KeralaNEWS

ഇന്നസെന്റിന്റെ ശവസംസ്കാരം ഇന്ന് വൈകിട്ട്

ഇരിങ്ങാലക്കുട: മുൻ എംപിയും മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യതാരങ്ങളിൽ ഒരാളുമായിരുന്ന  ഇന്നസെന്റിന്റെ ഭൗതിക ശരീരം രാവിലെ എട്ട് മുതൽ 11 വരെ എറണാകുളം കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും ഉച്ചയ്ക്ക് ഒരുമണി മുതൽ 3.30 വരെ ഇരിങ്ങാലക്കുട മുൻസിപ്പൽ ടൗൺഹാളിലും പൊതു ദർശനത്തിന് വയ്ക്കും.തുടർന്ന് സ്വവസതിയിലെ ശുശ്രൂഷകൾക്ക് ശേഷം വൈകിട്ട് അഞ്ചുമണിയ്ക്ക് സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.

 

ഞായറാഴ്ച്ച രാത്രി 10.30 ഓടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.രണ്ടാഴ്ചയിലധികമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്നാണ് നില മോശമായത്.75 വയസ്സായിരുന്നു.

 

 

വിശേഷമായ ശരീരഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളായിരുന്നു. സത്യൻ അന്തിക്കാട്, ഫാസിൽ, പ്രിയദർശൻ, സിദ്ദിഖ്-ലാൽ സിനിമകളിലെ ഇന്നസെന്റിന്റെ കഥാപാത്രങ്ങൾ എക്കാലവും മലയാളികൾ ഓർത്തിരിക്കുന്നവയാണ്.അറുനൂറിലധികം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഇന്നസെന്റ് 2014 മേയിൽ നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

Back to top button
error: