കോട്ടയം:എംപി സ്ഥാനത്തു നിന്നും രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കോട്ടയം ഡിസിസി സംഘടിപ്പിച്ച സമരം ഉച്ചയ്ക്ക് അവസാനിപ്പിച്ച് വി ടി ബൽറാമും നാട്ടകം സുരേഷും ഉൾപ്പെടെയുള്ള നേതാക്കൾ ബിരിയാണി കഴിക്കുന്ന വീഡിയോ വൈറലാകുന്നു.
രാവിലെ 10 മുതൽ വൈകീട്ട് 5 വരെയായിരുന്നു ഉപവാസം.എന്നാൽ ഉച്ചയോടെ സമരം അവസാനിപ്പിച്ച് നേതാക്കൾ പിരിയുകയായിരുന്നു.കോട്ടയത്ത് ഉപവാസസമരം ഉത്ഘാടനം ചെയ്തത് വി ടി ബൽറാമായിരുന്നു.കാലത്ത് ഉപവാസം ഇരുന്ന ശേഷം വൈകുന്നേരം വരെ കാത്തുനിൽക്കാതെ വി ടി ബൽറാമും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷും ഉൾപ്പടെയുള്ള നേതാക്കൾ ഉച്ചയോടെ അടുത്തുള്ള ഹോട്ടലിൽ ബിരിയാണി കഴിക്കാൻ കയറുകയായിരുന്നു.ഇതിന്റെ വീഡിയോ മറ്റൊരു യൂത്ത് കോൺഗ്രസ് നേതാവ് സ്റ്റാറ്റസ് ഇടുകയും ചെയ്തു.ഇതോടെയാണ് വീഡിയോ വൈറലായത്.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് എല്ലാ ഡിസിസികളിലും ഉപവാസസമരം നടത്താൻ കെപിസിസിയുടെ നിർദേശമുണ്ടായിരുന്നു. അതാത് ജില്ലകളിലെ കെപിസിസി ഭാരവാഹികൾ, നേതാക്കന്മാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കണമെന്ന് നിർദ്ദേശവുമുണ്ടായിരുന്നു.