NEWSPravasi

ദുബൈയിൽനിന്നുള്ള വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കി; രണ്ട് പ്രവാസികൾ അറസ്റ്റിൽ

മുബൈ: ദുബൈയിൽ നിന്നുള്ള വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ രണ്ട് പ്രവാസികൾ അറസ്റ്റിലായി. ദുബൈയിൽ ജോലി ചെയ്യുന്ന രണ്ട് മുബൈ സ്വദേശികളാണ് ജീവനക്കാരെയും സഹയാത്രികരെയും അസഭ്യം പറയുകയും വിമാനത്തിനകത്ത് ബഹളമുണ്ടാക്കുകയും ചെയ്‍തത്. പല തവണ ജീവനക്കാർ മുന്നറിയിപ്പ് നൽകിയെങ്കിലും ഇവർ വകവെച്ചില്ലെന്ന് വിമാനക്കമ്പനി അറിയിച്ച.

കഴിഞ്ഞ ദിവസം ദുബൈയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ഇന്റിഗോ എയർലൈൻസിന്റെ 6E 1088 വിമാനത്തിലായിരുന്നു സംഭവം. ദുബൈയിൽ ജോലി ചെയ്യുന്ന ഇരുവരും ഒരു വർഷത്തിന് ശേഷം അവധിക്ക് നാട്ടിലേക്കുള്ള യാത്രയിലായിരുന്നു. ഇതിനിടെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് വാങ്ങിയ മദ്യം വിമാനത്തിൽ വെച്ച് കഴിച്ച ശേഷമാണ് ബഹളമുണ്ടാക്കിയത്. സഹയാത്രികർ ചോദ്യം ചെയ്‍തപ്പോൾ അവരെ അസഭ്യം പറഞ്ഞു. ഇവരെ അടക്കിയിരുത്താൻ ശ്രമിച്ച ജീവനക്കാരെയും അസഭ്യം പറഞ്ഞു. ഒരാൾ വിമാനത്തിൽ അങ്ങോട്ടുമിങ്ങോട്ടും അലക്ഷ്യമായി നടന്നു. പിന്നീട് ജീവനക്കാർ ഇവരുടെ കൈവശമുണ്ടായിരുന്ന മദ്യക്കുപ്പികൾ എടുത്തുമാറ്റുകയായിരുന്നു.

Signature-ad

ജീവനക്കാർ പലതവണ മുന്നിറിയിപ്പ് നൽകിയിട്ടും ഇവർ മദ്യപാനവും അസഭ്യവർഷവും തുടർന്നുവെന്ന് ഇന്റിഗോ അറിയിച്ചു. വിമാനം മുംബൈയിൽ ലാന്റ് ചെയ്‍തപ്പോൾ ചട്ടമനുസരിച്ച് രണ്ട് പേരെയും ജീവനക്കാർ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ‍ക്ക് കൈമാറി. ഇന്റിഗോ അധികൃതർ പിന്നീട് പൊലീസിൽ പരാതി നൽകിയത് പ്രകാരം ഇവരെ അറസ്റ്റ് ചെയ്‍തു. ഐപിസി 336 പ്രകാരം മറ്റുള്ളവരുടെ സുരക്ഷ അപകടത്തിലാക്കുന്ന പ്രവൃത്തികളിൽ ഏർപ്പെട്ടതിനും എയർക്രാഫ്റ്റ് റൂൾസ് 21, 22, 25 വകുപ്പുകൾ പ്രകാരവുമാണ് മുംബൈയിൽ സഹർ പൊലീസ് കേസ് രജിസ്റ്റർ ചെയ്‍തത്.

Back to top button
error: