LocalNEWS

പയ്യന്നൂർ പഞ്ചമി ജ്വല്ലറി കവർച്ച, അന്തർ സംസ്ഥാന സംഘത്തിലെ യുവാവ് അറസ്റ്റിൽ

   പയ്യന്നൂർ  ടൗണിലെ പഞ്ചമി ജ്വല്ലറിയുടെ നിരീക്ഷണ ക്യാമറയ്ക്കും മുൻവശത്തെ ലൈറ്റിനും പച്ച സ്പ്രേ പെയിൻ്റടിച്ച ശേഷം ഷട്ടറിൻ്റെ പൂട്ട് ഗ്യാസ്കട്ടർ ഉപയോഗിച്ച് മുറിച്ച് ഒന്നര ലക്ഷം രൂപ വിലവരുന്ന വെളളി ആഭരണങ്ങളും പണവും മോഷ്ടിച്ച അന്തർ സംസ്ഥാന കവർച്ചാ സംഘത്തിലെ യുവാവ് തമിഴ്നാട്ടിൽ പൊലീസ് പിടിയിലായി.

തമിഴ്നാട് തഞ്ചാവൂർപാപനാശം സ്വദേശി ജഗബർ സാദിഖിനെ(40)യാണ് പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പയ്യന്നൂരിൽ മോഷണം നടത്തിയ പ്രതി മറ്റൊരു മോഷണ കേസിൽ തമിഴ്നാട് പൊലീസിൻ്റെ പിടിയിലായി ജയിലിൽ കഴിയുകയായിരുന്നു. പ്രതിയെ തമിഴ്നാട്  പൊലീസ് കസ്റ്റടിയിലെടുത്ത വിവരമറിഞ്ഞ പയ്യന്നൂർ പൊലീസ് കോടതിയിൽ നിന്ന് പ്രൊഡക്ഷൻ വാറൻ്റുമായി തമിഴ്നാട്ടിലെ ജയിലിൽ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്ത് പയ്യന്നൂരിലെത്തിക്കുകയായിരുന്നു.

തുടർന്ന് പൊലീസ് പയ്യന്നൂർ ടൗണിലെ പഞ്ചമി ജ്വല്ലറിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പൂട്ട് തകർക്കാൻ ഉപയോഗിച്ച ഗ്യാസ് കട്ടർ പുതിയ ബസ് സ്റ്റാൻ്റിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് പ്രതി കാണിച്ചു കൊടുത്തു. കൂട്ടുപ്രതി പുതുക്കോട്ട സ്വദേശി കൺമണിയെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഇക്കഴിഞ്ഞ മാർച്ച് ഏഴിന് പുലർച്ചെ 1.13നാണ് പയ്യന്നൂർ ടെമ്പിൾ റോഡിൽ താമസിക്കുന്ന ഗംഗോത്രിയിൽ അശ്വിൻ്റെ സെൻട്രൽ ബസാറിൽ പ്രവർത്തിക്കുന്ന പഞ്ചമി ജ്വല്ലേഴ്സിൽ കവർച്ച നടന്നത്.

ഒന്നര ലക്ഷം രൂപയുടെ വെള്ളി ആഭരണങ്ങളും മേശവലിപ്പിൽ സൂക്ഷിച്ച രണ്ടായിരം രൂപയുമാണ് കവർന്നത്. സ്വർണ്ണാഭരങ്ങൾ സൂക്ഷിച്ച ലോക്കർ തകർക്കാൻ രണ്ടു തവണ മോഷ്ടാവ് ശ്രമം നടത്തിയെങ്കിലും അലാറം മുഴങ്ങിയതിനാൽ പിൻമാറുകയായിരുന്നു. സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറയിൽ നിന്ന് ലഭിച്ച മോഷ്ടാവിൻ്റെ ദൃശ്യമാണ് അന്തർ സംസ്ഥാന കവർച്ച സംഘത്തിലേക്ക് അന്വേഷണമെത്തിയത്

പയ്യന്നൂരിൽ മാസങ്ങൾക്ക് മുമ്പ് നടന്ന സൂപ്പർ മാർക്കറ്റിലെയും പെരുമ്പയിലെ സ്റ്റുഡിയോ കവർച്ചക്കും പിന്നിൽ ഈ സംഘമാണോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: