IndiaNEWS

അമൃത്പാൽ സിം​ഗിനായി അന്വേഷണം; കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചേക്കും

പഞ്ചാബ്: ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിം​ഗിനായി ആറാം ദിവസവും തെരച്ചിൽ തുടർന്ന് പഞ്ചാബ് പൊലീസ്. അന്വേഷണം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചേക്കും. രാജ്യം വിടാതിരിക്കാൻ അതിർത്തികളിൽ കർശന നിരീക്ഷണം. അഞ്ച് വാഹനങ്ങളിലായിട്ടാണ് ഇയാൾ രക്ഷപ്പെട്ടതെന്ന് പഞ്ചാബ് പൊലീസ് വെളിപ്പെടുത്തൽ നടത്തിയിരുന്നു.
എന്തായാലും കോടതിയില്‍ നിന്നടക്കുള്ള വിമർശനം നിലനില്‍ക്കേ അമൃത്പാലിനായുള്ള തെരച്ചില്‍ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. അമൃത്പാലിന്‍റെ അമ്മയേയും ഭാര്യയെയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ഇയാള്‍ മഹാരാഷ്ട്രയിലേക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്നതിനാല്‍ അവിടെയും പൊലീസ് കർശന ജാഗ്രത പുലർത്തുന്നുണ്ട്. നന്ദേഡ് അടക്കമുള്ള ജില്ലകളിലാണ് വലിയ നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്.  മഹാരാഷ്ട്ര പൊലീസിനൊപ്പം ഭീകരവിരുദ്ധ സേനയും തെരച്ചില്‍ നടത്തുന്നുണ്ട്.
അതേ സമയം, അമൃത്പാൽ സിങ്ങിനെ വീട്ടിലൊളിപ്പിച്ച് താമസിപ്പിച്ചു എന്ന് ആരോപിച്ചു ഹരിയാനയിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അമൃത്പാലിനെയും സഹായി പാൽപ്രീത് സിങ്ങിനെയും ഒളിച്ചുകഴിയാൻ സഹായിച്ചതിന് ബൽജിത് കൗറിനെയാണ് അറസ്റ്റ് ചെയ്തത്. അമൃത്പാൽ പഞ്ചാബിലേക്ക് കടന്നിരിക്കാമെന്നാണ് പൊലീസ് ഉറച്ചുവിശ്വസിക്കുന്നത്.
ജലന്ധറിലൂടെ അറുപത് കിലോമീറ്റർ അഞ്ച് വാഹനം മാറി മാറി ഉപയോഗിച്ചാണ് അമൃത്പാല്‍ രക്ഷപ്പെട്ടതെന്നാണ് പഞ്ചാബ് പൊലീസ് പറയുന്നത്. ആദ്യം മേഴ്സിഡസ് ബെന്‍സില്‍ ജല്ലുപ്പൂർഖേരയില്‍ നിന്ന് പുറപ്പെട്ട അമൃത്പാല്‍ പിന്നീട് ബ്രസ്സ കാറിലേക്ക് മാറി. ഷാകോട്ടിലെ ചാക്ക് ബെഹ്മാനിയാന്‍ ടോള്‍ പ്ലാസയിലൂടെ അമൃത്പാൽ ബ്രസ്സ വാഹനത്തില്‍ സ‌ഞ്ചരിക്കുന്ന ദൃശ്യം നേരത്തെ പുറത്ത് വന്നിരുന്നു.

Back to top button
error: