Fiction

ആത്മവിശ്വാസം അണഞ്ഞുപോകരുത്, പ്രതിസന്ധികളെ തീർച്ചയായും തരണം ചെയ്യാനാവും

വെളിച്ചം

വേട്ടക്കാരന്‍ കാട്ടിലൂടെ നടക്കുമ്പോള്‍ ഒരു കിളിയുടെ കരച്ചില്‍ കേട്ടു. ദൂരെയുളള മരക്കൊമ്പിലെ കൂടിനരികെ ഇരുന്ന് ഒരു അമ്മക്കിളി കരയുന്നു. കൂടിനെ ലക്ഷ്യമാക്കി ഒരു പാമ്പ് ഇഴഞ്ഞ് വരുന്നത് കണ്ടാണ് അമ്മക്കിളി കരയുന്നത്. ആ കൂട്ടില്‍ അമ്മക്കിളിയുടെ കുഞ്ഞുങ്ങളുണ്ട്. അത് സഹായത്തിനായി ചുറ്റുപാടും നോക്കുന്നുണ്ട്. വേട്ടക്കാരന് വേണമെങ്കില്‍ ആ പാമ്പിനെ ഓടിച്ച് ആ കുഞ്ഞുങ്ങളെ രക്ഷിക്കാവുന്നതേയുള്ളൂ. എന്നാൽ അയാള്‍ അതു ചെയ്തില്ല. സ്വാഭാവിക പരിണാമത്തിനായി വേട്ടക്കാരൻ കാത്തു നിന്നു. അയാള്‍ നോക്കിനില്‍ക്കെ അമ്മക്കിളി എവിടേക്കോ പറന്നുപോയി. അല്പ നേരത്തേക്ക് ആ കിളിയെ കാണാന്‍ കഴിഞ്ഞില്ല. പാമ്പ് കൂടിനടുത്ത് എത്താറായി. അപ്പോള്‍ ചുണ്ടില്‍ രണ്ടുമൂന്ന് ഇലകളുമായി അമ്മക്കിളി എത്തി. അവള്‍ ആ ഇലകള്‍ കുഞ്ഞുങ്ങളുടെ മീതെ ഇട്ടു. കുഞ്ഞുങ്ങളെ വിഴുങ്ങാനായി കൂട്ടില്‍ തലയിട്ടപാമ്പ് പെട്ടെന്ന് തന്നെ തിരിച്ച് ഇറങ്ങിപ്പോകുന്നത് വേട്ടക്കാരന്‍ കണ്ടു. വേട്ടക്കാരന്‍ ഈ വിവരം ആ കാട്ടില്‍ താമസിക്കുന്ന ഒരാളെ അറിയിച്ചപ്പോള്‍ അയാള്‍പറഞ്ഞു: ‘പാമ്പിന് ആ ഇലകളുടെ മണം ഇഷ്ടമല്ല. കൂട്ടിലേക്ക് തലയിട്ടപ്പോള്‍ ആ ഇലയുടെ മണം വന്നതുകൊണ്ടാണ് പാമ്പ് തിരിച്ചുപോയത്.’

പ്രതിസന്ധികള്‍ ധാരാളം നമ്മുടെ ജീവിതത്തിലും കടന്നുവരും. പലപ്പോഴും നമ്മെ സഹായിക്കാന്‍ കഴിയുന്നവര്‍ പോലും സ്വാഭാവിക പരിണാമത്തിനായി കാത്തുനില്‍ക്കും. സഹായിക്കുമെന്ന് നാം കരുതുന്ന പലവാതിലുകളും നമുക്ക് മുന്നില്‍ അടഞ്ഞാലും അണയാന്‍ പാടില്ലാത്ത ഒന്നുണ്ട് നമ്മുടെ ഉള്ളില്‍. നമുക്ക് നമ്മോടുള്ള വിശ്വാസം. ആ വിശ്വാസമുണ്ടെങ്കില്‍ ഉറപ്പായും പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് ഒരു വഴി നമുക്ക് മുന്നില്‍ തുറക്കുക തന്നെ ചെയ്യും. ആ വഴിക്കായി നാം പ്രതീക്ഷയോടെ പരിശ്രമിക്കുക, കാത്തിരിക്കുക.

ശുഭദിനം ആശംസിക്കുന്നു

സൂര്യനാരായണൻ
ചിത്രം: നിപു കുമാർ

Back to top button
error: