ഇടുക്കി: ഇടുക്കി കാഞ്ചിയാറിലെ പ്രീ പ്രൈമറി സ്കൂൾ അധ്യാപികയായ വത്സമ്മയെ (അനുമോൾ-27) കൊലപ്പെടുത്തി മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച കേസിലെ പ്രതിയായ ഭർത്താവ് ബിജേഷ് ഏറെ ദിവസത്തെ ഒളിജീവിതത്തിന് ശേഷം പിടിയിലായത് വനമേഖലയിൽ നിന്ന്. തമിഴ്നാട് വനമേഖല അതിർത്തിയിൽ നിന്നാണ് ബിജേഷ് പിടിയിലായത്. ബിജേഷിനെ പിടികൂടാൻ കേരളത്തിലും തമിഴ്നാട്ടിലും പൊലീസ് വലവിരിച്ചു. തമിഴ്നാട്ടിലേക്ക് കടന്നിട്ടുണ്ടാകാമെന്ന കണക്കൂകൂട്ടലിൽ തമിഴ്നാട് പൊലീസിന്റെ സഹായവും കേരള പൊലീസ് തേടിയിരുന്നു. അനുമോളുടെ ഫോൺ ബിജേഷ് 5000 രൂപക്ക് വിറ്റതാണ് കേസിലെ വഴിത്തിരിവായത്. അനുമോളുടെ മൊബൈൽ ഫോൺ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ മറ്റൊരാളുടെ കൈവശമുണ്ടെന്ന് കണ്ടെത്തി.
കാഞ്ചിയാർ വെങ്ങാലൂർക്കട സ്വദേശിയായ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഭർത്താവ് ബിജേഷിൻറെ കൈയ്യിൽ നിന്നും ഫോൺ വിലയ്ക്ക് വാങ്ങിയതാണെന്ന് വ്യക്തമായത്. ബിജേഷിന്റെ മൊബൈൽ ഉപേക്ഷിച്ച നിലയിൽ കുമളിയിൽ നിന്നും കണ്ടെത്തിയിരുന്നു. ബിജേഷ് ഫോൺ ഉപേക്ഷിച്ചത് പൊലീസിന് തലവേദനയായി. ടവർ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തിൽ ബിജേഷ് ഫോൺ ഉപയോഗിക്കാത്തത് വിലങ്ങുതടിയായി. എന്നാൽ, ബിജേഷ് ഫോൺ ഉപേക്ഷിച്ചത് വനമേഖലക്ക് സമീപമായതിനാൽ ബിജേഷ് പരിസരത്തുണ്ടാകുമെന്ന പൊലീസിന്റെ നിഗമനം ശരിയായി. അനുമോളുടെ ഫോൺ വിറ്റ പണമാണ് ഒളിവിൽ കഴിയാൻ ബിജേഷ് ഉപയോഗിച്ചത്.
കഴിഞ്ഞ 21ന് വൈകിട്ടാണ് കാഞ്ചിയാർ സ്വദേശിയും പ്രീപ്രൈമറി അധ്യാപികയുമായ അനുമോളെ വീട്ടിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുറിയിലെ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ടായിരുന്നു. സംഭവത്തിനു പിന്നാലെ ഭർത്താവ് ബിജേഷിനെ കാണാതാകുകയും ചെയ്തു.
അനുമോൾ ഭർത്താവിൽ നിന്ന് നിരന്തരം ഗാർഹിക പീഡനം നേരിട്ടെന്നാണ് വിവരം. തന്നെ ഭർത്താവ് പീഡിപ്പിക്കുന്നെന്ന് ചൂണ്ടിക്കാണിച്ച് മസ്‌കറ്റിലെ പിതൃസഹോദരിക്ക് സന്ദേശം അയച്ചിരുന്നു. മദ്യപിച്ചെത്തിയ ഭർത്താവ് മോശമായ രീതിയിൽ സംസാരിക്കുന്നതെന്നായിരുന്നു സന്ദേശം. എവിടെയെങ്കിലും പോയി പണി ചെയ്തു ജീവിക്കാനുള്ള കഴിവ് തനിക്കുണ്ട്. തന്റെ വീട്ടിലേക്ക് പോകണമെന്നൊന്നുമില്ല. ഏതെങ്കിലും മഠത്തിലെങ്കിലും പോയി നിൽക്കാൻ കഴിയുമല്ലോ. ഇതു ജീവിക്കാനും മരിക്കാനും വിടാത്ത സാഹചര്യമാണെന്നും ജീവിതം മടുത്തുവെന്നും സന്ദേശത്തിലുണ്ടായിരുന്നു.