ്പോൾ രാജ്യത്തിൻ്റെ പ്രതിച്ഛായ മോശമാക്കുന്ന പരാമർശമെന്നും വിമർശനം. അരുണ റോയി, ആനിരാജ എന്നിവർ ചേർന്നാണ് പരാതി നൽകിയത്.
ഇടത് വനിതാ നേതാക്കള്‍ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. ഐപിസി 509, 304 എ എന്നീ വകുപ്പുകൾ പ്രകാരമാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. സി എസ് സുജാത നൽകിയ പരാതിയിലാണ് പൊലീസ് നടപടി. തൃശ്ശൂരിൽ സ്ത്രീ ശക്തി സംഗമത്തോട് അനുബന്ധിച്ച് കെ സുരേന്ദ്രൻ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയാണ് വിവാദമായത്. ‘സിപിഎമ്മിലെ സ്ത്രീകൾ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി’ എന്നായിരുന്നു കെ സുരേന്ദ്രന്റെ വിവാദ പരാമര്‍ശം.
സുരേന്ദ്രന്റെ പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. സിപിഎം നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തു വന്നു. ഓരോരുത്തരുടെയും സംസ്കാരം അവരവർ പറയുന്ന വാക്കുകളിൽ കാണാൻ കഴിയുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അത് അവരുടെ നിലവാരമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കെ സുരേന്ദ്രന്റേത് ക്രിമിനല്‍ പരാമർശമെന്ന് ആനി രാജ വിമര്‍ശിച്ചു. സ്ത്രീയെ രണ്ടാംതര പൗരവയായി കാണുന്ന സംഘപരിവാർ സംഘടനകളില്‍ നിന്നുള്ളവർക്കെ ഇത്തരം മ്ലേച്ഛമായ പരാമർശം നടത്താൻ കഴിയു. പൊലീസ് സ്വമേധയ കേസ് എടുക്കണമെന്നും കേസ് കൊടുത്ത കോണ്‍ഗ്രസിന്റെ ഔദാര്യം ആവശ്യമില്ലെന്നും ആനി രാജ പറഞ്ഞു. വിഷയത്തില്‍ സിപിഎം നേതാക്കളുടെ മൃദു സമീപനത്തെ കുറിച്ച് അഭിപ്രായം പറയാനില്ലെന്നും ആനി രാജ വ്യക്തമാക്കി.