ഇന്നസന്റ് അവസാനമായി വിശ്രമിക്കുന്നത് പ്രിയ ചങ്ങാതിക്കടുത്ത്.സെന്റ് തോമസ് കത്തീഡ്രലിലെ സെമിത്തേരിയിൽ ഇന്നസന്റിനായി കല്ലറ ഒരുക്കിയത് പഴയകാല നാടക പ്രവർത്തകനും സുഹൃത്തുമായ ലാസർ മാമ്പിള്ളിയുടെ കല്ലറയ്ക്കു തൊട്ടടുത്തു തന്നെയാണ്.
ടിംജി. രവിയുടെയും രാജൻ പി.ദേവിന്റെയും ട്രൂപ്പുകളിൽ സജീവമായിരുന്നു ലാസർ മാമ്പിള്ളി. നാടകങ്ങളുടെ റിഹേഴ്സൽ കാണാൻ സമയം കിട്ടുമ്പോഴൊക്കെ ഇന്നസന്റ് എത്തുമായിരുന്നു. മണിക്കൂറുകളോളം കണ്ട് നിർദേശങ്ങളും പങ്കിട്ടാണ് മടങ്ങിയിരുന്നത്.
കഴിഞ്ഞ വർഷം മാർച്ച് 17നാണു ലാസർ മരിച്ചത്.അസുഖ ബാധിതനായി കിടന്നപ്പോൾ ലാസറിനെ കാണാൻ എത്തിയ ഇന്നസന്റ് പതിവുപോലെ കുറെ തമാശ പറഞ്ഞ് ചിരിപ്പിച്ചാണു മടങ്ങിയത്. മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കാനെത്തിയിരുന്നു.കഴി ഞ്ഞയാഴ്ച ആയിരുന്നു ലാസറിന്റെ ചരമ വാർഷികം.ഇപ്പോഴിതാ വീണ്ടും ലാസറിനടുത്തേക്ക് എത്തുകയാണ് ഇന്നസെന്റ്…