സ്ത്രീകളായാലും പുരുഷന്മാരായാലും ഒരുപോലെ നേരിടുന്നൊരു പ്രശ്‌നമാണ് മുടികൊഴിച്ചില്‍.മുടി കൊഴിഞ്ഞ് ഒടുവിൽ തലയോട്ടിയെല്ലാം തെളിഞ്ഞു കാണുന്ന അവസ്ഥയിൽ വരെ എത്താം.ചിലര്‍ക്ക് പ്രായമാകുന്തോറുമാണ് മുടി കൊഴിയുന്നതെങ്കിൽ മറ്റു ചിലര്‍ക്ക് പല അസുഖങ്ങള്‍ മൂലം മുടി കൊഴിഞ്ഞെന്നും വരാം. ഇതൊന്നും അല്ലാതെ മുടി കൊഴിയുന്നത് പലതരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകളും ഉണ്ടാക്കും.
ഉറങ്ങിയെണീറ്റാല്‍ തലയിണയില്‍ മുടി കാണപ്പെടുന്നുണ്ടെങ്കില്‍ അത് മുടികൊഴിച്ചിലാണ്.അതുപോലെ കുളി കഴിഞ്ഞാല്‍ ബാത്ത്‌റൂമിലും മുടി ചീകുമ്പോഴും തലമുടി തോര്‍ത്തുമ്പോഴേല്ലാം മുടി പൊട്ടിപ്പോകുന്നതും മുടി കൊഴിച്ചിലിന്റെ ലക്ഷണങ്ങളാണ്.
മുടികൊഴിച്ചിലിന് ഏറ്റവും നല്ലതാണ് കറ്റാര്‍വാഴ.ഇതിന്റെ നീരോ ജെല്ലോ തലയോട്ടിയിൽ നന്നായി മസാജ് ചെയ്യുന്നത് മുടി കൊഴിച്ചിൽ തടയുന്നതോടൊപ്പം മുടി വളരാനും സഹായിക്കുന്നു.
വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡ് തലമുടിയില്‍ നിന്നും പ്രോട്ടീന്‍ ശോഷിക്കുന്നത് തടഞ്ഞ് മുടിയെ നല്ല ആരോഗ്യത്തോടെ വളരുവാന്‍ സഹായിക്കുന്നുണ്ട്. ഇതിനായി മുടി കഴുകുന്നതിന് മുന്‍പോ ശേഷമോ വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്. രാത്രിയില്‍ തലയില്‍ വെളിച്ചെണ്ണ തേച്ച് കിടന്നതിനുശേഷം രാവിലെ കഴുകി കളയുന്നതും നല്ലതാണ്.
കുറച്ച് കറിവേപ്പില അരച്ച് പേസ്റ്റ് രൂപത്തിലാക്കി ഒരു മുട്ടയുടെ മഞ്ഞക്കരുവുമായി കലർത്തി തലയോട്ടിയിൽ പുരട്ടുക.15-20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.ഇത് മുടിയെ ആരോഗ്യത്തിന് ഏറെ നല്ലതാണ്
നിങ്ങൾ കഴിക്കുന്ന പോഷകാഹാരം മുടിയുടെ സംരക്ഷണത്തിലും ആരോഗ്യകരമായ വളർച്ചയിലും നിർണായക പങ്ക് വഹിക്കുന്നുണ്ട്. ചികിത്സയേക്കാളും പോഷകസമൃദ്ധമായ ഭക്ഷണക്രമം മുടികൊഴിച്ചില്‍ തടയാന്‍ വളരെ ഫലപ്രദമായ മാര്‍ഗങ്ങളിലൊന്നാണ്.
മുടികൊഴിച്ചിൽ തടയാൻ സഹായിക്കുന്ന പ്രോട്ടീന്റെ മികച്ച ഉറവിടമാണ് മുട്ട. പ്രോട്ടീനിന്റെ കുറവ് മുടി കൊഴിച്ചിലിനും മുടിയുടെ വളർച്ചാമുരടിപ്പിനും കാരണമാകും.വിറ്റാമിൻ ബി,സിങ്ക്, സെലിനിയം എന്നിവയാൽ സമ്പന്നമായ മുട്ട മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നു.
ചീര പതിവായി കഴിക്കുന്നത് മുടി വളർച്ചയെയും കൂട്ടും. ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമായതിനാൽ ചീര തലയോട്ടിയിലെ കെരാറ്റിൻ, കൊളാജൻ എന്നിവയുടെ അളവ് വർധിപ്പിച്ച് മുടി വളർച്ചയെ ത്വരിതപ്പെടുത്തുന്നു. മുടികൊഴിച്ചിൽ തടയാൻ ചീര ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
കാരറ്റിൽ വിറ്റാമിൻ എ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു. കൂടാതെ, കാരറ്റിൽ ഫൈബർ, ഫോസ്ഫറസ്, പൊട്ടാസ്യം, വിറ്റാമിനുകൾ ബി, സി, കെ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുന്നു.
കഴിക്കുന്ന ആഹാരം വേണ്ടവിധത്തിൽ ദഹിച്ച് ആഗിരണം ചെയ്യുക വഴി ശരീരകോശങ്ങൾക്ക് ആവശ്യമായ പോഷകം ലഭിക്കുന്നു,അങ്ങനെ സംഭവിക്കുന്ന സമഗ്രമായ ഒരു ആരോഗ്യവ്യവസ്ഥിതിയുടെ പ്രതിഫലനമാണ് ആരോഗ്യമുള്ള മുടിയും. അതുകൊണ്ടുതന്നെ തലമുടി ധാരാളം പോകുന്നത് അനാരോഗ്യത്തിന്റെ ലക്ഷണം കൂടിയാണ്.
തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ, മറ്റ് ഹോർമോൺ വ്യതിയാനങ്ങൾ, മാനസികപിരിമുറുക്കം, തലയിലുള്ള താരൻ ,ചില മരുന്നുകളുടെ ഉപയോഗം എന്നിങ്ങനെ പലതും മുടികൊഴിച്ചിലിന് കാരണമായേക്കാം.ദഹനവ്യവസ്ഥ തകരാറായവരിലും അമിതമായ രക്തസ്രാവം ഉളളവരിലും മുടികൊഴിച്ചിലുണ്ടാകാം.അതിനാൽ അ വനവന്റെ ദഹനശേഷി മെച്ചപ്പെടുത്തുക എന്നതാണ് ഇവിടെ ചെയ്യാനുള്ളത്.
ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, പാൽ, മോര്, നെല്ലിയ്ക്കാ, ഇലക്കറികൾ, ഏത്തയ്ക്കാ തുടങ്ങിയവ ഭക്ഷണത്തിൽ അധികമായി ഉൾപ്പെടുത്തുക.എള്ളിന്റെ ഉപയോഗവും പ്രയോജനപ്രദമാണ്.പട്ടിണി കിടക്കുക, ആഹാരം അമിതമായി നിയന്ത്രിക്കുക എന്നീ കാര്യങ്ങൾ ഒഴിവാക്കണം.ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ശീലമാക്കുക. വറുത്തതും പൊരിച്ചതും ഒഴിവാക്കാം. കട്ടൻചായ, കട്ടൻകാപ്പി തുടങ്ങിയവയുടെ അമിതോപയോഗവും ഒഴിവാക്കുക.